Friday, February 15, 2013

      
                 പാപ്പിലിയോ ബുദ്ധ - ഒരു ചെറു കുറിപ്പ്



                            സമ്പത്ത്പങ്കുവെച്ചപ്പോളും അറിവ് പങ്കുവെച്ചപ്പോഴും നമ്മളവര്‍ക്ക് ഒന്നും കൊടുത്തില്ല. അവന്റെ ഭൂമിയും പെണ്ണിനേയുംകീഴടക്കി നമ്മള്‍ പലപ്പോഴും കാടുകളിറങ്ങി. സമ്പത്തിന്റെയും സംസ്‌കാരത്തിന്റെയും സമ്പൂര്‍ണതയില്‍ അഭിരമിക്കുന്ന ആധുനിക മനുഷ്യന്‍ , മണ്ണിന്റെ ശ്വാസമറിഞ്ഞ് ജീവിക്കുന്നവരെ ആദിവാസികളെന്നും ദളിതനെന്നും വിളിച്ച് പുച്ഛിച്ചു. അവന്ബുദ്ധന്റെ മുഖമാണെന്ന് ജയന്‍ ചെറിയാന്‍ നമ്മളോടു പറഞ്ഞു തരികയാണ്.
' ഒരു യുഗത്തിലെ ആദ്യം ഉയിര്തെഴുനെല്‍ക്കപ്പെട്ടവന്‍' അതിന്റെ പര്യായം ആണല്ലോ ബുദ്ധന്‍. . അങ്ങനെ ഉള്ള കറുത്ത ബുദ്ധന്‍മാര്‍ ആയുധമെടുക്കുന്ന സമൂഹം വിദൂരമല്ലെന്ന് പ്രത്യാശിച്ച് കൊണ്ട് പാപ്പിലിയൊ ബുദ്ധയെക്കുറിച്ച് ചെറിയ ആസ്വാദനക്കുറിപ്പ്....
ആവാസ വ്യവസ്ഥയ്ക്ക് വേണ്ടി പോരടിക്കേണ്ടി വരുന്ന പാര്‍ശ്വവത്കൃതരെ ജയന്‍ ചെറിയാന്‍., നിങ്ങള്‍ കാണിച്ചു തന്നു. ഭരണകൂടം കാണരുതെന്നു പറയുന്ന കാഴ്ചകള്‍ കാണണമെന്ന് ആഗ്രഹിക്കുന്ന യുവാക്കള്‍ ഉണ്ടെന്ന്് നിങ്ങള്‍ക്കറിയാമായിരുന്നു. പോരടിച്ച് ജീവിക്കുന്ന ഈ ഭൂമുഖത്ത്് ദളിതന്റേയും ആദിവാസികളുടേയും സഹനങ്ങളാണ് നാഗരിക ജീവികള്‍ കാണാതെ പോയത്. ദളിതന്‍ തന്റേടിയാകുമ്പോള്‍ ഇളകുന്നത് സമ്പന്നന്റെ ഇരിപ്പിടമാണെന്നുള്ള സ്വാഭാവിക നീതികളാവാം ദളിതന്റെ വരവിനെ പേടിക്കുന്നത്. ഹരിജനങ്ങളെന്ന സംബോധന പോലും അവന്റെ ഇരട്ടപ്പേരായിട്ടാണ് സമൂഹം വായിച്ചതെന്നു പാപ്പിലിയൊ ബുദ്ധ പറയുന്നു. അതിനാല്‍ ദളിതന്റെയും ആദിവാസികളുടേയും തോളോടു തോള്‍ ചേര്‍ന്നു നിന്ന് പാപ്പിലിയൊ ബുദ്ധ ഗാന്ധിയേയും ഗാന്ധി ഭക്തരേയും നിര്‍ഭയം വിമര്‍ശിക്കുന്നു. ഗാന്ധി ഉപയോഗിച്ച ഹരിജന്‍ എന്ന വാക്ക് പോലും അവര്‍ വലിച്ചെറിയുന്നു. ഞങ്ങള്‍ ആരുടേയും ഹരിജനങ്ങള്‍ അല്ല എന്ന് ഉറക്കെ വിളിച്ചു പറയുന്നു അവര്‍..
സിനിമയുടെ ആഖ്യാനത്തിലുണ്ടാകുന്ന സ്വാഭാവികതയും സംഭാഷണത്തിലെ മൂര്‍ച്ചയും ചലച്ചിത്രത്തെ തീവ്രമായ രാഷ്ട്രീയ അനുഭവമാക്കി മാറ്റുന്നു. കാലങ്ങള്‍ അടിച്ചമര്‍ത്തിയവരുടെ ഭാഷയും ചിന്തയും പ്രവര്‍ത്തിയും വള്ളുവനാടന്‍ ഭാഷ സംസാരിക്കുന്ന സാത്വികന്റേതായിരിക്കില്ല. അനുഭവങ്ങളെ തൊണ്ടക്കുഴിയുലുറഞ്ഞു കൂടുന്ന കഫം പോലെ കട്ടത്തെറിയായാണ് അവന്‍ പുറത്തേക്ക് വിടുന്നത്. 
ആവാസ വ്യവസ്ഥയ്ക്ക് വേണ്ടി പോരടിക്കേണ്ടി വരുന്നു ഈ പാര്‍ശ്വ വത്കൃത ആദിവാസികള്‍ക്ക്,ഭൂമിയുടെ സ്വന്തം മക്കള്‍ക്ക്, ശബ്ദം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഇവരും മറ്റു ജീവജാലങ്ങളും ഏതാണ്ട് ഒരേ തൂവല്‍ പക്ഷികള്‍.. ബഹുപൂരിപക്ഷം വരുന്ന സവര്‍ണ്ണ വര്‍ഗ്ഗത്തിന്റെ കിരാതമായ കടന്നു കയറ്റവും കൊള്ളയടിക്കലും പ്രതിരോധിക്കാനാകാതെ നിശബ്ദം നോക്കി നില്‍ക്കാന്‍ വിധിക്കപ്പെട്ടവര്‍ , ഇവരെ ഇവിടുത്തെ ജൈവ വൈവിധ്യത്തെ സംരക്ഷിക്കുന്നതുപോലെ തന്നെ സംരക്ഷിക്കപ്പെടെണ്ടാതാണ്. ഈ ഒരു അര്‍ത്ഥത്തില്‍ ആണോ സിനിമയ്ക്ക് പാപ്പിലിയോ ബുദ്ധ എന്ന പേരിട്ടിരിക്കുന്നത് എന്ന സംശയം ആദ്യമേ ഉന്നയിചോട്ടെ. മയിലിനെപ്പോലെ വര്‍ണ്ണ മനോഹരമായ നിറങ്ങള്‍ ഉള്ള , ശരീരത്തില്‍ വരകള്‍ ഉള്ള , വളഞ്ഞ വാളുകള്‍ ഉള്ള മലബാര്‍ മേഖലയില്‍ മാത്രം കണ്ടു വരുന്ന ഒരു ചിത്ര ശലഭത്തിന്റെ ശാസ്ത്രീയ നാമം ആണ് സിനിമയ്ക്ക് ഇട്ടിരിക്കുന്നത്. അത് സിനിമയുമായി ചേരുന്നത് ഞാന്‍ പറഞ്ഞ അര്‍ത്ഥത്തില്‍ ആണോ എന്ന് സംശയിക്കുന്നു.
ദൃശ്യ സമ്പുഷ്ടമായ വിപ്ലവ കാവ്യം ആണ് ജയന്‍ കെ ചെറിയാന്‍ തന്റെ ആദ്യ സൃഷ്ടിയിലൂടെ പ്രേക്ഷകനിലേക്ക് സന്നിവേശിപ്പിക്കുന്നത്. എം ജെ രാധാകൃഷ്ണന്റെ ക്യാമറ കണ്ണിലൂടെ മനോഹരങ്ങളായ ദൃശ്യങ്ങളും ആശയ സമ്പുഷ്ടമായ ദൃശ്യങ്ങളും പ്രേക്ഷകനില്‍ ഉണ്ടാക്കുന്നത് മറ്റൊരു വിപ്ലവം തന്നെ.
സമഗ്രവും വസ്തു നിഷ്ടപരവും ആയ ഒരു നിരൂപണം തയാറാക്കാന്‍ ഞാനും എന്റെ ഭാഷയും അശക്തമാണ്. സ്വതന്ത്ര പരമാധികാര റിപ്പബ്ലിക് രാഷ്ട്രത്തില്‍ ഒരു കലാകാരന് സ്വതന്ത്രാവിഷ്‌കാരം നടത്തിയതിന്റെ പേരില്‍ തന്റെ കലാസൃഷ്ടി ബഹുജന സമക്ഷം പ്രദര്‍ശിപ്പിക്കാന്‍ അനുമതി നിഷേധിച്ചു എന്ന് പറയുന്നത് വല്ലാത്ത ദുര്യോഗം തന്നെ. കുറെ നാളുകളായി എന്റെ മനസ്സില്‍ ഉറഞ്ഞു കൂടിയ ചോദ്യത്തെ ഒരിക്കല്‍ കൂടി ഓര്‍മിപ്പിച്ചു ഈ സംഭവം. ഇന്ത്യ സ്വതന്ത്രയോ?. എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ എഴുതിയ ഗാന്ധി വിമര്‍ശനങ്ങള്‍ക്ക് അതീതന്‍ അല്ല. അദ്ദേഹം ഒരു കള്ള നാണയം ആയിരുന്നു എന്നതില്‍ സംശയം ഇല്ല. അതുകൊണ്ട് തന്നെ അഭിനവ ഗാന്ധിസത്തെയും വിമര്‍ശിക്കുന്നുണ്ട് ചിത്രത്തില്‍.. സത്യങ്ങള്‍ തുറന്നു പറയുമ്പോള്‍ എന്തിനാണ് പേടിക്കുന്നത്?? ആരെയാണ് പേടിക്കേണ്ടത്?
പാര്‍ശ്വ വത്കൃത ദളിതന്റെ ജീവിതത്തിലേക്കുള്ള ഒരു നേര്‍സാക്ഷ്യം ആകാന്‍ സിനിമ ശ്രമിക്കുന്നുണ്ട്. ചിത്രം കാണുമ്പോള്‍ നിരവധി സംശയങ്ങള്‍ ഉണ്ടാകുന്നുണ്ട്. അത് ഞാന്‍ നിങ്ങളുമായി പങ്കുവെയ്ക്കാന്‍ ആഗ്രഹിക്കുന്നു.
1. പേരും സിനിമയും തമ്മില്‍ ഉള്ള ബന്ധം
2. ബുദ്ധനും ദളിതനും തമ്മിലുള്ള ബന്ധം
3. ദളിതനായ ശങ്കരനും മന്ച്ചുശ്രീയും തമ്മില്‍ രതിയില്‍ ഏര്‍പ്പെടുമ്പോള്‍ ബുദ്ധ പ്രതിമയും സ്ത്രീയും തമ്മില്‍ പ്രാപിക്കുന്ന ബിംബത്തിന്റെ സാംഗത്യം
4. ആദ്യ സീനില്‍ മയിലും ശങ്കരനും തമ്മില്‍ കെട്ടിപിടിച്ചു കിടക്കുന്നതിന്റെ അര്‍ത്ഥ0
5. സ്വവര്‍ഗ രതി- ശങ്കരനും പഠനത്തിനു വേണ്ടി വന്ന സായിപ്പും , അതേപോലെ ദളിതന്റെ ജീവിതം പകര്‍ത്താന്‍ എത്തിയ സവര്‍ണ്ണ പ്രതിനിധികളിലെ രണ്ടു സ്ത്രീകള്‍ തമ്മില്‍..
എന്താണ് ഇതുകൊണ്ട് പറയാന്‍ ശ്രമിക്കുന്നത്
ബുദ്ധനേയും ബുദ്ധമതത്തേയും കണ്‍മുന്നില്‍ നിന്ന്് ആട്ടിയോടിച്ചവര്‍ കറുത്ത ബുദ്ധന്‍മാരെയും അപ്രത്യക്ഷമാക്കാതിരിക്കട്ടെ...

No comments:

Post a Comment