Tuesday, August 2, 2016

                                                     തണല്‍മരം

                 ദുഃഖ ത്തിന്റെ കാര്‍മേഘങ്ങള്‍ മൂടിയ മുഖവുമായി മധ്യവയസ്കയായ സാറ ആപ്പിസിന്‍റെ വരാന്തയിലിരിക്കുന്നു.
അഭിലാഷ്:-(മുഖത്ത് ചെറിയൊരു ചിരിയോടെ ) എന്താ ഇന്നും നീലന്‍ ചേട്ടനുമായി പിണങ്ങിയാണോ വന്നത്... ഏ..?
ആ ഒരൊറ്റ ചോദ്യം വിതുമ്മി നിന്ന കാര്‍മേഘങ്ങളെ പെയ്യിപ്പിച്ചു.
സാറ (ഗദ്ഗദത്തോടെ ) :- പോയി മോനെ......എന്‍റെ എല്ലാം .......... പോയി......
അനാവശ്യ ചോദ്യത്തിന്‍റെ വീര്‍പ്പുമുട്ടലോടെ അഭിലാഷ് ആപ്പിസിനുള്ളി ലേക്ക് പോയി. പെയ്തൊഴിഞ്ഞ ദുഃഖത്തിന്‍റെ തുള്ളികള്‍ അവിടവിടെയായി അഭിലാഷിലും കാണാമായിരുന്നു.
ആരെയും കോരിത്തരിപ്പിക്കുന്ന ശരീര ഭാഷയുള്ള സാറ ചേടത്തി ആപ്പീസ് മുറികള്‍ തൂത്തുവാരിക്കൊണ്ടിരുന്നു.അവരുടെ അടുത്തു കൂടി അഭിലാഷ് പുറത്തേയ്ക്ക് പോയി . സാറ ചേടത്തിയ്ക്ക് തന്‍റെ ജോലി ചെയ്യാന്‍ പോലും പറ്റാത്ത തരത്തില്‍ ദുഃഖം അവരെ കൂടുതല്‍ കൂടുതല്‍ വരിഞ്ഞു മുറുക്കിയിരിക്കുന്നു. നീലന്‍ ചേട്ടന്റെ മരണം അവരില്‍ ഉളവാക്കിയ മാറ്റം അതിശയം ജനിപ്പിക്കുന്നു.ഒരു വിധം തന്‍റെ ജോലി ചെയ്തു എന്ന് വരുത്തിയ ശേഷം സാറ എപ്പോഴും ഇരിക്കാറുള്ള മാവിന്‍ ചുവട്ടിലേക്ക് ഉരുണ്ടു നീങ്ങി. മുട്ടിനു മുകളിലേയ്ക്ക് തിരുകിവെച്ച സാരി അഴിച്ചിടാതെ ഏതോ യന്ത്രത്തെപ്പോലെ അവര്‍ ഇരുണ്ട പച്ചപ്പിനു താഴെ മറ്റൊരു ഇരുളായി ഇരുന്നു.
നീലന്‍ ചേട്ടന്‍റെ ഭാര്യക്ക് ഇഷ്ടപ്പെടാത്തതുകൊണ്ട് രാവിലെ മുതല്‍ ഫ്ലാറ്റിനു താഴെ കാത്തു നില്‍ക്കുകയാണ് സാറ. എന്തിനാ ഞാനായിട്ട് വെറുതെ ...രാവിലെ തന്നെ അവര്‍ക്കിടയില്‍ വഴക്കുണ്ടാക്കുന്ന ഒരു കാരണമായി തീരുന്നത്. നീലന്‍ ചേട്ടന്‍ താഴേയ്ക്ക് വരുന്നത് വരെ ഇവിടെ കാത്തിരിക്കാം.. ആ കാത്തിരിപ്പിന്റെ ദൈര്‍ഘ്യം കൂടിയതല്ലാതെ മറ്റൊന്നും സംഭവിച്ചില്ല. മനസ്സില്ലാമനസ്സോടെ മുകളിലേയ്ക്കുള്ള പടവുകള്‍ മിനിറ്റ് സൂചിയെപ്പോലെ സാറ കയറാന്‍ തുടങ്ങി. പണയം വെച്ച എന്‍റെ മാലയും കുട്ടികള്‍ക്കുള്ള തുണികളും നീലന്‍ ചേട്ടന്‍ ഇന്ന് എടുത്തു തരാമെന്ന് പറഞ്ഞതാണ് . സെക്കന്റ് സൂചി പോലെ മണിക്കൂര്‍ സൂചി പലവട്ടം കറങ്ങി. ഇനി എപ്പോഴാണ് ഇതൊക്കെ....ചിന്തകളുടെ വരിതെറ്റാതെയുള്ള സഞ്ചാരത്തിനൊടുവില്‍ സാറ നീലന്‍ ചേട്ടന്‍റെ മുറിക്ക് മുന്നില്‍ എത്തി.തുറന്നിട്ടിരിക്കുന്ന മുറി കഴുകി വൃത്തിയാക്കുന്ന സ്ത്രീയോട് മനസില്ലാമനസോടെ സാറ ചോദിച്ചു- നീലന്‍ ചേട്ടന്‍ ?
സ്ത്രീ :- അങ്ങേര് ചത്തു പോയല്ലോ.. അങ്ങേരുടെ സഞ്ചയനാന്ന്‍.
മ്ലാനമായ മുഖത്തോടും ഹൃദയ ഭാരത്തോടും കൂടിയാണ് അഭിലാഷ് വീട്ടിലേക്ക് പോയത്. യാത്രയിലുടനീളം സാറ അഭിലാഷിനെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു.
തന്‍റെ പുതിയ ആപ്പിസിലേക്ക് അഭിലാഷ് നേരത്തെ തന്നെ എത്തി. സ്ഥലത്തിന്‍റെ പരിചയമില്ലായ്മയും പുതിയ അന്തരീക്ഷത്തിന്റെ ശ്വാസം മുട്ടലും അവനില്‍ കാണാം. പാര്‍ട്ട് ടൈം സ്വീപേഴ്സ് ഉള്ളതിനാല്‍ രാവിലെ തന്നെ ആപ്പീസ് തുറന്നിരുന്നു.വശ്യമായ ശരീര ഭാഷയോട് കൂടിയ ഒരു സ്ത്രീ കുനിഞ്ഞു നിന്ന് തൂക്കുന്ന ദൃശ്യമാണ് അഭിലാഷിനെ വരവേറ്റത്.. ഉടുത്തിരിക്കുന്ന സാരി മുട്ടിനുമേലെ എടുത്തു കുത്തിയിരിന്നു.അപരിചിതനെ കണ്ട മുഖ ഭാവത്തോടെ കുറെ നേരം നോക്കിയിട്ട് മനസില്ലാ മനസോടെ അവര്‍ ചോദിച്ചു ...."ആരാ ??? ആപ്പിസറന്മാര്‍ വരുമ്പോള്‍ 10മണി കഴിയും".
അവരുടെ നില്‍പ്പും മട്ടും ഭാവവും ഒന്നും എനിക്ക് തീരെ രസിച്ചില്ല .ആ അനിഷ്ടത്തോടെ തന്നെ ഞാന്‍ പറഞ്ഞു - ഇവിടെ പുതുതായി ജോയിന്‍ ചെയ്യാന്‍ വന്നതാ.
മറ്റു ചോദ്യങ്ങളും കുശലങ്ങളും ചോദിക്കുന്നതിനു മുന്നേ ഞാന്‍ അവിടെ നിന്നുമിറങ്ങി..
ദിവസങ്ങള്‍ കഴിയുംതോറും നീരസം വളരെ നല്ല അടുപ്പത്തിലേയ്ക്ക് മാറി. സാറയ്ക്ക് തന്‍റെ മനസ് തുറക്കാനും മറ്റുമുള്ള ഒരാളായി ഞാന്‍ മാറി. ഏത് വൈകാരിക പദത്തിനാണ് അവര്‍ക്ക് എന്നോടുള്ള അടുപ്പത്തിന്റെ ആഴം മനസ്സിലാക്കിത്തരാന്‍ പറ്റുകയെന്നത് എനിക്കറിയില്ല.
നീലന്‍ ചേട്ടനും സാറയും ഒരുമിച്ച് വരുന്നത് കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു - ഭാര്യയും ഭര്‍ത്താവും ഒരുമിച്ചാണല്ലോ ?
സാറ:- അയ്യോ...മോനെ അതെന്‍റെ കെട്ടിയോനൊന്നുവല്ല..
പിന്നെന്താപ്പാ .....കാമുകി കാമുകന്മാരോ ഞാന്‍ കളിയാക്കി ചോദിച്ചു.
പുറമേ നിന്ന് നോക്കുന്നോര്‍ക്ക് അങ്ങനെന്തും പറയാം കുഞ്ഞേ- സാറ.
ചേട്ടാ കുറച്ചൊന്നു നീങ്ങിയിരുന്നെ ഞാനും കൂടി ഇരിക്കട്ടെ എന്ന് പറഞ്ഞ് ഒരു യാത്രക്കാരന്‍ തട്ടി വിളിച്ചപ്പോഴാണ് അഭിലാഷ് ഓര്‍മ്മയുടെ കയത്തില്‍ നിന്നും വലിഞ്ഞു കേറിയത്.
വീട്ടിലെത്തിയ അഭിലാഷിന്‍റെ ചിന്തയില്‍ മുഴുവനും നിറഞ്ഞു നിന്നത് സാറ ചേടത്തി പറഞ്ഞ സംഭാഷണവും അവരുടെ അവസ്ഥയും ആയിരുന്നു.
"പോയി മോനെ....നീലന്‍ ചേട്ടന്‍ പോയി......" മരണ വാര്‍ത്ത അറിയാതെ ഫ്ലാറ്റിനു മുന്നില്‍ കാത്തിരിക്കുന്ന സാറ ചേടത്തിയുടെ മുഖം മനസ്സില്‍ നിന്ന് മായുന്നില്ല.
ഒരു കുളിയും പാസ്സാക്കി, ചൂടു ചായയും കുടിച്ചു പതിവ് വായനശാല സന്ദര്‍ശനത്തിനായി അഭിലാഷ് വീട്ടില്‍ നിന്നിറങ്ങി. വായനശാലയില്‍ പത്രം വായിച്ചുകൊണ്ടിരുന്നപ്പോഴാണ്‌ ബാലു അവിടെ എത്തിയത്. അല്ലറ ചില്ലറ കവിയരങ്ങും എഴുത്തുമൊക്കെ ആയി നടക്കുന്ന ഒരു യുവ സാഹിത്യകാരനാണ് ബാലു.
ബാലു:- ഡാ....അഭി....എന്താ പരിപാടി ഏ ??? എന്തോന്നാടാ ഇപ്പോഴാണാ നിനക്ക് പത്രം വായിക്കാന്‍ സമയം കിട്ടിയേ ??
ആ ....ഞാന്‍ ചുമ്മാ....അഴിഞ്ഞ മുണ്ട് മടക്കി കുത്തി ഒരു ചെറു ചിരിയുമായി അഭിലാഷ് പുറത്തേയ്ക്കിറങ്ങി..
കൊച്ചു വര്‍ത്തമാനങ്ങളും ചിരിയുമായി അവര്‍ അമ്പലപ്പറമ്പിലെത്തി. അവിടെയാണ് പതിവ് ചര്‍ച്ചകള്‍ ഒക്കെ നടത്തുന്ന സ്ഥലം. കാറ്റും വെളിച്ചവും ആകാശവും ഒക്കെ ആവോളം ആസ്വദിച്ച് ഇരിക്കാന്‍ പറ്റിയ വിശാലമായ സ്ഥലം.
അഭിലാഷ്:- എഴുതാനുള്ള കഴിവും മറ്റും ഉണ്ടായിരുന്നേല്‍ ഞാന്‍ സാറ ചേടത്തിയുടെ കഥ എഴുതിയേനെ....നിനക്ക് വേണോങ്കി എഴുതാം....spark ഞാന്‍ തരാം.
ഞാന്‍ ......എഴുതാനോ....ബാലു പൊട്ടിപ്പൊട്ടിച്ചിരിക്കുന്നു.
"മരണ വാര്‍ത്ത അറിയാതെ തന്‍റെ ആശ്രയമായിരുന്ന മനുഷ്യനെ പ്രതീക്ഷിച്ച് ഫ്ലാറ്റിനു താഴെ ഇരിക്കുന്ന സാറ ചേടത്തി , അവരുടെ മനോ വ്യാപാരം." ശരിക്കും thrilling and touching...ലോഹിത ദാസിനെ പോലുള്ളവര്‍ ജീവിച്ചിരുന്നേല്‍ ഹൃദയഹാരിയായ സിനിമ ഇറങ്ങിയേനെ.. എന്ത് ചെയ്യാം..നമുക്കൊന്നും ആ കഴിവില്ലാതെ പോയി. .. ഉള്ളവനാണേല്‍ പൊട്ടിച്ചിരിക്കുന്നു.
എന്താ ??? ഏ ...ഇന്നും രണ്ടു യുവ മിഥുനങ്ങളും പിണക്കത്തില്‍ ആണോ ??? അഭിലാഷ് ചോദിച്ചു.
സാറ:- അല്ല മോനെ ഇങ്ങേര് ഓരോന്നും പറഞ്ഞു എന്നെ വെറുതെ ചൊടിപ്പിക്കും.
നീലന്‍ :- പൊയ്ക്കോ...നിന്നെ ഞാന്‍.....
ഇങ്ങനെ കൊച്ചു കൊച്ചു പിണക്കങ്ങളും ഇണക്കങ്ങളുമായി ജീവിതം ആസ്വദിക്കുന്ന നീലന്‍ ചേട്ടനെയും സാറ ചേടത്തിയേയും അഭിലാഷ് അസൂയയോടുകൂടി നോക്കി.
മോനെ വയ്യട..... വല്ലാത്ത ശൂന്യത ....സാറ ഇങ്ങനെ പറഞ്ഞവസാനിപ്പിച്ചപ്പോള്‍ കുറ്റബോധത്തിന്റെ നിഴല്‍ മിന്നി മറയുന്ന പോലെ തോന്നി.നിനക്ക് അറിയാല്ലോ എന്റെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് ആ മനുഷ്യന്‍ ആയിരുന്നു. ആ കൈത്താങ്ങ് ആണ് എനിക്ക് ഇല്ലാണ്ടായെ. നീലന്‍ ചേട്ടന്‍ ഉണ്ടായിരുന്നപ്പോള്‍ ഒന്നിനും ഒരു മുട്ട് ഇല്ലായിരുന്നു. എല്ലാവര്‍ക്കും പണം മതി മോനെ ....(നെടുവീര്‍പ്പിടുന്നു). എനിക്ക് ഇവിടെ ജോലി മേടിച്ചു തന്ന രഘു ഇപ്പോള്‍ വിളിക്കാറില്ല.
രഘു :- സാറ ചേടത്തിയെ .. ഞാന്‍ ഇവിടൊക്കെ തന്നെ ഉണ്ടേ...അപ്പൊ എങ്ങനാ.. ഏ ?? ഞാന്‍ ഇപ്പൊ ഒറ്റയ്ക്കാണ് വീട്ടില്‍
സാറ:- ഫ......പൊലയാടി മോനെ .. നിന്‍റെ തള്ളയെ ചെന്ന് വിളിയട കൂടെ കിടക്കാന്‍..... നിന്‍റെ ജോലി ദേ കെടക്കണ്.. കൊണ്ട കോണാത്തില്‍ വെച്ച് വെള്ളമൊഴി.
അഭിലാഷിന്‍റെ മനസ്സ് ഓര്‍മ്മപ്പുസ്തകത്തിലൂടെ അനുവാദം കൂടാതെ സഞ്ചരിച്ചു. പെട്ടെന്ന് തന്നെ യാത്ര നിര്‍ത്തി.
ചേട്ടത്തി വിഷമിക്കണ്ട.. അന്നത്തെ പ്രശ്നം കൊണ്ടാകും രഘു വിളിക്കാത്തതും മറ്റും. ചേച്ചി അതൊന്നും കാര്യമാക്കണ്ട.
ഒരു ഗ്രാമ പ്രദേശം. ക്രിസ്തീയ ചുറ്റുപാടുള്ള വീട്. പാവാടയും ബ്ലൌസും ഇട്ട സാറ. ക്രിസ്തീയ ചുറ്റുപാടാണെങ്കിലും അവള്‍ക്കിഷ്ടം കൃഷ്ണനെ ആണ്. തന്റെ പരിഭവങ്ങളും പരാതികളുമൊക്കെ അവള്‍ കൃഷ്ണനോടാണ് പങ്കു വെയ്ക്കുന്നത്. അത്ര സുഖകരമല്ലാത്ത ദാമ്പത്യ ജീവിതം ആയിരുന്നു അവളുടേത്‌. യാതൊരു വൃത്തിയുമില്ലാത്ത ഒരു കോലം. അതാണ്‌ അവളുടെ ഭര്‍ത്താവ് സണ്ണി.മദ്യവും മയക്കുമരുന്നും ഒക്കെ ആയി നടക്കുന്ന ഒരു വൃത്തികെട്ട മനുഷ്യന്‍. കണ്ടാല്‍ തന്നെ അറപ്പ് തോന്നുന്ന രൂപം. കുളിച്ചിട്ടു തന്നെ ദിവസങ്ങളായി.
സണ്ണി:- എടീ ...കൂത്തിച്ചി ...എന്ത് മൈര് ഒണ്ടാക്കുവാടി ??? ഇറങ്ങി വാടി..
ഒരു ഭാവ വ്യത്യാസവുമില്ലാതെ സാറ ഇറങ്ങി വന്നു.
സണ്ണി:- പുണ്ടച്ചി മോളെ....എന്താടി...വിളിച്ചാല്‍ നിനക്ക് ഇറങ്ങി വരാന്‍ ഇത്ര മടി ഏ ? നിസ്സംഗ ഭാവത്തില്‍ അങ്ങനെ നിന്നതല്ലാതെ സാറ ഒന്നും മിണ്ടിയില്ല.തന്‍റെ ദുഃഖങ്ങള്‍ അവള്‍ കൃഷ്ണനോട് പറയുന്നത് കേട്ടുണര്‍ന്ന സണ്ണി
ആരോടാടി നിന്റെ അടക്കം പറച്ചില്‍?? നിന്‍റെ രഹസ്യക്കാരന്‍ ആണോടി പൊലയാടി മോളെ....ഇതും പറഞ്ഞു തലയ്ക്കു കുത്തി പിടിച്ചു അവളെ കട്ടിലിലേക്ക് വലിച്ചിടുന്നു. കാമവെറിയോടെ അവളുടെ ശരീരത്തില്‍ അവന്‍ ഭ്രാന്തമായി എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു.. യാതൊരു ഭാവഭേദവും കൂടാതെ സാറ അതിന് വഴങ്ങിക്കൊടുത്തു.അവളുടെ ബാല്യം മുതല്‍ എല്ലാം സഹിക്കാനുള്ള ഒരു മനസ് സാറ നേടിയിരുന്നു. അതുകൊണ്ട് തന്നെ അവളുടെ ഇപ്പോഴുള്ള ജീവിതത്തിലെ പ്രശ്നങ്ങള്‍ കൃഷ്ണനോട് പങ്കു വെച്ച് അവള്‍ ആശ്വാസം കൊണ്ടു.
സര്‍ക്കാര്‍ ജോലി കിട്ടിയ സാറ റോഡ്‌ മുറിച്ചു കടക്കാന്‍ പേടിയോടെ നിന്നപ്പോള്‍ സഹായ ഹസ്തവുമായി വന്നയാളാണ് നീലന്‍ ചേട്ടന്‍. കോടതി വരാന്തയില്‍ ഏതോ മുന്‍ജന്മ പുണ്യം എന്നപോലെ കിട്ടിയതായിരുന്നു നീലന്‍ ചേട്ടന് സാറയെയും , സാറയ്ക്ക് നീലന്‍ ചേട്ടനെയും . അവരുടെ ബന്ധം വളര്‍ന്നു. പ്രാപ്തി ഇല്ലാത്ത സാറയെ സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിവുള്ള സ്ത്രീ ആക്കി നീലന്‍ ചേട്ടന്‍ മാറ്റിയെടുത്തു.
സാറ:- നീലന്‍ ചേട്ടനറിയാല്ലോ കാര്യങ്ങള്‍.. ... ഇപ്പൊ എനിക്ക് മക്കള്‍ നാലാണ്. കിട്ടുന്ന കാശാണെങ്കില്‍ ആ മനുഷ്യന്‍ കള്ളുകുടിച്ചു തീര്‍ക്കുവാ എന്താ ഞാന്‍ ചെയ്ക..ഒരു സഹായം ആകും എന്ന് കരുതി. എന്റെ വിധി അത്ര തന്നെ. എല്ലാം എന്‍റെ ഗുരുവായൂരപ്പന്‍റെ കളി. അവന്‍ കണ്ടു രസിക്കുവ. ആകെ കിട്ടിയ പുണ്യം എന്ന് പറയുന്നത് നിങ്ങളാ.
നീലന്‍: :- ഇതാ എനിക്ക് പിടി കിട്ടാത്തത് പെണ്ണെ... നീ ഒരു ക്രിസ്ത്യാനി ആയിട്ട് എന്തിനാ ഞങ്ങടെ ഗുരുവായൂരപ്പനെ കൂട്ടുപിടിക്കുന്നത്!!!
സാറ:- ആരായാലെന്താ എന്റെ നീലന്‍ ചേട്ടാ നമുക്ക് ഇഷ്ടമുള്ളവരെ അങ്ങ് വിളിക്കുവ.....അതിപ്പോ കൃഷ്ണന്‍ ആയാലും ഈശോ ആയാലും എന്താ??? എനിക്ക് കൂട്ട് കൃഷ്ണന്‍ ആണ്.. എന്തോ കഴിഞ്ഞ ജന്മത്തില്‍ ഞങ്ങള്‍ കാമുകി കാമുകന്മാരായിരിക്കണം.
നീലന്‍: :- എടി പെണ്ണെ എനിക്കാണേല്‍ ഒട്ടും വയ്യ . അത്യാവശ്യം ഷുഗര്‍ ഉണ്ട്, നെഞ്ചാണെങ്കില്‍ അതും പണിമുടക്ക്, ഇല്ലാത്ത അസുഖങ്ങളൊന്നും ഇല്ല. (നെടുവീര്‍പ്പിടുന്നു) നീ ആണ് എനിക്കൊരു ആശ്രയം. ആവശ്യത്തിലും കൂടുതല്‍ പണം ഉണ്ടെനിക്ക്. ഭാര്യ എന്ന ഒരു സാധനം ഉണ്ട്. മക്കള്‍ എല്ലാം വിദേശങ്ങളില്‍. ഈ വയസാം കാലത്ത് ഒരു കൈ സഹായത്തിനു പെണ്ണെ നീയെ ഉള്ളു... നീ മാത്രമാണ് എന്നോട് സ്നേഹത്തോടെ പെരുമാറുന്നതും മറ്റും മറ്റും.....ആ പറഞ്ഞിട്ടെന്തിനാ...... ആ പറഞ്ഞിട്ടെന്തിനാ (പതിയെ പറയുന്നു )
സാറ:- നാളെ തന്നെ നമുക്ക് ഡോക്ടറെ പോയി കാണാം. ഡോക്ട്ടറെ കണ്ട ശേഷം തരികെ ഫ്ലാറ്റിലെത്തിയ സാറയും നീലന്‍ ചേട്ടനും.
സാറ:- നീലന്‍ ചേട്ടാ ..ഓണം ആണ് ഇങ്ങു വരുന്നെ .. അറിയാല്ലോ?? എന്റെ മാല പണയത്തില്‍ ആണ്.. എന്റെ കൈയില്‍ ആണെ ഒരു ചില്ലി ക്കാശ് ഇല്ല.
നീലന്‍:- നീ പേടിക്കണ്ടടി പെണ്ണെ..നമുക്ക് വഴി ഉണ്ടാക്കാം. നിനക്കുള്ളത് ഞാന്‍ കരുതിയിട്ടുണ്ടെടി..
നീലന്‍::- എടി പെണ്ണെ ....നീ എന്റെ നെഞ്ച് ഒന്ന് തടകി തന്നെ.
എന്താ ഇപ്പൊ അങ്ങനെ തോന്നാന്‍ ...:- സാറ
നീലന്‍:- അറിയില്ല..എന്തോപോലെ ..ഒന്ന് തടകി ത്താ..
നെഞ്ച് തടകിക്കൊണ്ട് സാറ എപ്പോഴോ നീലന്‍ ചേട്ടന്‍റെ നിഴലിലേയ്ക്ക് അലിഞ്ഞു ചേര്‍ന്നു. ആ നിഴലില്‍ നീലന്‍ ചേട്ടനും ..അങ്ങനെ നിഴലുകളില്ലാത്ത മനോഹരമായ ഒരു ചിത്രത്തെപ്പോലെ അവര്‍ രൂപപ്പെട്ടുകൊണ്ടിരുന്നു....
..

Sunday, September 1, 2013

                          മൈക്കേല്‍ എന്ന ചിത്രകാരന്‍റെ ഉത്തരവാദിത്ത്വ രഹിത സുന്ദര ജീവിതത്തിലൂടെ ചില അടയാളപ്പെടുത്തലുകള്‍ നടത്താന്‍ ശ്യാമപ്രസാദ് എന്ന കലാകാരന്‍ നടത്തിയ മനോഹര ശ്രമം അതാണ്‌ ആര്‍ടിസ്റ്റ് .

                          ഒരു കലാകാരന്‍ എപ്പോഴാണ് മികച്ചതാകുന്നത് ? ആരാണ് അവനെ മികച്ചതാക്കുന്നത് ? അവന്റെ കലാസൃഷ്ടിയുടെ വിധികര്‍ത്താക്കള്‍ ആരാണ് ? ചില മുന്നറിവുകളുടെ അടിസ്ഥാനത്തില്‍ നാം രൂപപ്പെടുത്തുന്ന ഒന്നാണോ കലയെ അളക്കുന്ന അളവുകോലായി നാം ഉപയോഗിക്കേണ്ടത് ? അത്തരം അളവുകോല്‍ ഒരു കലാകാരന്‍റെ ആത്മാവിഷ്കാരത്തിന്റെ നേര്‍ചിത്രത്തെ എങ്ങനെയാണ് അളക്കാന്‍ പര്യാപ്തമാകുന്നത് ? തന്‍റെ ഭാവനയുടെ , അവന്‍ ആര്‍ജ്ജിച്ച ജീവിതാനുഭവങ്ങളുടെ, നേര്‍ സാക്ഷ്യം അതാകും പലപ്പോഴും അവന്‍റെ സൃഷ്ടികള്‍ .അത് ചിലപ്പോള്‍ വന്യമാകും;ചിലപ്പോള്‍ നൈര്‍മ്മല്യമുള്ളതാകും; ചിലപ്പോള്‍ സങ്കീര്‍ണ്ണമാകും .  ഒരു കലാകാരന്‍ അവന്‍റെ ആത്മാവിഷ്ക്കാരത്തിന്റെ പകര്‍ത്തിവെക്കല്‍ ആത്മാര്‍ഥതയോടെ ചെയ്യുമ്പോഴാണ്  അത് മഹത്തരം ആകുന്നതും കലാകാരന്‍ കല്‍പ്പിക്കുന്ന അര്‍ത്ഥതലങ്ങള്‍ക്ക് അപ്പുറത്തേയ്ക്ക് അത് വളരുകയും ചെയ്യുന്നത് .

                          പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും  സ്നേഹത്തിന്റെയും ചൂഷണത്തിന്റെയും വഞ്ചനയുടെയും നിസ്സഹായതയുടെയും ചെറുത്തുനില്‍പ്പിന്റെയും ഒക്കെ കഥകള്‍ കുറഞ്ഞ കഥാപാത്രങ്ങളിലൂടെ സുന്ദരമായി ദൃശ്യഭാഷ ചമയ്ക്കാന്‍ ശ്യാമപ്രസാദിനു സാധിച്ചിരിക്കുന്നു .

                          സ്ത്രീ ഒരു ഭോഗ വസ്തു ആണെന്നും തനിക്കൊരു പരിമിതി ഉണ്ടാകുമ്പോള്‍ അവള്‍ തന്നെ ഉപേക്ഷിച്ചു പുതിയ മേച്ചില്‍പ്പുറം തേടിപ്പോകുകയും ചെയ്യുമെന്ന പുരുഷന്‍റെ അപകര്‍ഷതാബോധം ഇടയ്ക്ക് തലപൊക്കുന്നു. സ്നേഹത്തിന്റെ പേരില്‍ അവള്‍ പറ്റുന്ന ആനുകൂല്യങ്ങള്‍ക്ക് പകരമായി തന്‍റെ ശരീരം പങ്കു വെക്കാന്‍ നിര്‍ബന്ധിതയാകുന്നതിന്റെ ദുര്യോഗം ഇതില്‍ വരച്ചുകാട്ടുന്നു. പരസ്ത്രീ ബന്ധത്തിന് വേണ്ടി കെഞ്ചുന്ന കാമ ദാഹിയായ പുരുഷന്‍റെ അധമ മനസ്സ് മനോഹരമായി ദൃശ്യവത്ക്കരിച്ചിരിക്കുന്നു . തന്‍റെ ജീവിതം തകര്‍ന്നു പോകുമെന്നവസ്ഥ വരുമ്പോള്‍ മുന്‍ സൗഹൃദത്തിന്റെ പേരില്‍ എല്ലാം അടിയറവു വെയ്ക്കാന്‍ ഒരു നിമിഷനേരത്തേയ്ക്കെങ്കിലും അവള്‍ തയ്യാറാകുന്നു  . തന്‍റെ നിസ്സഹായാവസ്ഥ ബോധ്യപ്പെടാതെ അകക്കണ്ണിന്റെ കാഴ്ചയില്ലാതെ നിഷ്ക്കരുണം സ്ത്രീയെ വലിച്ചെറിയുന്നു .പലപ്പോഴും കാഴ്ച അങ്ങനെയാണ് കാണാത്ത യാഥാര്‍ത്യത്തെ തിരിച്ചറിയാന്‍ പലപ്പോഴും മനുഷ്യന് സാധിക്കാതെ വരുന്നു .
 അപ്പോഴും ജീവിത യാഥാര്‍ത്ഥ്യം തിരിച്ചറിയുകയും മുറിവേറ്റ ഹൃദയവുമായി അവള്‍ ജീവിതത്തെ ഉള്‍ക്കൊള്ളുകയും സഹനത്തിന്റെയും ക്ഷമയുടെയും ആള്‍രൂപമായി ഒരിക്കല്‍ കൂടി അവള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്യുന്നു .
                         ഉപരിപ്ലവമായ കഴിഞ്ഞ സിനിമയെ അപേക്ഷിച്ച് നല്ലൊരു സിനിമ നല്‍കിയിരിക്കുന്നു എന്ന് പറയാം . മൈക്കേല്‍ , ഗായത്രി , അഭി , തുടങ്ങി എല്ലാവരും അവരുടെ കഥാപാത്രങ്ങള്‍ അതിഭാവുകത്വം ഇല്ലാതെ അഭിനയിച്ചിരിക്കുന്നു എന്നത് പ്രശംസ അര്‍ഹിക്കുന്ന കാര്യം തന്നെ .

Saturday, August 31, 2013

കല്ലും മണ്ണും കൊണ്ടു നിര്‍മ്മിച്ച വീടിനു ജീവനുണ്ടാകുന്നതും സ്വഭാവം ഉണ്ടാകുന്നതും അതിനുള്ളില്‍ മനുഷ്യന്‍ അവന്റെ ജീവിതം ജീവിക്കുമ്പോഴാണ്. താന്‍ ജനിച്ചു വളര്‍ന്ന വീടിനോടും നാടിനോടും മണ്ണിനോടും പെണ്ണിനോടും അത്തരമൊരു വൈകരികപരമായ അടുപ്പം കാത്തു സൂക്ഷിക്കുന്നവരാണ് മലയാളികളില്‍ അധികം പേരും . തന്‍റെ അച്ഛന്‍ നടത്തിയ പല ചരക്കു കടയോട് കുഞ്ഞനന്തന് അത്തരമൊരു വൈകാരിക അടുപ്പം ഉണ്ട്. ബാല്യം മുതല്‍ തന്‍റെ ജീവിതവുമായി ബന്ധപ്പെട്ട കട . ആ കട ചിലപ്പോഴൊക്കെ അച്ഛന്റെ ബിംബം തന്നെ ആയി മാറുന്നു കുഞ്ഞനന്തന് . വളരെ തന്മയീ ഭാവം കലര്‍ത്തി ലളിത സുന്ദരമായി, അതിഭാവുകത്വം കൂടാതെയുള്ള ജീവിതക്കാഴ്ചയായി മാറുന്നു ഈ സിനിമ .

അവര്‍ണ്ണനീയമായ പ്രണയത്തിന്‍റെ താമര നൂലിഴകളാല്‍ ബന്ധിപ്പിക്കപ്പെട്ട കുഞ്ഞനന്തനും ചിത്തിരയ്ക്കും ഒരു ആണ്‍കുഞ്ഞിനെയും ഒരു പെണ്‍കുഞ്ഞിനെയും കാലം സമ്മാനിച്ചു. കാലവും ജീവിതവും അവരെ രണ്ടു ശരീരവും രണ്ടു മനസ്സുമാക്കി അകറ്റി, കെട്ടിയാടാന്‍ നിര്‍ബന്ധിക്കപ്പെട്ട അച്ഛന്‍റെയും അമ്മയുടെയും വേഷങ്ങള്‍ ആടിത്തീര്‍ക്കുന്നു . ഏതൊരു ബന്ധവും താങ്ങും തണലും ആകണം , സംഘര്‍ഷങ്ങള്‍ നിറയ്ക്കുന്നതാകരുത് . പരസ്പരം ആശ്വാസവും ആശ്രയവും ആകേണ്ട അവരുടെ പവിത്ര ബന്ധത്തെ കളങ്കത്തിന്റെ കാര്‍മേഘം വിഴുങ്ങിയിട്ട് നാളുകളേറെയായി . ജീവിതത്തിന്റെ അത്തരം നിസ്സഹായാവസ്ഥയില്‍ കുഞ്ഞനന്തന് ആശ്വാസമാകുന്നത് തന്‍റെ കടയാണ് . ബന്ധങ്ങള്‍ക്ക് മേല്‍ വിവേചനത്തിന്റെ വേലിക്കെട്ടുകള്‍ തീര്‍ത്തുകൊണ്ട് ഇടുങ്ങിയ ജീവിതത്തിലേയ്ക്ക് ഒതുങ്ങുന്നവരാണ് മനുഷ്യന്‍ . അത്തരം എല്ലാ ബലഹീനതകളും ഉള്ള ഒരു സാധാരണ മനുഷ്യ ജീവിതം ആണ് അവരുടേത് . അതിന്റെ പശ്ചാത്തലത്തില്‍ ഗൗരവമായ വിഷയം ആണ് സിനിമ കൈകാര്യം ചെയ്യുന്നത് . പരസ്പരം മനസ്സിലാക്കാന്‍ ശ്രമിക്കലും വിട്ടു വീഴ്ച്ചാ മനോഭാവവും ഒക്കെ നിറഞ്ഞ വിശ്വാസത്തിന്റെ യാത്രയാണ് രണ്ടു പേരൊന്നിച്ചുള്ള ജീവിതം . ആ വിശ്വാസത്തിന്റെ ജീവതാളം രേഖകളില്‍ ആകുമ്പോള്‍ അത് അവിശ്വാസത്തിന്റെ അവതാളം ആയി മാറുന്നു . പ്രണയ വിവാഹങ്ങള്‍ പലപ്പോഴും ജീവിതയാത്രയുടെ തുടക്കത്തില്‍ തന്നെ അപശ്രുതി മീട്ടാന്‍ തുടങ്ങുന്നത് എന്തുകൊണ്ടാണ് ? പകലന്തിയോളം അന്നന്നത്തെ അപ്പത്തിനു വേണ്ടി അദ്ധ്വാനിക്കുന്ന സാധാരണക്കാരന്റെ ആശ്വാസ കേന്ദ്രം ആകണം അവന്‍റെ വീട്. അല്ലെങ്കില്‍ അത് വെറുമൊരു നിര്‍ജ്ജീവ വസ്തുവായി നിലകൊള്ളും .

മലയാളികളുടെ ജീവിതത്തിന്‍റെ ഭാഗമായി മാറിക്കൊണ്ടിരിക്കുന്നു സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകള്‍ . ജൈവിക ബന്ധത്തിനപ്പുറത്തേയ്ക്ക് ഇത്തരം അയഥാര്‍ത്ഥ യാന്ത്രിക ബന്ധങ്ങളില്‍ അഭിരമിക്കുന്ന യുവ തലമുറയും ഇതില്‍ ആശ്രയം കണ്ടെത്തുന്ന വിഭാഗവും ചെറുതല്ല . ചിന്തയെ മരവിപ്പിക്കുന്ന ഇത്തരം യാന്ത്രിക ബന്ധങ്ങളുടെ പൊള്ളത്തരങ്ങള്‍ മനസിലാക്കാതെ , ഭൂമിയിലെ സവിശേഷ ബുദ്ധിക്കുടമയായ മനുഷ്യന്‍ അവന്‍റെ സര്‍ഗ്ഗശേഷിയും ഉത്പാദനക്ഷമതയും അടിയറവു വെക്കുന്ന കാഴ്ച തികച്ചും വിരോധാഭാസം തന്നെ . ഒരു വികല്പ്പിത ലോകത്ത് അടിമയാകുന്ന ഇത്തരം ആളുകളുടെ ചെറുതല്ലാത്ത സമൂഹം ഇവിടെ വളര്‍ന്നു വരുന്നു . ജീവിതത്തിലെ ഓരോ പ്രശ്നങ്ങളും മറ്റുള്ളവരുടെ കണ്ണില്‍ നിസ്സാരം ആണെന്ന് തോന്നിയേക്കാം , ചിലപ്പോള്‍ അത്തരം പ്രശ്നങ്ങള്‍ അതിനേക്കാള്‍ വലിയ പ്രശ്നങ്ങള്‍ വരുമ്പോള്‍ അവനവന്‍ തന്നെ അതിനെ ലഘൂകരിക്കുകയും ചെയ്തേക്കാം . ഈ പ്രശ്നങ്ങള്‍ ഒക്കെ തന്നെ സമചിത്തതയോടെ കൈകാര്യം ചെയ്യാന്‍ പറ്റുന്നത് ജൈവിക ബന്ധങ്ങളിലൂടെയാണ് എന്ന സത്യം മറക്കുകയും അത്തരം കൈത്താങ്ങ്‌ തന്‍റെ പങ്കാളിയില്‍ നിന്നും കിട്ടാതെ വരുമ്പോള്‍ , വ്യര്‍ത്ഥമെന്നറിഞ്ഞിട്ടും യാന്ത്രിക ബന്ധങ്ങളുടെ മേച്ചില്‍പ്പുറങ്ങള്‍ തേടുന്നവരും വിരളമല്ല .

ഈ ആധുനിക കാലഘട്ടത്തില്‍ ഹര്‍ത്താലുകള്‍ പോലുള്ള കാലഹരണപ്പെട്ട സമരമുറകള്‍ വേണോ എന്ന് ഇവുടത്തെ പ്രബുദ്ധരായ രാഷ്ട്രീയ നേതൃത്വം പുനര്‍ വിചിന്തിനം നടത്തേണ്ട കാലം അതിക്രമിച്ചു . ഹര്‍ത്താല്‍ ആഹ്വാനത്തിലൂടെ രാജ്യത്തിന്‍റെ സമ്പത്ത് വ്യവസ്ഥയ്ക്ക് നഷ്ടം വരുന്നു എന്ന് മാത്രമല്ല സ്ഥിര വരുമാനം ഇല്ലാത്ത ഇവിടുത്തെ അസംഘടിത മേഖലയിലെ പാവപ്പെട്ട തൊഴിലാളികളുടെ കഞ്ഞികുടി മുട്ടിക്കുന്ന ജനദ്രോഹമായി മാറുന്നു എന്നുള്ള സത്യം ഇനിയെങ്കിലും ഇവിടുത്തെ രാഷ്ട്രീയ നേതൃത്വം മനസ്സിലാക്കേണ്ടതാണ് . ഇത്തരം പ്രഹസന സമര രീതികള്‍ കൊണ്ട് ഇന്നത്തെ കാലത്ത് പ്രയോജനം കിട്ടുന്നില്ല എന്ന യാഥാര്‍ത്ഥ്യം എന്തുകൊണ്ട് ഇവര്‍ കാണാതെ പോകുന്നു ? രാഷ്ട്രീയ കക്ഷികളുടെ ജാഥകളും മറ്റു സര്‍വീസ് സംഘടനകളുടെ സമര ജാഥ കളും വഴി തടയലും ഗതാഗതം സ്തംഭിപ്പിക്കലുമൊക്കെ സാധാരണ ജനത്തിനെ ഏതു തരത്തില്‍ ബുദ്ധിമുട്ടിക്കും എന്നത് അവനവന്റെ ജീവിതത്തില്‍ അനുഭവിക്കുമ്പോഴെ അറിയൂ .

വികസനത്തിനു വേണ്ടിയുള്ള വികസനമോ നിക്ഷിപ്ത താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള വികസനമോ അല്ല നമുക്ക് വേണ്ടത് . നമുക്കാവശ്യം സുസ്ഥിര വികസനം ആണ് . വികസനത്തിന്‍റെ പേരില്‍ ഇവിടുത്തെ ഒരു സാമാന്യ പ്രജ പോലും പാര്‍ശ്വവത്കരിക്കാന്‍ പാടില്ല . ഇവിടുത്തെ എല്ലാ പ്രജകള്‍ക്കും അതിന്‍റെ ഗുണ ഫലം ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ലഭിക്കുകയും ചെയ്യണം . അത്തരം ദീര്‍ഘ വീക്ഷണത്തോടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിവുള്ള നേതൃത്വം ഉണ്ടാകണം . ഒരു പ്രദേശത്തിന്‍റെ വികസനവുമായി ബന്ധപ്പെട്ട ഒന്നാണ് അവിടുത്തെ ഗതാഗത സൗകര്യം എന്നത്. ഗുണ നിലവാരമുള്ളതും ഈടു നില്‍ക്കുന്നതുമായ ഗതാഗത സൗകര്യം ഉണ്ടാവേണ്ടത് അത്യാവശ്യം തന്നെ . വിശ്വാസക്കച്ചവടവും വര്‍ഗ്ഗീയതയും ചൂടപ്പം പോലെ വിറ്റുപോകുന്ന നല്ലൊരു വിപണിയായി സാക്ഷര കേരളം മാറിക്കൊണ്ടിരിക്കുന്നു എന്നത് തീര്‍ത്തും ലജ്ജാവഹം തന്നെ. ഇതിന്‍റെ ഉത്തരവാദിത്വത്തില്‍ നിന്നും ഇവിടുത്തെ മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ക്ക് മാറി നില്‍ക്കാനാവില്ല . വികസനത്തിന്‍റെ പേരില്‍ ഒരു ജനസമൂഹത്തെ നശിപ്പിക്കുകയല്ല വേണ്ടത് മറിച്ച് വീണ്ടും വളരാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കുകയാണ് വേണ്ടത് . സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പില്‍ വരുത്തേണ്ട ഉദ്യോഗസ്ഥ വൃന്ദം പലപ്പോഴും ജനങ്ങളെ സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന തരത്തില്‍ മാറ്റിയെടുക്കുന്നു. അവര്‍ വെറും യന്ത്രങ്ങളെ പോലെ ആകുന്നു. ജനങ്ങള്‍ക്ക്‌ വേണ്ടി നിലകൊള്ളേണ്ട സര്‍ക്കാര്‍ ജീവനക്കാര്‍ ജനങ്ങള്‍ക്കെതിരെ ആകുന്നു .

മനുഷ്യന്‍ പ്രകൃതിയുടെ ഭാഗം ആണ് . എന്തിന്‍റെ പേരിലായാലും അവനു തന്‍റെ മാളം നഷ്ടപ്പെടുമ്പോള്‍ അടുത്ത സുരക്ഷിത മാളം കണ്ടെത്താനും ജീവിതം തുടങ്ങാനും സാധിക്കണം . അപ്പോഴാണ്‌ അവന്‍ പ്രകൃതിയുടെ ഭാഗമായി മാറുന്നത് .

പ്രതികരണ ശേഷി നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു വലിയ ജനസമൂഹം ഇവിടെ ഉണ്ട്. തങ്ങളുടേതാകുന്ന രീതിയില്‍ ഏതൊരുവനും പ്രതിഷേധം അറിയിക്കേണ്ടതാണ് .പ്രതികരണ ശേഷിയില്ലാത്ത ജനസമൂഹത്തെ കഴുത്തു ഞെരിച്ചു കൊല്ലാന്‍ നിരവധി ബാഹ്യ ശക്തികള്‍ ഉണ്ടാകും . അതിനിട വരുത്താതെ പ്രതികരണ ശേഷിയുള്ള ജന സമൂഹമായി മാറുക .

നിരവധി ഗൗരവമുള്ള വിഷയങ്ങളെ ലളിതമായി , സുന്ദരമായി ദൃശ്യഭാഷ ചമയ്ക്കാന്‍ സലിം അഹമ്മദ് എന്ന സംവിധായകന് സാധിച്ചു എന്നുള്ളതാണ് ഈ സിനിമയെ മഹത്തരമാക്കുന്നത്. ആദ്യ സിനിമ ഏല്‍പ്പിച്ച ഭാരം ഒന്നും തന്നെ നിഴലിക്കാതെ അതിനേക്കാള്‍ മികച്ച കലാസൃഷ്ടി നല്‍കാന്‍ അദ്ദേഹത്തിന് സാധിച്ചു . പ്രോത്സാഹിപ്പിക്കുക ഈ ലളിത സുന്ദര ഗംഭീര സിനിമയെ........

Saturday, July 13, 2013


മായക്കാഴ്ചകള്‍ 
കുറെ നാളുകള്‍ക്ക് ശേഷം അരവിന്ദ് പേനയുമായി എഴുത്ത് മുറിയിലേക്ക് പ്രവേശിച്ചു. എന്താണ് എഴുതേണ്ടത് ??? എന്തിനാണ് എഴുതേണ്ടത് ?? എന്നിങ്ങനെ ഉള്ള ചോദ്യങ്ങള്‍ അരവിന്ദന്‍റെ മനസിലൂടെ കടന്നു പൊയ്ക്കൊണ്ടിരിന്നു . വല്ലാത്ത വീര്‍പ്പു മുട്ടല്‍ തന്നെ. മുറിയില്‍ കിടന്ന കസേരയിലേക്ക് അവന്‍ ചാരി കിടന്നു. പേന എന്തെക്കെയോ പറയാന്‍ വെമ്പുന്നത് പോലെ .
ചാരു കസേരയിലെ കിടപ്പ് വന്യമായ പല ചിന്തകളിലേക്കും അവനെ കൂട്ടി കൊണ്ടു പോയി . തനിക്ക് ജന്‍മം നല്‍കിയ തന്‍റെ അമ്മയുടെയും അച്ഛന്‍റെയും ദുര്‍ഗതിയോര്‍ത്ത് അവന്‍ അവനെ തന്നെ പഴിച്ചു. " അവരുടെ മുന്‍ജന്മ പാപം " എന്നല്ലാതെ എന്ത് പറയാന്‍... .മുന്‍ജന്മ പാപമോ!! എന്റെ ചിന്തയില്‍ നിന്ന് തന്നെ ആണോ ഇങ്ങനെ ഒരു വാക്ക് വന്നത് !! അരവിന്ദ് ഞെട്ടിയെങ്കിലും ചിന്തയുടെ ആലസ്യത്തില്‍ നിന്ന് വര്‍ത്തമാന ലോകത്തേയ്ക്ക് വരുവാന്‍ അവന്റെ മസ്തിഷ്കം അനുവദിക്കുന്നില്ലായിരുന്നു... വീണ്ടും അവന്‍ ഏതോ ലോകത്തേയ്ക്ക് പൊയ്ക്കൊണ്ടിരുന്നു..
തന്‍റെ ശവ ശരീരത്തിനരികില്‍ നിഗൂഡമായ മുഖഭാവത്തോടെ ഇരിക്കുന്ന തന്നെ തന്നെ അവന്‍ കാണുന്നു.. ചുറ്റും വേറെ ആരുമില്ല... പെട്ടെന്ന് അവന്‍ ഞെട്ടി എഴുനേല്‍ക്കുന്നു. അപ്പോഴാണ് അവന്‍ ഓര്‍ക്കുന്നത് .... എത്ര നാളായി താന്‍ ഒരു സ്വപ്നം കണ്ടിട്ട് ?? സ്വപ്‌നങ്ങള്‍ പോലും തനിക്ക് അന്യമായിരുന്നു എന്ന തോന്നല്‍ അവനെ കൂടുതല്‍ സംഘര്‍ഷത്തില്‍ ആക്കി... കരയാന്‍ വെമ്പി നില്‍ക്കുന്ന ആകാശം പോലെ ആയിരുന്നു അവന്‍റെ മനസ്.
നിലാവിന്‍റെ വെളിച്ചം ഇലകള്‍ക്കിടയിലൂടെ നേര്‍ത്ത വെള്ളി നൂലിഴകളായി ഭൂമിയെ അണിയിച്ചൊരുക്കിക്കൊണ്ടിരുന്നു ..വളരെ വേഗത്തില്‍ അരവിന്ദ് മുന്നോട്ട് നടന്നു പോകുന്നത് കാണാം. അവന്‍ നടന്നു നടന്നു ചെന്ന് നിന്നത് ഒരു സെമിത്തേരിയുടെ മുന്നില്‍ ആണ്. അതിന്‍റെ വാതില്‍ക്കല്‍ അനിയും സജീറും ആഷിയും നില്പുണ്ടായിരുന്നു. അവരെ കണ്ടതും അവന്‍റെ ഉള്ളൊന്നു കാളി. സുതാര്യമായ ശരീരത്തോട് കൂടി അവര്‍ നില്‍ക്കുന്നു. എന്നെ കണ്ടതും അവര്‍ സംസാരം നിര്‍ത്തി. അവരുടെ സമീപത്തായി പരിചയമില്ലാത്ത ഒരു പുരോഹിതനെയും കാണാമായിരുന്നു. അദ്ദേഹത്തിന് പക്ഷെ തല മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷെ അദ്ദേഹം പൌരോഹിത്യ വേഷത്തില്‍ തന്നെ ആണ് താനും. അവരുടെ അടുത്ത് ചെന്ന് ഞാന്‍ നോക്കിയപ്പോള്‍ വീണ്ടും ഞെട്ടി.. എന്‍റെ ശരീരം ക്രിസ്തു മതാചാര പ്രകാരം അലങ്കരിച്ച് കല്ലറയില്‍ അടക്കാന്‍ പോകുന്നു.നുരപൊന്തിയ സംശയങ്ങള്‍ കൂട്ടുകാരോട് പങ്കുവെച്ചു .പക്ഷെ അവര്‍ പറഞ്ഞ ഭാഷ അവനു മനസിലായില്ല . ഏതോ പ്രാകൃതമായ ഭാഷ... ശവ ശരീരം കല്ലറയില്‍ ഇറക്കി വെച്ച് മൂന്ന് പിടി മണ്ണും വാരി ഇട്ടു അവര്‍ കല്ലറ മൂടി.. ഇപ്പോള്‍ അവിടെ കേള്‍ക്കുന്ന ഭാഷ അവനു തിരിച്ചറിയാന്‍ സാധിക്കുന്നുണ്ട്. പുരോഹിതന്‍ എന്തോ ഒരു ചോദ്യം ചോദിച്ചു. ..അപ്പോഴെക്കും അരവിന്ദ് ഒരു ഞെട്ടലോടെ എഴുന്നേറ്റു ... താന്‍ കണ്ടത് സ്വപ്നമോ , യാഥാര്‍ത്യമോ എന്ന് തിരിച്ചറിയാന്‍ കുറച്ചു സമയം വേണ്ടി വന്നു ..
ഒരു പുതിയ നോവലിന്‍റെ സൃഷ്ടിക്കായി വന്നിരുന്ന തനിക്കിതെന്തു പറ്റി?? തന്‍റെ ചിന്തകള്‍ എങ്ങോട്ടാണ് തന്നെ കൂട്ടികൊണ്ട് പോകുന്നത് ?? മനസിനെ മഥിക്കുന്ന ചിന്തകള്‍ ഉണ്ടാകുമ്പോഴാണ് സാധാരണ ഞാന്‍ എഴുതാനിരിക്കുന്നത്. ഇന്ന് തനിക്ക് എന്ത് പറ്റി ?? അറിയില്ല ഒന്നും അറിയില്ല... 42 വര്‍ഷത്തെ ഏകാന്ത വാസം.. അതൊരിക്കലും തനിക്ക് വിരസത സമ്മാനിച്ചിട്ടില്ല. സമൂഹത്തിന്‍റെ പല തരത്തില്‍ ഉള്ള ചോദ്യങ്ങള്‍ക്ക് മുന്നിലും പതറാതെ മുന്നോട്ട് പോയിട്ടേ ഉള്ളു ഇത് വരെ.
സ്വപ്നങ്ങളെ മനപൂര്‍വം മസ്തിഷ്കം എന്നില്‍ നിന്ന് മറച്ചു വെയ്ക്കുകയായിരുന്നോ അതോ സ്വപ്‌നങ്ങള്‍ എന്നില്‍ നിന്ന് അകന്നു നില്കുകയായിരുന്നോ ഇത് വരെ ...അറിയില്ല.. തനിക്ക് ഒന്നും അറിയില്ല.. വീണ്ടും വര്‍ത്തമാന ലോകത്ത് നിന്നും മനസ് രക്ഷപെടാന്‍ വ്യഗ്രത കാണിച്ചു കൊണ്ടേയിരുന്നു ... അതിനെ തടയാന്‍ അവന്‍റെ ബോധ മനസിന്‌ സാധിച്ചില്ല..
പഴയ കൊട്ടാര സദൃശ്യമായ വീട്.. ചക്രവാള സീമയില്‍ സൂര്യന്‍ കണ്ണാരം പൊത്തി കളിയ്ക്കാന്‍ തുടങ്ങിയ സമയം ആയിരുന്നു എങ്കിലും സാമാന്യം നല്ല ഇരുട്ട് ആ പ്രദേശമാകെ പടര്‍ന്നിരുന്നു.. അവിടേയ്ക്ക് എത്താന്‍ വളരെ അധികം വൈകി പോയി എന്ന് അരവിന്ദന്‍റെ വരവ് കണ്ടാല്‍ അറിയാം. ശേഖരേട്ടാ.. പൊയ്ക്കൊള്..ഞാന്‍ കുറച്ചു വൈകി പോയി... ഏണി ചാരി വെച്ച് അവന്‍ മുകളിലേക്ക് കയറി ലൈറ്റ് ഓണ്‍ ചെയ്തു.. മിന്നാമിനുങ്ങിന്റെ വെട്ടം പോലെ ബള്‍ബ്‌ തെളിഞ്ഞു.. അതിലൂടെ ഒരു വലിയ പാമ്പ്‌ ഇഴഞ്ഞു നീങ്ങി.. അവന്‍ കുറച്ചു നേരം അവിടെയാകെ എന്തോ തിരയുന്നതുപോലെ നടന്നു.. സമയം അതിവേഗം മുന്നോട്ട് പോയ്ക്കൊണ്ടെയിരുന്നു.. അവന്‍ അവിടെ കിടന്ന ഒരു കട്ടിലിലേക്ക് കിടന്നു.. വളരെ വിചിത്രമായ കട്ടില്‍.. അതിനു കാലുകള്‍ ഇല്ലായിരുന്നു ..നിദ്രയുടെ ഏതോ തലത്തില്‍ അവന്‍ ഒരു പെണ്ണുമായി സല്ലപിക്കുന്നത് കാണാമായിരുന്നു ... വിചിത്രം എന്ന് പറയട്ടെ ..അവള്‍ക്ക് മുഖം ഇല്ലായിരുന്നു.. നല്ല ഇടതൂര്‍ന്നു നില്‍ക്കുന്ന , നിതമ്പം മറയ്ക്കുന്ന തലമുടി അവളുടെ അഴക് കൂട്ടി.. ഒരു നേര്‍ത്ത മുണ്ട് മാത്രമേ അവള്‍ ധരിച്ചിട്ടുള്ളൂ.. അതുകൊണ്ട് തന്നെ അവളുടെ അംഗ ലാവണ്യം അവനു ശരിക്കും നുകരാമായിരുന്നു..നേര്‍ത്ത്‌ കൊലുന്നനെയുള്ള കൈകള്‍ , മാറിടം നിറഞ്ഞു നില്‍ക്കുന്ന വെളുത്ത കൊങ്കകള്‍ , ഒതുങ്ങിയ ജഘനം , കൊഴുത്ത മേഖല എല്ലാം കൊണ്ടും അവളൊരു സൗന്ദര്യധാമം ആയി നിലകൊണ്ടു . മനസിലെ തടവറയില്‍ വീര്‍പ്പുമുട്ടിക്കിടന്ന രതിയുടെ രക്ഷപെടല്‍ ശ്രമം നടന്നു കൊണ്ടിരുന്നു . തന്‍റെ ലിംഗത്തില്‍ നിന്ന് ചോര സ്ഖലിക്കാന്‍ തുടങ്ങിയത് കണ്ടു അരവിന്ദ് ഞെട്ടി എഴുന്നേറ്റു . ഞെട്ടലില്‍ നിന്നും വിടുതല്‍ നേടിയ അരവിന്ദന് ആ സ്വപ്നം അതിശയം ആയി മാറി . ! എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുന്നു. അവനു അവനെ തന്നെ മനസിലാകുന്നില്ല.. അന്ന് ജീവിതത്തില്‍ ആദ്യമായിട്ട് വിവാഹം കഴിക്കണം എന്ന തോന്നല്‍ അവന്‍റെ മനസ്സില്‍ ഉണ്ടായിരിക്കുന്നു...തന്നെ തനിക്ക് നഷ്ടപ്പെടുന്നു ...അരവിന്ദന്‍ മരിക്കാന്‍ തുടങ്ങിയിരിക്കുന്നു.. ഈ 42 വര്‍ഷക്കാലം ജീവിതത്തില്‍ എല്ലാവരും ഉണ്ടായിരുന്നു.. ബാക്കിയുള്ള ജീവിതം എനിക്ക് വേണ്ടി മാത്രം എന്റേതായ രീതിയില്‍ ജീവിക്കാന്‍ ആഗ്രഹിച്ചിട്ട് ....കെട്ടുപാടുകകള്‍ ഇല്ലാത്ത ഏകാന്തമായ ജീവിതം ആഗ്രഹിച്ചിട്ട് ....എനിക്ക് എന്നെ നഷ്ടപ്പെടുകയാണല്ലോ എന്നോര്‍ത്ത് വീണ്ടും ആ ചാരു കസേരയിലേക്ക് നിര്‍വികാരനായി അരവിന്ദ് കിടന്നു ....

Wednesday, July 10, 2013

അറിയില്ലിനിയെങ്ങോട്ട് , അറിയില്ല 

അറുത്തുമുറിച്ച ബന്ധത്തിന്‍ തിരുശേഷിപ്പുമായി 

തുഴയില്ലാത്ത തോണിയില്‍ 

കുതിപ്പും കിതപ്പും ഇല്ലാതെ നിലയില്ലാ കയത്തില്‍ 

ഒഴുകി നീങ്ങുന്നു എങ്ങോട്ടെന്നില്ലാതെ 

ചിലര്‍ പറയുന്നു ജീവിത നാശമെന്ന് , അറിയില്ലി -

തെങ്ങനെ ജീവിത നാശമാകും

മുറിവിന്‍റെ നീറ്റല്‍ ആളിപ്പടരുമ്പോഴും

അദൃശ്യ സുഖത്തിന്റെ നെയ്യാമ്പലായി

മാറുന്നു വേദനയുടെ മുരിക്കിന്‍ പൂക്കള്‍

ഹ ! ആപേക്ഷിക ദ്വന്ദങ്ങളില്‍ പെട്ടുഴലുന്ന മനസിനി -

ത്തിരി വെട്ടമേകാനാവാതെ മായുന്നു ചന്ദ്ര ബിംബം

കരിമ്പടം പുതച്ചു കാഴ്ച മറക്കുന്ന രാത്രി

ഇഴയുന്നു ആത്മപീഢയാല്‍ സ്വയം തീര്‍ത്ത വാരിക്കുഴിയിലേയ്ക്ക്