Thursday, February 7, 2013

                                                              പൊയ്മുഖം

ചിറകറ്റുപോയ പക്ഷിയെപ്പോലെ രഘുരാമന്‍ ഇരുളടഞ്ഞ വിജനമായ വഴിയിലൂടെ നടന്നു നീങ്ങുകയാണ്. മുഷിഞ്ഞ ഷര്‍ട്ടും പാന്റ്സും നീണ്ടു വളര്‍ന്നു കിടക്കുന്ന ചുരുണ്ട തലമുടിയും കുറ്റിത്താടി രോമങ്ങളും ഒക്കെ കൂടി ആകെ വികൃതമായ രൂപം. ആര്‍ത്തിരമ്പുന്ന മഹാസമുദ്രത്തിന്റെ തിരയിളക്കം അവന്‍റെ കണ്ണുകളില്‍ കാണാം. ചിന്തയുടെ വേലിയേറ്റം അവനെ കൊണ്ടു ചെന്നെത്തിച്ചത് ഭാമയുടെ മടിത്തട്ടിലേക്കാണ്.
                                            ലാളിത്യം തുളുമ്പി നില്‍ക്കുന്ന പെണ്ണാണ് ഭാമ. തുളസിക്കതിരിന്റെ നൈര്‍മല്യവും,വിരിഞ്ഞു നില്‍ക്കുന്ന കണിക്കൊന്നയുടെ ഇളം ദളത്തിന്‍റെ നിറവും, താമരയല്ലിയുടെ ഗന്ധവുമുള്ളവളാണ് ഭാമ. അവളുടെ സൗന്ദര്യം വര്‍ണ്ണിക്കാന്‍ ഞാനെന്നും അശക്തനായിരുന്നു. ബാഹ്യ സൗന്ദര്യം പോലെ തന്നെ ആയിരുന്നു അവളുടെ സ്വഭാവവും. എനിക്ക് ജീവിതത്തില്‍ കിട്ടിയ ഏറ്റവും വലിയ നിധി ആയിരുന്നു ഭാമ. അവളെ എവിടെ വെച്ച് കണ്ടുമുട്ടിയെന്നോ , വരണ്ട സ്വഭാവമുള്ള ഞാനുമായി എങ്ങനെ ചങ്ങാത്തം കൂടിയെന്നോ , അറിയില്ല. ഇന്നും അജ്ഞാതമായി തുടരുന്നു. അല്ലെങ്കില്‍ കാലം എന്റെ ഓര്‍മ്മയെ അതില്‍ നിന്നും ഒരു ജാല വിദ്യക്കാരന്റെ കൌശലത്തോടെ മറച്ചു പിടിച്ചിരിക്കുന്നു. ഒരു പക്ഷെ നിങ്ങള്‍ക്ക് തോന്നിയേക്കാം ഇങ്ങനെയൊക്കെ സംഭവിക്കുമോയെന്ന്? സംഭവിക്കും. അതാണെന്റെ അനുഭവം.
                                              അപ്പൂപ്പന്‍ താടികള്‍ അന്തരീക്ഷത്തിലൊഴുകി നടക്കുന്നതുപോലെ , ഏതോ മായികലോകത്ത്‌ ഒഴുകി നടക്കുന്നതുപോലെയായിരുന്നു അവളോടോപ്പമുള്ള ഓരോ നിമിഷവും. അവളുടെ സാമീപ്യവും സംസാരവും എന്നിലുണ്ടാക്കുന്ന വികാരങ്ങള്‍ വര്‍ണ്ണിക്കുവാന്‍ അക്ഷരങ്ങളുടെ വര്‍ണ്ണക്കൂട്ടുകള്‍ മതിയാവില്ല.
                                             ഞങ്ങള്‍ തമ്മില്‍ എപ്പോഴും പിണങ്ങാനെ നേരമുണ്ടായിരുന്നുള്ളു. ആ പിണക്കങ്ങളുടെ സുഖം അതില്ലാതെ വരുമ്പോഴാണ് കൂടുതല്‍ മനസിലാകുക. അത്രമാത്രം ഞങ്ങള്‍ ആ കൊച്ചു കൊച്ചു പിണക്കങ്ങള്‍ ആസ്വദിച്ചിരുന്നു. എന്നെ ശുണ്‍ഡി പിടിപ്പിക്കുവാനായി അവള്‍ സദാ ശ്രമിച്ചുകൊണ്ടിരുന്നു. ആ പിണക്കങ്ങള്‍ കൂടുതല്‍ ആസ്വാദ്യകരമാകാന്‍ വേറൊരു കാരണം കൂടിയുണ്ട്. പിണക്കത്തിനൊടുവില്‍ ഇണങ്ങുവാനായ് അവള്‍ എന്റെ ചുണ്ടില്‍ സമര്‍പ്പിക്കുന്ന അഞ്ജലിയായിരുന്നു തേനിനെക്കാള്‍ മധുരമൂറുന്ന ചുംബനം. ഒരു ചുംബനത്തിനു ഇത്രമാത്രം മാധുര്യവും മാസ്മരികതയും ഉണ്ടെന്നു ബോധ്യപ്പെടുത്തിത്തന്നത് അവളായിരുന്നു. ചുണ്ടുകളുടെ മാന്ത്രിക സ്പര്‍ശം എന്നെ, അവളുടെ ശരീരത്തില്‍ നുരച്ചു കയറുന്ന ഒരു പുഴു ആക്കി മാറ്റുമായിരുന്നു. ഭൂതകാലത്തിന്റെ മാറാല പിടിച്ച ചിന്തകളും ഭാവി കാലത്തിന്‍റെ ആശങ്കകളും ഇല്ലാതെ നിമിഷങ്ങളില്‍ ജീവിക്കുവാന്‍ അവളെന്നെ പരിശീലിപ്പിക്കുകയായിരുന്നു. ആ അനര്‍ഘ നിമിഷങ്ങളുടെ നശ്വരത ചിലപ്പോഴെങ്കിലും എത്തിനോക്കുമ്പോള്‍, അവള്‍ വീണ്ടും വീണ്ടും എന്നിലേക്ക് അനുഭൂതിയുടെ വേരുകള്‍ ആഴത്തില്‍ പടര്‍ത്തുമായിരുന്നു. അങ്ങനെ ഒരു ശരീരമായി, ഒരു മനസായി , ഭാരമില്ലാതെ ആകാശപ്പൊയ്കയില്‍ ഒഴുകി നടക്കുമായിരുന്നു. ആ യാത്രയില്‍ അവളുടെ സ്വനതന്തുക്കള്‍ മീട്ടുന്ന മധുര സംഗീതമായി, എന്നെ കോള്‍മൈര്‍ കൊള്ളിക്കുന്ന,"രാരു" എന്ന വിളി എന്നെ കൂട്ടിക്കൊണ്ടു പോകുന്നത് മറ്റേതോ ഗന്ധര്‍വ ലോകത്തേയ്ക്കായിരുന്നു. ആ മാന്ത്രിക സംഗീതം നുകരാന്‍ എന്റെ കാതുകള്‍ക്ക് ഭാഗ്യമുണ്ടാകുമോ ? പെട്ടെന്ന്‍ , ഞെട്ടലോടെ , ചിന്തയുടെ ഭാരം കൊണ്ടു തൂങ്ങി നില്‍ക്കുന്ന കണ്ണുകളുമായി രഘുരാമന് വര്‍ത്തമാനകാലത്തിലേയ്ക്ക് എത്തിപ്പെടുവാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും വേദനിപ്പിക്കുന്ന സുഖകരമായ സ്മരണകള്‍ പിന്നോട്ട് പിടിച്ചു വലിച്ചുകൊണ്ടിരുന്നു. "ഇത്രയും നാള്‍ എവിടായിരുന്നെടാ രഘു?" നന്ദന്റെ ഉറക്കെയുള്ള ഈ ചോദ്യം ആ വടംവലിയില്‍ രഘുവിന് ജയം സമ്മാനിച്ചു.
                                         കുഞ്ഞൂ..........കുഞ്ഞൂസേ............അശിനിപാതം പോലെ ഈ ശബ്ദം നന്ദന്‍റെ ചെവികളെ പേടിപ്പിച്ചു. "ഡാ.....രഘു....ഡാ...എന്താടാ?....എന്ത് പറ്റി?...ആകെ വിയര്‍ത്തു കുളിച്ചല്ലോ നീ ഏ??...വെള്ളം വേണോ നിനക്ക്?? സ്മരണയുടെ ഏടുകള്‍ നിമിഷങ്ങളിലേക്ക് മടങ്ങിയെത്താന്‍ കുറച്ചു സമയം വേണ്ടി വന്നു. ആര്‍ക്കും പിടി കൊടുത്തിട്ടില്ലാത്ത തന്റെ ഉള്ളറയുടെ താക്കോല്‍ കൈമോശം സംഭവിച്ചിരിക്കുന്നു എന്ന ചിന്ത രഘുവിനെ അലോസരപ്പെടുത്തി.
                                        ഓര്‍മ്മപ്പുസ്തകത്തിലെ താളുകളിലൂടെ ചിതലുകള്‍ വീണ്ടും ചിത്രം വരച്ചു തുടങ്ങി.- രതിയുടെ ഉയര്‍ച്ച-താഴ്ചകളിലൂടെ ബഹുദൂരം സഞ്ചരിക്കുവാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു. ജീവിതത്തില്‍ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത സവിശേഷമായ വികാരം, ആ വികാരത്തിന്‍റെ തോണിയിലേറി ഭയമില്ലാതെ സഞ്ചരിക്കുവാന്‍ എന്നെ പഠിപ്പിച്ചത് എന്റെ കുഞ്ഞൂസ് ആയിരുന്നു.ഒരു കൊച്ചു കുട്ടിയുടെ അത്ഭുതത്തോടെ, നിഷ്കളങ്കതയോടെ രതിയുടെ അത്ഭുത പ്രപഞ്ചത്തിന്‍റെ സൗന്ദര്യം മുഴുവനായും നുകരാന്‍ അവള്‍ എന്നെ സഹായിച്ചു. നിമിഷങ്ങളില്‍  ജീവിക്കുവാന്‍ മനുഷ്യനെ പഠിപ്പിക്കുന്ന നല്ലൊരു ഗുരുനാഥന്‍ ആണല്ലോ രതി ! യുക്തിയ്ക്കപ്പുറമുള്ള വികാരങ്ങളുടെ ശ്രേണിയിലൂടെ ജീവിതാനന്ദം കണ്ടെത്തുവാന്‍ മനുഷ്യനെ പ്രാപ്തനാക്കുന്നവയില്‍ രതി എപ്പോഴും ഉന്നതിയില്‍ നില്‍ക്കുന്നു. അതിനെ മനസിലാക്കാന്‍, പഠിക്കാന്‍ , പവിത്രത ഉള്‍ക്കൊള്ളാന്‍ അവള്‍ എന്നെ പ്രാപ്തനാക്കി.
                                         " ആരാടാ ഈ കുഞ്ഞൂസ്??"(ചിരിയോടെ) താന്‍ പ്രതീക്ഷിച്ച ആ ചോദ്യം ഇതാ ഇപ്പോള്‍ തന്റെ മുന്നില്‍ വികൃത രൂപം തീര്‍ത്തു നില്‍ക്കുന്നു. "ഓര്‍മ്മയുണ്ടോട നിനക്ക്?" നന്ദന്‍റെ ചോദ്യം രഘുവില്‍ നിസ്സംഗത സൃഷ്ടിച്ചു. മറച്ചു വെച്ച മുഖത്തിന്‌ നേരെയുള്ള ആക്രമണം ആയി ആ ചോദ്യം.
                                           എന്നെ ഞാന്‍ അവള്‍ക്ക് പൂര്‍ണ്ണമായും സമര്‍പ്പിച്ചു. എന്നിട്ടും അത് മനസിലാക്കാത്ത പോലെയുള്ള അവളുടെ പെരുമാറ്റം എന്നെ തെല്ലൊന്നുമല്ല ദുഖിപ്പിച്ചത്. നിസ്സാര കാര്യങ്ങള്‍ക്കുപോലും അവള്‍ വഴക്കിട്ടുകൊണ്ടെയിരുന്നു. അവള്‍ക്ക് അവളുടെതാകുന്ന ശരികളും ന്യായങ്ങളും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ അവള്‍ മറ്റുള്ളവരുടെ വികാര വിചാരങ്ങളെ മാനിച്ചില്ല. നാള്‍ക്കുനാള്‍ അവളുടെ ഓരോ ചെയ്തികളും എന്നെ അവഗണിക്കുന്നതിലും അവഹേളിക്കുന്നതിലും വരെ എത്തി. എന്നിട്ടും അവളെ എനിക്ക് വെറുക്കാന്‍ കഴിഞ്ഞില്ല എന്ന് മാത്രമല്ല അവള്‍ക്ക് ഞാന്‍ വീണ്ടും വീണ്ടും അടിമപ്പെടുകയായിരുന്നു.
                                         എല്ലാവരുടെയും ഉള്ളില്‍ ആര്‍ക്കും പിടികൊടുക്കാതെ കുടികൊള്ളുന്ന " ഞാന്‍ " അതുപോലും അവള്‍ക്ക് മുന്നില്‍ അടിമപ്പെട്ടു. അവളുടെ സ്നേഹത്തിനു മുന്നില്‍ ഒരു മറയും തീര്‍ക്കാന്‍ എനിക്ക് ആവില്ലായിരുന്നു. എന്റെ പ്രണയം, സ്നേഹം, കരുതല്‍ മറ്റും മറ്റും അവള്‍ക്കുള്ള എന്റെ അര്‍ച്ചന ആയിരുന്നു. എന്നിട്ടും അവള്‍ക്ക് അതിനോടുള്ള പ്രതികരണം എന്നെ കൂടുതല്‍ വേദനിപ്പിക്കുന്ന തരത്തിലായിരുന്നു. എന്നില്‍ എത്രമാത്രം വേദന അവള്‍ ഉണ്ടാക്കുന്നുവോ അത്രമാത്രം ഞാന്‍ അവളിലേക്ക് ആകര്‍ഷിക്കപ്പെട്ടുകൊണ്ടേയിരുന്നു. പല നിസ്സാര കാര്യങ്ങള്‍പോലും എന്നില്‍ നിന്നും മാര്‍ച്ച് വെയ്ക്കാന്‍ അവള്‍ കാണിക്കുന്ന ആവേശം എന്നെ ആഴത്തില്‍ മുറിവേല്‍പ്പിച്ചു. എന്റെ പല ചോദ്യങ്ങള്‍ക്കും മറുപടി നിശബ്ദത ആയിരുന്നു. ആ നിശബ്ദതയുടെ അര്‍ഥം മനസിലാക്കാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല. അവളുടെ കാന്തിക മണ്ഡലത്തില്‍ നിന്നും എന്നെ അകറ്റി നിര്‍ത്താനുള്ള അവളുടെ ഓരോ ശ്രമവും വേദനയോടെ ഞാന്‍ ഏറ്റു വാങ്ങി.
ഇത്രയും പറഞ്ഞു തീര്ന്നപ്പോഴേയ്ക്കും രഘു വിതുമ്പിക്കരഞ്ഞു പോയി. തടഞ്ഞു വെച്ച ജലാശയത്തെ പൊട്ടിച്ചു വിട്ടതുപോലെ ആയിരുന്നു അത്. നന്ദന്‍ രഘുവിനെ കെട്ടിപ്പിടിച്ചു കൊണ്ട് സമാശ്വസിപ്പിച്ചു.
                                              എന്‍റെ രാരു ഇല്ലാതെ എനിക്കൊരു ജീവിതം ഇല്ല. എന്റേത് മാത്രം ആയ എന്റെ സ്വന്തം രാരു. അവളുടെ ഇത്തരത്തില്‍ ഉള്ള ഓരോ ഭാഷണവും എന്‍റെ മനസിന്‍റെ കടിഞ്ഞാണുകള്‍ ആയിരുന്നു. കാലത്തിന്‍റെ ഗതിയില്‍ അവള്‍ എന്നില്‍ നിന്നകലാന്‍ തുടങ്ങിയപ്പോള്‍ , പൂര്‍ണ്ണമായും ഞാനൊരറയില്‍ പെട്ടു കഴിഞ്ഞിരുന്നു, ചക്രവ്യൂഹത്തില്‍ പെട്ട അഭിമന്യുവിനെ പോലെ . ആ അറയ്ക്കുള്ളിലെ ജീവവായു ആയിരുന്നു എന്റെ കുഞ്ഞൂസ്. ഇപ്പോഴും എനിക്ക് അജ്ഞാതമായി തുടരുന്നു അവളുടെ ഈ പെരുമാറ്റം. ആരൊക്കെ ഉപേക്ഷിച്ചാലും എന്റെ മരണം വരെ എന്നോടൊപ്പം ഉണ്ടാകും എന്ന് പറഞ്ഞ കുഞ്ഞൂസിന്റെ ഈ മാറ്റം എന്നെ വല്ലാതെ ആശയക്കുഴപ്പത്തിലാക്കുന്നു.എന്നെ ഭ്രാന്തു പിടിപ്പിക്കുന്ന തരത്തിലുള്ള അവളുടെ പെരുമാറ്റം അനുദിനം വര്‍ദ്ധിച്ചു. രതിയുടെ അവാച്യമായ അനുഭൂതിയിലേക്കുള്ള യാത്ര പോലും അവള്‍ക്ക് വിരസമായിരിക്കുന്നു. എന്റെ കാമത്തിന്റെ കടിഞ്ഞാണ്‍ കൂടുതല്‍ കരുതലോടെ പിടിക്കുവാന്‍ എനിക്ക് തരുന്ന പരിശീലനത്തിന്റെ ഭാഗമാണോ ഇത്? അറിയില്ല. വ്യഥിത ചിന്തകള്‍ വല്ലാത്ത മൂളക്കം മനസ്സില്‍ സൃഷ്ടിക്കുന്നു.
                                            ഞങ്ങളുടെ ഓരോ കണ്ടുമുട്ടലും രതി ദേവിയ്ക്കുള്ള അഹസായിരുന്നു. കുഞ്ഞൂസിന്റെ ജീവിതത്തിലെ ആദ്യ കാമദേവന്‍ ഒന്നുമല്ല ഞാന്‍ ; എന്നാല്‍ എന്റെ ജീവിതത്തിലെ ആദ്യ രതീ ദേവി ആയിരുന്നു കുഞ്ഞൂസ്. ആ എന്നെ ആണ് അവള്‍ ഇപ്പോള്‍ അയിത്തം കല്‍പ്പിച്ചു മാറ്റി നിര്‍ത്തിയിരിക്കുന്നത്. ആരും കേള്‍ക്കാതിരുന്ന, കാണാതിരുന്ന , മനസിലാക്കാതിരുന്ന , എന്നിലെ എന്നെ തിരിച്ചറിഞ്ഞവള്‍ ആണ് എന്റെ കുഞ്ഞൂസ്. അവള്‍ ആണ് എന്റെ ജീവന്‍; അവള്‍ ഇല്ലെങ്കില്‍ എന്റെ ചേതനയറ്റുപോകും. അവള്‍ക്കിപ്പോള്‍ ഇത് നിരസ്സിക്കാനാണിഷ്ടമെങ്കില്‍ , അത് നടക്കട്ടെ....ഞാനത് വേദനയോടെ ഏറ്റു വാങ്ങും. കാരണം അവളുടെ ഇഷ്ടമാണ് എനിക്ക് വലുത്.
                                         രഘു രാമന്റെ സംഘര്‍ഷഭരിതമായ മനസിലെ വികാരങ്ങളുടെ തിരയിളക്കം അവനെ ഏതോ അത്ഭുത ദ്വീപിലെത്തിച്ചു. രതീ ദേവിയ്ക്കുള്ള അഹസിനായി ബീജങ്ങളുടെ തിരക്ക് അവനില്‍ അനുഭവപ്പെട്ടു. ആ ബീജങ്ങളുടെ പാനപാത്രം അവനില്‍ നിന്ന് ബഹു ദൂരം ആണെന്ന തിരിച്ചറിവില്ലാതെ.......

No comments:

Post a Comment