Friday, February 15, 2013

      
                 പാപ്പിലിയോ ബുദ്ധ - ഒരു ചെറു കുറിപ്പ്



                            സമ്പത്ത്പങ്കുവെച്ചപ്പോളും അറിവ് പങ്കുവെച്ചപ്പോഴും നമ്മളവര്‍ക്ക് ഒന്നും കൊടുത്തില്ല. അവന്റെ ഭൂമിയും പെണ്ണിനേയുംകീഴടക്കി നമ്മള്‍ പലപ്പോഴും കാടുകളിറങ്ങി. സമ്പത്തിന്റെയും സംസ്‌കാരത്തിന്റെയും സമ്പൂര്‍ണതയില്‍ അഭിരമിക്കുന്ന ആധുനിക മനുഷ്യന്‍ , മണ്ണിന്റെ ശ്വാസമറിഞ്ഞ് ജീവിക്കുന്നവരെ ആദിവാസികളെന്നും ദളിതനെന്നും വിളിച്ച് പുച്ഛിച്ചു. അവന്ബുദ്ധന്റെ മുഖമാണെന്ന് ജയന്‍ ചെറിയാന്‍ നമ്മളോടു പറഞ്ഞു തരികയാണ്.
' ഒരു യുഗത്തിലെ ആദ്യം ഉയിര്തെഴുനെല്‍ക്കപ്പെട്ടവന്‍' അതിന്റെ പര്യായം ആണല്ലോ ബുദ്ധന്‍. . അങ്ങനെ ഉള്ള കറുത്ത ബുദ്ധന്‍മാര്‍ ആയുധമെടുക്കുന്ന സമൂഹം വിദൂരമല്ലെന്ന് പ്രത്യാശിച്ച് കൊണ്ട് പാപ്പിലിയൊ ബുദ്ധയെക്കുറിച്ച് ചെറിയ ആസ്വാദനക്കുറിപ്പ്....
ആവാസ വ്യവസ്ഥയ്ക്ക് വേണ്ടി പോരടിക്കേണ്ടി വരുന്ന പാര്‍ശ്വവത്കൃതരെ ജയന്‍ ചെറിയാന്‍., നിങ്ങള്‍ കാണിച്ചു തന്നു. ഭരണകൂടം കാണരുതെന്നു പറയുന്ന കാഴ്ചകള്‍ കാണണമെന്ന് ആഗ്രഹിക്കുന്ന യുവാക്കള്‍ ഉണ്ടെന്ന്് നിങ്ങള്‍ക്കറിയാമായിരുന്നു. പോരടിച്ച് ജീവിക്കുന്ന ഈ ഭൂമുഖത്ത്് ദളിതന്റേയും ആദിവാസികളുടേയും സഹനങ്ങളാണ് നാഗരിക ജീവികള്‍ കാണാതെ പോയത്. ദളിതന്‍ തന്റേടിയാകുമ്പോള്‍ ഇളകുന്നത് സമ്പന്നന്റെ ഇരിപ്പിടമാണെന്നുള്ള സ്വാഭാവിക നീതികളാവാം ദളിതന്റെ വരവിനെ പേടിക്കുന്നത്. ഹരിജനങ്ങളെന്ന സംബോധന പോലും അവന്റെ ഇരട്ടപ്പേരായിട്ടാണ് സമൂഹം വായിച്ചതെന്നു പാപ്പിലിയൊ ബുദ്ധ പറയുന്നു. അതിനാല്‍ ദളിതന്റെയും ആദിവാസികളുടേയും തോളോടു തോള്‍ ചേര്‍ന്നു നിന്ന് പാപ്പിലിയൊ ബുദ്ധ ഗാന്ധിയേയും ഗാന്ധി ഭക്തരേയും നിര്‍ഭയം വിമര്‍ശിക്കുന്നു. ഗാന്ധി ഉപയോഗിച്ച ഹരിജന്‍ എന്ന വാക്ക് പോലും അവര്‍ വലിച്ചെറിയുന്നു. ഞങ്ങള്‍ ആരുടേയും ഹരിജനങ്ങള്‍ അല്ല എന്ന് ഉറക്കെ വിളിച്ചു പറയുന്നു അവര്‍..
സിനിമയുടെ ആഖ്യാനത്തിലുണ്ടാകുന്ന സ്വാഭാവികതയും സംഭാഷണത്തിലെ മൂര്‍ച്ചയും ചലച്ചിത്രത്തെ തീവ്രമായ രാഷ്ട്രീയ അനുഭവമാക്കി മാറ്റുന്നു. കാലങ്ങള്‍ അടിച്ചമര്‍ത്തിയവരുടെ ഭാഷയും ചിന്തയും പ്രവര്‍ത്തിയും വള്ളുവനാടന്‍ ഭാഷ സംസാരിക്കുന്ന സാത്വികന്റേതായിരിക്കില്ല. അനുഭവങ്ങളെ തൊണ്ടക്കുഴിയുലുറഞ്ഞു കൂടുന്ന കഫം പോലെ കട്ടത്തെറിയായാണ് അവന്‍ പുറത്തേക്ക് വിടുന്നത്. 
ആവാസ വ്യവസ്ഥയ്ക്ക് വേണ്ടി പോരടിക്കേണ്ടി വരുന്നു ഈ പാര്‍ശ്വ വത്കൃത ആദിവാസികള്‍ക്ക്,ഭൂമിയുടെ സ്വന്തം മക്കള്‍ക്ക്, ശബ്ദം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഇവരും മറ്റു ജീവജാലങ്ങളും ഏതാണ്ട് ഒരേ തൂവല്‍ പക്ഷികള്‍.. ബഹുപൂരിപക്ഷം വരുന്ന സവര്‍ണ്ണ വര്‍ഗ്ഗത്തിന്റെ കിരാതമായ കടന്നു കയറ്റവും കൊള്ളയടിക്കലും പ്രതിരോധിക്കാനാകാതെ നിശബ്ദം നോക്കി നില്‍ക്കാന്‍ വിധിക്കപ്പെട്ടവര്‍ , ഇവരെ ഇവിടുത്തെ ജൈവ വൈവിധ്യത്തെ സംരക്ഷിക്കുന്നതുപോലെ തന്നെ സംരക്ഷിക്കപ്പെടെണ്ടാതാണ്. ഈ ഒരു അര്‍ത്ഥത്തില്‍ ആണോ സിനിമയ്ക്ക് പാപ്പിലിയോ ബുദ്ധ എന്ന പേരിട്ടിരിക്കുന്നത് എന്ന സംശയം ആദ്യമേ ഉന്നയിചോട്ടെ. മയിലിനെപ്പോലെ വര്‍ണ്ണ മനോഹരമായ നിറങ്ങള്‍ ഉള്ള , ശരീരത്തില്‍ വരകള്‍ ഉള്ള , വളഞ്ഞ വാളുകള്‍ ഉള്ള മലബാര്‍ മേഖലയില്‍ മാത്രം കണ്ടു വരുന്ന ഒരു ചിത്ര ശലഭത്തിന്റെ ശാസ്ത്രീയ നാമം ആണ് സിനിമയ്ക്ക് ഇട്ടിരിക്കുന്നത്. അത് സിനിമയുമായി ചേരുന്നത് ഞാന്‍ പറഞ്ഞ അര്‍ത്ഥത്തില്‍ ആണോ എന്ന് സംശയിക്കുന്നു.
ദൃശ്യ സമ്പുഷ്ടമായ വിപ്ലവ കാവ്യം ആണ് ജയന്‍ കെ ചെറിയാന്‍ തന്റെ ആദ്യ സൃഷ്ടിയിലൂടെ പ്രേക്ഷകനിലേക്ക് സന്നിവേശിപ്പിക്കുന്നത്. എം ജെ രാധാകൃഷ്ണന്റെ ക്യാമറ കണ്ണിലൂടെ മനോഹരങ്ങളായ ദൃശ്യങ്ങളും ആശയ സമ്പുഷ്ടമായ ദൃശ്യങ്ങളും പ്രേക്ഷകനില്‍ ഉണ്ടാക്കുന്നത് മറ്റൊരു വിപ്ലവം തന്നെ.
സമഗ്രവും വസ്തു നിഷ്ടപരവും ആയ ഒരു നിരൂപണം തയാറാക്കാന്‍ ഞാനും എന്റെ ഭാഷയും അശക്തമാണ്. സ്വതന്ത്ര പരമാധികാര റിപ്പബ്ലിക് രാഷ്ട്രത്തില്‍ ഒരു കലാകാരന് സ്വതന്ത്രാവിഷ്‌കാരം നടത്തിയതിന്റെ പേരില്‍ തന്റെ കലാസൃഷ്ടി ബഹുജന സമക്ഷം പ്രദര്‍ശിപ്പിക്കാന്‍ അനുമതി നിഷേധിച്ചു എന്ന് പറയുന്നത് വല്ലാത്ത ദുര്യോഗം തന്നെ. കുറെ നാളുകളായി എന്റെ മനസ്സില്‍ ഉറഞ്ഞു കൂടിയ ചോദ്യത്തെ ഒരിക്കല്‍ കൂടി ഓര്‍മിപ്പിച്ചു ഈ സംഭവം. ഇന്ത്യ സ്വതന്ത്രയോ?. എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ എഴുതിയ ഗാന്ധി വിമര്‍ശനങ്ങള്‍ക്ക് അതീതന്‍ അല്ല. അദ്ദേഹം ഒരു കള്ള നാണയം ആയിരുന്നു എന്നതില്‍ സംശയം ഇല്ല. അതുകൊണ്ട് തന്നെ അഭിനവ ഗാന്ധിസത്തെയും വിമര്‍ശിക്കുന്നുണ്ട് ചിത്രത്തില്‍.. സത്യങ്ങള്‍ തുറന്നു പറയുമ്പോള്‍ എന്തിനാണ് പേടിക്കുന്നത്?? ആരെയാണ് പേടിക്കേണ്ടത്?
പാര്‍ശ്വ വത്കൃത ദളിതന്റെ ജീവിതത്തിലേക്കുള്ള ഒരു നേര്‍സാക്ഷ്യം ആകാന്‍ സിനിമ ശ്രമിക്കുന്നുണ്ട്. ചിത്രം കാണുമ്പോള്‍ നിരവധി സംശയങ്ങള്‍ ഉണ്ടാകുന്നുണ്ട്. അത് ഞാന്‍ നിങ്ങളുമായി പങ്കുവെയ്ക്കാന്‍ ആഗ്രഹിക്കുന്നു.
1. പേരും സിനിമയും തമ്മില്‍ ഉള്ള ബന്ധം
2. ബുദ്ധനും ദളിതനും തമ്മിലുള്ള ബന്ധം
3. ദളിതനായ ശങ്കരനും മന്ച്ചുശ്രീയും തമ്മില്‍ രതിയില്‍ ഏര്‍പ്പെടുമ്പോള്‍ ബുദ്ധ പ്രതിമയും സ്ത്രീയും തമ്മില്‍ പ്രാപിക്കുന്ന ബിംബത്തിന്റെ സാംഗത്യം
4. ആദ്യ സീനില്‍ മയിലും ശങ്കരനും തമ്മില്‍ കെട്ടിപിടിച്ചു കിടക്കുന്നതിന്റെ അര്‍ത്ഥ0
5. സ്വവര്‍ഗ രതി- ശങ്കരനും പഠനത്തിനു വേണ്ടി വന്ന സായിപ്പും , അതേപോലെ ദളിതന്റെ ജീവിതം പകര്‍ത്താന്‍ എത്തിയ സവര്‍ണ്ണ പ്രതിനിധികളിലെ രണ്ടു സ്ത്രീകള്‍ തമ്മില്‍..
എന്താണ് ഇതുകൊണ്ട് പറയാന്‍ ശ്രമിക്കുന്നത്
ബുദ്ധനേയും ബുദ്ധമതത്തേയും കണ്‍മുന്നില്‍ നിന്ന്് ആട്ടിയോടിച്ചവര്‍ കറുത്ത ബുദ്ധന്‍മാരെയും അപ്രത്യക്ഷമാക്കാതിരിക്കട്ടെ...

Tuesday, February 12, 2013

പ്രണയം അവാച്യമായ , അവര്‍ണ്ണനീയമായ ദിവ്യാനുഭവം. ഈ വികാരത്തിലൂടെ , ഈ അനുഭവത്തിലൂടെ കടന്നു പോകാത്തവര്‍ ജീവിതയാത്രയില്‍ ഉണ്ടാകില്ല. ബൗദ്ധികമായ ചിന്താ സരണികളെ ചുവപ്പ് അടയാളം കാട്ടി വിരട്ടി നിര്‍ത്തി തരളിതമായ വികാര നദിയിലൂടെ ,യഥേഷ്ടം, ഭാരമില്ലാതെ ഒഴുകി നടക്കാന്‍ നമ്മെ സഹായിക്കുന്ന അതുല്യമായ വികാരം അതാണ്‌ പ്രണയം. ക്ഷണികമായ ജീവിതത്തില്‍ ക്ഷണികമായി ജീവിക്കാന്‍ പഠിപ്പിക്കുന്ന വികാരം. ഭൂതകാലത്തിന്റെ മാറാലകളോ , ഭാവികാലത്തിന്റെ ആശങ്കകളോ ഇല്ലാതെ വര്‍ത്തമാനകാലത്തിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ സഹായിക്കുന്ന വികാരം. ഈ വികാരത്തിലൂടെയുള്ള അനന്തമായ യാത്ര സാധ്യമാകാതെ പോകുന്നു.വൈകാരികതലത്തിനു മുകളില്‍ ബൗദ്ധിക തലം മേല്‍ക്കോയ്മ സ്ഥാപിക്കുമ്പോള്‍ പലപ്പോഴും പ്രണയം ബലിയര്‍പ്പിക്കപ്പെടുന്നു.
സുഹൃത്തുക്കളെ ,
വര്‍ഷങ്ങള്‍ക്ക് മുന്പ് കേരളത്തിന്റെയും തമിഴ്നാടിന്റെയും അതിര്‍ത്തിയില്‍ എവിടെയോ ഉള്ള പൂമാല എന്നൊരു ഗ്രാമം. അവിടെ ഉള്ള ഒരു പുരോഹിതനെ ഇടവകയിലെ ഒരു പെണ്‍കുട്ടി പ്രേമിക്കുന്നു. അവള്‍ ആ പാപം അച്ഛനോട് കുംബസരിക്കുക്കയും ചെയ്യുന്നു. അവള്‍ ആത്മഹത്യ ചെയ്യുന്നു. അല്ല പാപിയായ അവള്‍ ആത്മഹത്യ തന്നെ ചെയ്യണ്ടേ?? നാട്ടുകാര്‍ പന്തം കൊളുത്തി പ്രകടനവുമായി വന്നപ്പോള്‍ സുഹൃത്തുക്കളെ അത് സംഭവിച്ചു..അച്ഛന്‍ കെട്ടിതൂങ്ങി ചത്തു. അല്ലാതെ ആ മനുഷ്യന്‍ എന്ത് ചെയ്യാന്‍??? കഷ്ടം തന്നെ. ഇനി വര്‍ത്തമാനകാലത്തിലേക്ക് വരാം. ഒരു ട്രെയിനില്‍ 3 ചെറുപ്പക്കാര്‍ നിരന്നിരിക്കുന്നു. എതിരവശം ഒരു കുടുംബവും, പൈങ്കിളി നോവലുകള്‍ വായിക്കുന്ന ഒരു സുന്ദരി ഉണ്ട്. പിന്നെ കുറെ പോലീസുകാരും. പെണ്‍കുട്ടിയുടെ അച്ഛന്‍ മ്മടെ തൃശൂര്‍ കാരന ഗടിയെ..ഗുണ്ടായിസത്തെ കുറിച്ച് വാതോരാതെ സംസാരിക്കുന്നു. അവന്മാരെ കയില്‍ കിട്ടിയാല്‍ വേദി വെച്ച് കൊല്ലും എന്നൊക്കെ വീരവാദം...ഏത്.... അപ്പോഴാണ്‌ നമ്മുടെ എതിര്‍ വശത്തുള്ള ചെറുപ്പക്കാരന്‍ കൈ പൊക്കിയത്. അപ്പോഴല്ലേ രസം കൈയാമം വെച്ചിരിക്കുന്നു.(ഇവിടെ ഭയങ്കര ചിരി വേണം) അപ്പോഴേക്കും കുടുംബം പേടിച്ചു അടുത്ത കൂപ്പയിലേക്ക്.അപ്പൊ അടുത്തയാളും കൈ പോക്കുന്നു. മൂന്നുപേരെയും കൈയാമം വെച്ചിരിക്കുന്നു സുഹൃത്തുക്കളെ....(തല കുത്തി ചിരിക്കണം) എന്തോ മോഷണക്കുറ്റം ആണ്. അതില്‍ ഒരാള്‍ക്ക് പതിവ് പോലെ മുള്ളാന്‍ മുട്ടുന്നു. പക്ഷെ ബുദ്ധിമാനായ പോലീസുകാരന്‍ മൂനുപെരെയും ഒരുമിച്ചു വിട്ടു കൈയാമം അഴിക്കാതെ..പോലീസുകാരോട കളി. പക്ഷെ അത് സംഭവിച്ചു..അവര്‍ രക്ഷപ്പെട്ടു. താകോല്‍ കൊണ്ട് കൈയാമം ഒക്കെ അവര്‍ അഴിച്ചു അതില്‍ രണ്ടു പേര്‍ ഒരുമിച്ചൊരു ചാട്ടം...ഹോ.....മൂന്നാമത്തെ ആള്‍ എങ്ങോട് പോയി എന്തോ!!!! പള്ളിപ്പെരുന്നാള്‍ നടക്കാത്ത പള്ളി അടച്ചിട്ടിരിക്കുന്ന നമ്മുടെ പൂമാല ഗ്രാമത്തില്‍ തന്നെ അവര്‍ വന്നു പെട്ടു. അവിടെയ്ക്ക് ഗബ്രിയേല്‍ അച്ഛന്‍ തന്റെ ശിഷ്യരെ അയക്കാം എന്ന് അവിടുത്തെ പണക്കാരനായ പ്രമാണിയോട് ഫോണില്‍ പറയുന്നു. അവര്‍ വിളിക്കുകയും ചെയ്യുന്നു.പക്ഷെ ആ കുഗ്രാമത്തില്‍ ഉണ്ടോ റേഞ്ച്. ഹോ റേഞ്ച് പിടിക്കാന്‍ വേണ്ടി മൊബൈല്‍ മുകളിലോട്ട് എറിഞ്ഞു റേഞ്ച് പിടിക്കുന്ന സീന്‍..... ...ഹോ....ചിരിച് ചിരിച്....പക്ഷെ യഥാര്‍ത്ഥ അച്ചന്മാര്‍ വരുന്നില്ല സുഹൃത്തുക്കളെ വരുന്നില്ല പകരം വരുന്നതോ നമ്മുടെ ഈ കള്ളന്മാരും...സ്ഥലത്തെ പ്രധാന വിഡ്ഢി അവരെ വിളിക്കാന്‍ കാതുനില്‍പ്പുണ്ട് അത് പതിവാണല്ലോ. അവിടെ തന്നെ അത്ബുധങ്ങള്‍ കാണിക്കുന്നു. വന്ന ആളുടെ സകല ചരിത്രവും ഇവര്‍ പറയുന്നു. അത്ബുധ സിദ്ധി ഉള്ള നമ്മുടെ ഈ അച്ചന്മാരെ പിന്നെ കാണുന്നില്ല. പിറ്റേ ദിവസം രാവിലെ കപ്യാര്‍ ഓടി വരുന്നു. പള്ളി മുറ്റത് ആരോ കിടക്കുന്നു. എല്ലാവരും കൂടി പള്ളി മുറ്റത്തേക്ക്‌. അതാ അവിടെ നില്‍ക്കുന്നു..ചേ..കിടക്കുന്നു നമ്മുടെ അച്ചന്മാര്‍..... പിന്നെ അവര്‍ അവിടെ അത്ബുധ സിദ്ധികള്‍ കാട്ടുന്നു. രോഗം മാറ്റുന്നു എന്തൊക്കെ ആണോ... പുരോഹിതന്മാരായി അവര്‍ ജീവിക്കുകയായിരുന്നു ..ഒരു മത സൌഹാര്ദത്തിനു വേണ്ടി വെളിച്ചപ്പാട് പോലും പള്ളിയിലെ അച്ചന്മാരുടെ ദിവ്യ സിദ്ധികള്‍ കേട്ട് കാണിക്കയായി വരുന്നു. വെളിച്ചപ്പാടിന്റെ രഹസ്യം പോലും അവര്‍ പറയുന്നു..ഹോ....പിന്നെ ഇടയ്ക്ക് മേമ്പോടിക്കായി ഒരു മുസ്ലിം സഹോദരനെയും കുട്ടികളെയും കാണിക്കുന്നുണ്ട്. പള്ളിപ്പെരുന്നാളിനു പങ്കെടുക്കാന്‍ പുതിയ ഉടുപ്പുകളൊക്കെ മേടിച്ചു....ഇനി ഒന്നും ഞാന്‍ പറയുന്നില്ല.. അവസാനം അവര്‍ പള്ളിപ്പെരുന്നാള്‍ നടത്തുന്നു. ഇതിനിടയില്‍ നിറയെ തമാശകള്‍ ഒക്കെ ഉണ്ട് കേട്ടോ.. നിങ്ങളെ കൂടുതല്‍ പറഞ്ഞു ചിരിപ്പിക്കുന്നില്ല
ആര്‍ത്തിയോടെ ഒരിറ്റ് രേതസിനായി കൊതിച്ചു ധരണി തന്‍ യോനി 
കാര്‍മേഘങ്ങള്‍ അവളെ കൊതിപ്പിച്ചു രതി ക്രീഡകളാല്‍
രതിമൂര്‍ച്ചയില്‍ കനിഞ്ഞു കാര്‍മേഘ തുണ്ടുകള്‍ 
ആവോളം നുകര്‍ന്ന ഭൂമി തന്‍ ഉദരത്തില്‍ നടന്നു ജീവന്‍റെ രാസമാറ്റങ്ങള്‍ 
ഒരമ്മ തന്‍ വാത്സല്യം നുകര്‍ന്ന പൊന്നോമനകള്‍ 
വില പേശി വില്കുന്നു അമ്മ തന്‍ ചാരിത്ര്യത്തെ 
എന്നിട്ടും ധരയോ ലാളിച്ചു വീണ്ടും വീണ്ടും തന്‍ ഇളയ സൃഷ്ടിയെ 
അമ്മ തന്‍ മാറ് പിളര്‍ന്നു രക്തം കുടിക്കുന്ന രക്ത രക്ഷസായി 
അവന്‍ സംഹാര താണ്ഡവമാടുന്നു .....
                                                                                                          ഡിസംബര്‍ 21 2012                                                                                                    തിരുവനന്തപുരത്ത് നടന്ന ചലച്ചിത്ര മാമാങ്കത്തിന്റെ ഒരു deligate ആയിരുന്നു ഞാന്‍. പക്ഷെ ഒരു ദിവസം പോലും ശരീരം കൊണ്ടു അതിന്‍റെ ഭാഗമാകാന്‍ സാധിച്ചില്ല എന്ന അതിയായ സങ്കടം മനസ്സില്‍ നില്‍ക്കുമ്പോഴാണ് അറബിക്കടലിന്റെ റാണിയായ കൊച്ചിയില്‍ ചലച്ചിത്ര മാമാങ്കത്തിന്റെ ശംഖനാദം മുഴങ്ങിയത്. പക്ഷെ അവിടെയും പങ്കെടുക്കാന്‍ പറ്റുമോ എന്ന കാര്യം സംശയം ആയിരുന്നു. എന്തും വരട്ടെ എന്ന് കരുതി ഇന്നലെ കൊച്ചിയിലേക്ക് വണ്ടി കയറി. എന്‍റെ ആത്മാര്‍ത്ഥ സുഹൃത്തിനോട് വിളിച്ചു പറഞ്ഞു, ഞാന്‍ ഇതാ കൊച്ചിയുടെ മടിത്തട്ടിലേക്ക്....
ആദ്യ ദര്‍ശനത്തില്‍ അമ്പരപ്പുണ്ടാക്കിയ കൊച്ചിയില്‍ പല തവണ പോയിട്ടുണ്ടെങ്കിലും ഒരു രാവും പകലും എനിക്ക് മറക്കാനാവാത്ത അനുഭവങ്ങള്‍ നല്‍കിയ കൊച്ചി, ആ അനുഭവങ്ങള്‍ക്ക് കാരണഭൂതനായ എന്റെ സുഹൃത്തിനു സ്നേഹത്തില്‍ പൊതിഞ്ഞ ഒരു ആലിംഗനം സമ്മാനമായി നല്‍കുന്നു.
കൊച്ചി എന്ന മഹാ സാഗരത്തിന്റെ തീരത്തേയ്ക്ക് മറ്റൊരു കടലിന്‍റെ തീരത്തെങ്കിലും എത്താം എന്ന വ്യാമോഹത്തോടെ സരിത , സംഗീത , സവിത എന്നിവരുടെ അടുത്തേയ്ക്ക്...എത്രയും പെട്ടെന്ന്‍ അവിടെയ്ക്ക് എത്തിപ്പെടുക. എന്നെയും കൊണ്ട് എന്റെ തോഴന്‍ അവിടം ലഖ്യമാക്കി പറന്നു. അവരുടെ അങ്കണത്തില്‍ എന്റെ പാദ സ്പര്‍ശനം, ഒരു മഹാസമുദ്രത്തിന്റെ തീരത്ത് പകച്ചു നില്‍ക്കുന്ന ഒരു കൊച്ചുകുട്ടിയായി ഞാന്‍ മാറി. അന്നത്തെ സിനിമകളുടെ രത്നച്ചുരുക്കം അടങ്ങിയ കടലാസ് കഷണം സങ്കടിപ്പിച്ചു. എനിക്കുണ്ടോ മനസിലാകാന്‍!!!!! ആകെ അതില്‍ അറിയാവുന്ന ഒരു സിനിമ സോള്‍ കിച്ചന്‍ ആയിരുന്നു. ഉടനെ തന്നെ ഈ മഹാ തീരത്ത് വിലസുന്ന എന്റെ ഒന്ന് രണ്ടു സുഹൃത്തുക്കളെ വിളിച്ചു. സിനിമകളുടെ പേരുകള്‍ പറഞ്ഞു. അവര്‍ക്കും അത്ര പരിചിതമില്ലാത്ത ചില പേരുകള്‍ ആയിരുന്നു അവ. അതിലോരെണ്ണതെ ഒരു സുഹൃത്ത് തിരിച്ചറിഞ്ഞു. ആ സിനിമയുടെ പേരാണ് സിസ്റ്റര്‍.. ഉര്‍സുല മേഇര്‍ സംവിധാനം ചെയ്ത ഒരു പഴയ സിനിമ. ഞാന്‍ സുഹൃത്തിനോട് പറഞ്ഞു. എന്തും വരട്ടെടാ നമ്മള്‍ ഈ സിനിമയ്ക്ക് കയറുന്നു. അങ്ങനെ സവിതയുടെ അകത്തളത്തിലേക്ക് പ്രവേശിക്കാനുള്ള പാസ് അവിടെ നിന്നും കരസ്ഥമാക്കി അവിടെ നില്‍ക്കുമ്പോള്‍ അതാ ഒരു പരിചിത മുഖം..നമ്മുടെ രവീന്ദ്രന്റെ...പിന്നെയും ഒന്ന് രണ്ടു പരിചിത മുഖങ്ങളെയും കണ്ടു.. പക്ഷെ പേരുകള്‍ പെട്ടെന്ന്‍ ഓര്‍മയില്‍ വരുന്നില്ല... അങ്ങനെ സവിതയുടെ ഉള്ളിലേക്ക്......
വല്ലാത്ത ഒരു കുളിര്‍മയായിരുന്നു അവളുടെ ഉള്ളില്‍... ഇങ്ങനെ ഒരു അനുഭവം ആദ്യം ... ആലപ്പുഴ എന്ന കൊച്ചു നഗരത്തിലെ ഒരു തീയെറ്ററുകളും പകര്‍ന്നു നല്‍കാത്ത അനുഭവം. ഒരു ആങ്ങളുടെയും പെങ്ങളുടെയും ബന്ധങ്ങളിലൂടെ പോകുന്ന ഒരു സിനിമ, ചെറിയ ചെറിയ മോശങ്ങളിലൂടെ പണം ഉണ്ടാക്കുകയും അത് പെങ്ങള്‍ക്ക് വേണ്ടി ചെലവാക്കുകയും ചെയ്യുന്ന ഒരു ബാലന്‍...... കൂടുതല്‍ കഥ പറയുന്നില്ല. തരക്കേടില്ലാത്ത ഒരു സിനിമ. രണ്ടാമത്തെ സിനിമയും അവിടെ തന്നെ കാണാന്‍ തീരുമാനിച്ചു. സിനിമ- top floor left wing. എനിക്ക് അത്ര ഇഷ്ടപ്പെടാഞ്ഞതുകൊണ്ട് സുഹൃത്തിനെയും വിളിച്ചുകൊണ്ട് റൂമിലേക്ക് നടന്നു. മാര്‍ഗ മദ്ധ്യേ തട്ടുദോശയും കഴിച്ചു ....പിറ്റേ ദിവസത്തെ സിനിമ കാഴ്ചകളുടെ സ്വപ്നങ്ങളുമായി രാത്രി വിട വാങ്ങി.... പിറ്റേ ദിവസം കുളിച്ചൊരുങ്ങി വീണ്ടും സിനിമ കാഴ്ച്ചയുടെ ലോകത്ത് വ്യാപരിക്കാം എന്ന ചിന്തയുമായി അവിടെ ചെന്നപ്പോള്‍ അങ്ങനെ ഒരു സംഭവം നടന്നതിന്റെ ഒരു സൂചന പോലും ഇല്ല.. അങ്ങനെ അവിടെ പകച്ചു നില്‍ക്കുമ്പോള്‍ കാണുന്നു സവിതയിലെ ഇന്നത്തെ സിനിമ ....ഡാ തടിയാ....എങ്കില്‍ പിന്നെ അതായ്ക്കോട്ടേ എന്ന് വിചാരിച് രണ്ടു ടിക്കെറ്റുകള്‍ റിസേര്‍വ് ചെയ്തു... പിന്നെയും സമയം ബാക്കി .. അപ്പോള്‍ തീരുമാനിച്ചു . അടുത്ത ഷോ ബാവൂട്ടിയുടെ നാമത്തില്‍ കാണാം .. അതിനും ടിക്കെറ്റുകള്‍ റിസേര്‍വ് ചെയ്യാന്‍ ചെന്നപ്പോള്‍ തീയടെര്‍ തുറന്നിട്ടില്ല .. കുറെ നേരം പദ്മയുടെ വാതില്‍ക്കല്‍ അവളെയും നോക്കി നിന്നിട്ട് തിരിച്ചു പോന്നു . വീണ്ടും സവിതയുടെ മുന്നിലെത്തിയപ്പോള്‍ അവളുടെ രൂപം അങ്ങ് മാറി.... നിറയെ ആളുകള്‍... ഞങ്ങളും ആ ആള്‍ക്കൂട്ടതിലെക്ക് ഇടിച്ചു കയറി... ഞാന്‍ എന്താണോ... എന്റെ ആഗ്രഹം എന്താണോ... അതിനനുസരിച്ച് ഒരു മടിയും കൂടാതെ എനിക്ക് പെരുമാറാനുള്ള സൗകര്യം എന്റെ തോഴന്‍ ഒരുക്കി തന്നു എന്നുള്ളതാണ് അവന്റെ വലിയ മനസ്. ആ ആള്‍ക്കൂട്ടത്തില്‍ അതാ ആഷിക് അബു, അതിലെ പ്രധാന വേഷങ്ങള്‍ ചെയ്ത തടിയന്‍, shaddi എന്നിവര്‍... അവരുടെ ഫോട്ടോകള്‍ എടുക്കാന്‍ ഒരു കൊച്ചു കുട്ടിയെ പോലെ ആവേശത്തോടെ ഞാനും......അപ്പോഴേയ്ക്കും അതാ വരുന്നു നിവിന്‍ പോളി. അദ്ദേഹത്തിന്റെയും കുറെ ഫോട്ടോസ് എടുത്തു അടുത്ത് ചെന്ന് ഹസ്ത ദാനം ചെയ്തു, അപ്പോഴേയ്ക്കും ചൂണ്ടയും എത്തി.....അങ്ങനെ ആ നിറഞ്ഞ അനുഭവങ്ങളുടെ നിറവില്‍, കുളിര്‍മയുള്ള സവിതയിലെ ആ സിനിമ കാഴ്ച ശരിക്കും ആസ്വാദ്യകരമായി......ഒരു വലാത്ത ഉന്മേഷം പകര്‍ന്നു തന്നു......

Thursday, February 7, 2013

                                                              പൊയ്മുഖം

ചിറകറ്റുപോയ പക്ഷിയെപ്പോലെ രഘുരാമന്‍ ഇരുളടഞ്ഞ വിജനമായ വഴിയിലൂടെ നടന്നു നീങ്ങുകയാണ്. മുഷിഞ്ഞ ഷര്‍ട്ടും പാന്റ്സും നീണ്ടു വളര്‍ന്നു കിടക്കുന്ന ചുരുണ്ട തലമുടിയും കുറ്റിത്താടി രോമങ്ങളും ഒക്കെ കൂടി ആകെ വികൃതമായ രൂപം. ആര്‍ത്തിരമ്പുന്ന മഹാസമുദ്രത്തിന്റെ തിരയിളക്കം അവന്‍റെ കണ്ണുകളില്‍ കാണാം. ചിന്തയുടെ വേലിയേറ്റം അവനെ കൊണ്ടു ചെന്നെത്തിച്ചത് ഭാമയുടെ മടിത്തട്ടിലേക്കാണ്.
                                            ലാളിത്യം തുളുമ്പി നില്‍ക്കുന്ന പെണ്ണാണ് ഭാമ. തുളസിക്കതിരിന്റെ നൈര്‍മല്യവും,വിരിഞ്ഞു നില്‍ക്കുന്ന കണിക്കൊന്നയുടെ ഇളം ദളത്തിന്‍റെ നിറവും, താമരയല്ലിയുടെ ഗന്ധവുമുള്ളവളാണ് ഭാമ. അവളുടെ സൗന്ദര്യം വര്‍ണ്ണിക്കാന്‍ ഞാനെന്നും അശക്തനായിരുന്നു. ബാഹ്യ സൗന്ദര്യം പോലെ തന്നെ ആയിരുന്നു അവളുടെ സ്വഭാവവും. എനിക്ക് ജീവിതത്തില്‍ കിട്ടിയ ഏറ്റവും വലിയ നിധി ആയിരുന്നു ഭാമ. അവളെ എവിടെ വെച്ച് കണ്ടുമുട്ടിയെന്നോ , വരണ്ട സ്വഭാവമുള്ള ഞാനുമായി എങ്ങനെ ചങ്ങാത്തം കൂടിയെന്നോ , അറിയില്ല. ഇന്നും അജ്ഞാതമായി തുടരുന്നു. അല്ലെങ്കില്‍ കാലം എന്റെ ഓര്‍മ്മയെ അതില്‍ നിന്നും ഒരു ജാല വിദ്യക്കാരന്റെ കൌശലത്തോടെ മറച്ചു പിടിച്ചിരിക്കുന്നു. ഒരു പക്ഷെ നിങ്ങള്‍ക്ക് തോന്നിയേക്കാം ഇങ്ങനെയൊക്കെ സംഭവിക്കുമോയെന്ന്? സംഭവിക്കും. അതാണെന്റെ അനുഭവം.
                                              അപ്പൂപ്പന്‍ താടികള്‍ അന്തരീക്ഷത്തിലൊഴുകി നടക്കുന്നതുപോലെ , ഏതോ മായികലോകത്ത്‌ ഒഴുകി നടക്കുന്നതുപോലെയായിരുന്നു അവളോടോപ്പമുള്ള ഓരോ നിമിഷവും. അവളുടെ സാമീപ്യവും സംസാരവും എന്നിലുണ്ടാക്കുന്ന വികാരങ്ങള്‍ വര്‍ണ്ണിക്കുവാന്‍ അക്ഷരങ്ങളുടെ വര്‍ണ്ണക്കൂട്ടുകള്‍ മതിയാവില്ല.
                                             ഞങ്ങള്‍ തമ്മില്‍ എപ്പോഴും പിണങ്ങാനെ നേരമുണ്ടായിരുന്നുള്ളു. ആ പിണക്കങ്ങളുടെ സുഖം അതില്ലാതെ വരുമ്പോഴാണ് കൂടുതല്‍ മനസിലാകുക. അത്രമാത്രം ഞങ്ങള്‍ ആ കൊച്ചു കൊച്ചു പിണക്കങ്ങള്‍ ആസ്വദിച്ചിരുന്നു. എന്നെ ശുണ്‍ഡി പിടിപ്പിക്കുവാനായി അവള്‍ സദാ ശ്രമിച്ചുകൊണ്ടിരുന്നു. ആ പിണക്കങ്ങള്‍ കൂടുതല്‍ ആസ്വാദ്യകരമാകാന്‍ വേറൊരു കാരണം കൂടിയുണ്ട്. പിണക്കത്തിനൊടുവില്‍ ഇണങ്ങുവാനായ് അവള്‍ എന്റെ ചുണ്ടില്‍ സമര്‍പ്പിക്കുന്ന അഞ്ജലിയായിരുന്നു തേനിനെക്കാള്‍ മധുരമൂറുന്ന ചുംബനം. ഒരു ചുംബനത്തിനു ഇത്രമാത്രം മാധുര്യവും മാസ്മരികതയും ഉണ്ടെന്നു ബോധ്യപ്പെടുത്തിത്തന്നത് അവളായിരുന്നു. ചുണ്ടുകളുടെ മാന്ത്രിക സ്പര്‍ശം എന്നെ, അവളുടെ ശരീരത്തില്‍ നുരച്ചു കയറുന്ന ഒരു പുഴു ആക്കി മാറ്റുമായിരുന്നു. ഭൂതകാലത്തിന്റെ മാറാല പിടിച്ച ചിന്തകളും ഭാവി കാലത്തിന്‍റെ ആശങ്കകളും ഇല്ലാതെ നിമിഷങ്ങളില്‍ ജീവിക്കുവാന്‍ അവളെന്നെ പരിശീലിപ്പിക്കുകയായിരുന്നു. ആ അനര്‍ഘ നിമിഷങ്ങളുടെ നശ്വരത ചിലപ്പോഴെങ്കിലും എത്തിനോക്കുമ്പോള്‍, അവള്‍ വീണ്ടും വീണ്ടും എന്നിലേക്ക് അനുഭൂതിയുടെ വേരുകള്‍ ആഴത്തില്‍ പടര്‍ത്തുമായിരുന്നു. അങ്ങനെ ഒരു ശരീരമായി, ഒരു മനസായി , ഭാരമില്ലാതെ ആകാശപ്പൊയ്കയില്‍ ഒഴുകി നടക്കുമായിരുന്നു. ആ യാത്രയില്‍ അവളുടെ സ്വനതന്തുക്കള്‍ മീട്ടുന്ന മധുര സംഗീതമായി, എന്നെ കോള്‍മൈര്‍ കൊള്ളിക്കുന്ന,"രാരു" എന്ന വിളി എന്നെ കൂട്ടിക്കൊണ്ടു പോകുന്നത് മറ്റേതോ ഗന്ധര്‍വ ലോകത്തേയ്ക്കായിരുന്നു. ആ മാന്ത്രിക സംഗീതം നുകരാന്‍ എന്റെ കാതുകള്‍ക്ക് ഭാഗ്യമുണ്ടാകുമോ ? പെട്ടെന്ന്‍ , ഞെട്ടലോടെ , ചിന്തയുടെ ഭാരം കൊണ്ടു തൂങ്ങി നില്‍ക്കുന്ന കണ്ണുകളുമായി രഘുരാമന് വര്‍ത്തമാനകാലത്തിലേയ്ക്ക് എത്തിപ്പെടുവാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും വേദനിപ്പിക്കുന്ന സുഖകരമായ സ്മരണകള്‍ പിന്നോട്ട് പിടിച്ചു വലിച്ചുകൊണ്ടിരുന്നു. "ഇത്രയും നാള്‍ എവിടായിരുന്നെടാ രഘു?" നന്ദന്റെ ഉറക്കെയുള്ള ഈ ചോദ്യം ആ വടംവലിയില്‍ രഘുവിന് ജയം സമ്മാനിച്ചു.
                                         കുഞ്ഞൂ..........കുഞ്ഞൂസേ............അശിനിപാതം പോലെ ഈ ശബ്ദം നന്ദന്‍റെ ചെവികളെ പേടിപ്പിച്ചു. "ഡാ.....രഘു....ഡാ...എന്താടാ?....എന്ത് പറ്റി?...ആകെ വിയര്‍ത്തു കുളിച്ചല്ലോ നീ ഏ??...വെള്ളം വേണോ നിനക്ക്?? സ്മരണയുടെ ഏടുകള്‍ നിമിഷങ്ങളിലേക്ക് മടങ്ങിയെത്താന്‍ കുറച്ചു സമയം വേണ്ടി വന്നു. ആര്‍ക്കും പിടി കൊടുത്തിട്ടില്ലാത്ത തന്റെ ഉള്ളറയുടെ താക്കോല്‍ കൈമോശം സംഭവിച്ചിരിക്കുന്നു എന്ന ചിന്ത രഘുവിനെ അലോസരപ്പെടുത്തി.
                                        ഓര്‍മ്മപ്പുസ്തകത്തിലെ താളുകളിലൂടെ ചിതലുകള്‍ വീണ്ടും ചിത്രം വരച്ചു തുടങ്ങി.- രതിയുടെ ഉയര്‍ച്ച-താഴ്ചകളിലൂടെ ബഹുദൂരം സഞ്ചരിക്കുവാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു. ജീവിതത്തില്‍ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത സവിശേഷമായ വികാരം, ആ വികാരത്തിന്‍റെ തോണിയിലേറി ഭയമില്ലാതെ സഞ്ചരിക്കുവാന്‍ എന്നെ പഠിപ്പിച്ചത് എന്റെ കുഞ്ഞൂസ് ആയിരുന്നു.ഒരു കൊച്ചു കുട്ടിയുടെ അത്ഭുതത്തോടെ, നിഷ്കളങ്കതയോടെ രതിയുടെ അത്ഭുത പ്രപഞ്ചത്തിന്‍റെ സൗന്ദര്യം മുഴുവനായും നുകരാന്‍ അവള്‍ എന്നെ സഹായിച്ചു. നിമിഷങ്ങളില്‍  ജീവിക്കുവാന്‍ മനുഷ്യനെ പഠിപ്പിക്കുന്ന നല്ലൊരു ഗുരുനാഥന്‍ ആണല്ലോ രതി ! യുക്തിയ്ക്കപ്പുറമുള്ള വികാരങ്ങളുടെ ശ്രേണിയിലൂടെ ജീവിതാനന്ദം കണ്ടെത്തുവാന്‍ മനുഷ്യനെ പ്രാപ്തനാക്കുന്നവയില്‍ രതി എപ്പോഴും ഉന്നതിയില്‍ നില്‍ക്കുന്നു. അതിനെ മനസിലാക്കാന്‍, പഠിക്കാന്‍ , പവിത്രത ഉള്‍ക്കൊള്ളാന്‍ അവള്‍ എന്നെ പ്രാപ്തനാക്കി.
                                         " ആരാടാ ഈ കുഞ്ഞൂസ്??"(ചിരിയോടെ) താന്‍ പ്രതീക്ഷിച്ച ആ ചോദ്യം ഇതാ ഇപ്പോള്‍ തന്റെ മുന്നില്‍ വികൃത രൂപം തീര്‍ത്തു നില്‍ക്കുന്നു. "ഓര്‍മ്മയുണ്ടോട നിനക്ക്?" നന്ദന്‍റെ ചോദ്യം രഘുവില്‍ നിസ്സംഗത സൃഷ്ടിച്ചു. മറച്ചു വെച്ച മുഖത്തിന്‌ നേരെയുള്ള ആക്രമണം ആയി ആ ചോദ്യം.
                                           എന്നെ ഞാന്‍ അവള്‍ക്ക് പൂര്‍ണ്ണമായും സമര്‍പ്പിച്ചു. എന്നിട്ടും അത് മനസിലാക്കാത്ത പോലെയുള്ള അവളുടെ പെരുമാറ്റം എന്നെ തെല്ലൊന്നുമല്ല ദുഖിപ്പിച്ചത്. നിസ്സാര കാര്യങ്ങള്‍ക്കുപോലും അവള്‍ വഴക്കിട്ടുകൊണ്ടെയിരുന്നു. അവള്‍ക്ക് അവളുടെതാകുന്ന ശരികളും ന്യായങ്ങളും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ അവള്‍ മറ്റുള്ളവരുടെ വികാര വിചാരങ്ങളെ മാനിച്ചില്ല. നാള്‍ക്കുനാള്‍ അവളുടെ ഓരോ ചെയ്തികളും എന്നെ അവഗണിക്കുന്നതിലും അവഹേളിക്കുന്നതിലും വരെ എത്തി. എന്നിട്ടും അവളെ എനിക്ക് വെറുക്കാന്‍ കഴിഞ്ഞില്ല എന്ന് മാത്രമല്ല അവള്‍ക്ക് ഞാന്‍ വീണ്ടും വീണ്ടും അടിമപ്പെടുകയായിരുന്നു.
                                         എല്ലാവരുടെയും ഉള്ളില്‍ ആര്‍ക്കും പിടികൊടുക്കാതെ കുടികൊള്ളുന്ന " ഞാന്‍ " അതുപോലും അവള്‍ക്ക് മുന്നില്‍ അടിമപ്പെട്ടു. അവളുടെ സ്നേഹത്തിനു മുന്നില്‍ ഒരു മറയും തീര്‍ക്കാന്‍ എനിക്ക് ആവില്ലായിരുന്നു. എന്റെ പ്രണയം, സ്നേഹം, കരുതല്‍ മറ്റും മറ്റും അവള്‍ക്കുള്ള എന്റെ അര്‍ച്ചന ആയിരുന്നു. എന്നിട്ടും അവള്‍ക്ക് അതിനോടുള്ള പ്രതികരണം എന്നെ കൂടുതല്‍ വേദനിപ്പിക്കുന്ന തരത്തിലായിരുന്നു. എന്നില്‍ എത്രമാത്രം വേദന അവള്‍ ഉണ്ടാക്കുന്നുവോ അത്രമാത്രം ഞാന്‍ അവളിലേക്ക് ആകര്‍ഷിക്കപ്പെട്ടുകൊണ്ടേയിരുന്നു. പല നിസ്സാര കാര്യങ്ങള്‍പോലും എന്നില്‍ നിന്നും മാര്‍ച്ച് വെയ്ക്കാന്‍ അവള്‍ കാണിക്കുന്ന ആവേശം എന്നെ ആഴത്തില്‍ മുറിവേല്‍പ്പിച്ചു. എന്റെ പല ചോദ്യങ്ങള്‍ക്കും മറുപടി നിശബ്ദത ആയിരുന്നു. ആ നിശബ്ദതയുടെ അര്‍ഥം മനസിലാക്കാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല. അവളുടെ കാന്തിക മണ്ഡലത്തില്‍ നിന്നും എന്നെ അകറ്റി നിര്‍ത്താനുള്ള അവളുടെ ഓരോ ശ്രമവും വേദനയോടെ ഞാന്‍ ഏറ്റു വാങ്ങി.
ഇത്രയും പറഞ്ഞു തീര്ന്നപ്പോഴേയ്ക്കും രഘു വിതുമ്പിക്കരഞ്ഞു പോയി. തടഞ്ഞു വെച്ച ജലാശയത്തെ പൊട്ടിച്ചു വിട്ടതുപോലെ ആയിരുന്നു അത്. നന്ദന്‍ രഘുവിനെ കെട്ടിപ്പിടിച്ചു കൊണ്ട് സമാശ്വസിപ്പിച്ചു.
                                              എന്‍റെ രാരു ഇല്ലാതെ എനിക്കൊരു ജീവിതം ഇല്ല. എന്റേത് മാത്രം ആയ എന്റെ സ്വന്തം രാരു. അവളുടെ ഇത്തരത്തില്‍ ഉള്ള ഓരോ ഭാഷണവും എന്‍റെ മനസിന്‍റെ കടിഞ്ഞാണുകള്‍ ആയിരുന്നു. കാലത്തിന്‍റെ ഗതിയില്‍ അവള്‍ എന്നില്‍ നിന്നകലാന്‍ തുടങ്ങിയപ്പോള്‍ , പൂര്‍ണ്ണമായും ഞാനൊരറയില്‍ പെട്ടു കഴിഞ്ഞിരുന്നു, ചക്രവ്യൂഹത്തില്‍ പെട്ട അഭിമന്യുവിനെ പോലെ . ആ അറയ്ക്കുള്ളിലെ ജീവവായു ആയിരുന്നു എന്റെ കുഞ്ഞൂസ്. ഇപ്പോഴും എനിക്ക് അജ്ഞാതമായി തുടരുന്നു അവളുടെ ഈ പെരുമാറ്റം. ആരൊക്കെ ഉപേക്ഷിച്ചാലും എന്റെ മരണം വരെ എന്നോടൊപ്പം ഉണ്ടാകും എന്ന് പറഞ്ഞ കുഞ്ഞൂസിന്റെ ഈ മാറ്റം എന്നെ വല്ലാതെ ആശയക്കുഴപ്പത്തിലാക്കുന്നു.എന്നെ ഭ്രാന്തു പിടിപ്പിക്കുന്ന തരത്തിലുള്ള അവളുടെ പെരുമാറ്റം അനുദിനം വര്‍ദ്ധിച്ചു. രതിയുടെ അവാച്യമായ അനുഭൂതിയിലേക്കുള്ള യാത്ര പോലും അവള്‍ക്ക് വിരസമായിരിക്കുന്നു. എന്റെ കാമത്തിന്റെ കടിഞ്ഞാണ്‍ കൂടുതല്‍ കരുതലോടെ പിടിക്കുവാന്‍ എനിക്ക് തരുന്ന പരിശീലനത്തിന്റെ ഭാഗമാണോ ഇത്? അറിയില്ല. വ്യഥിത ചിന്തകള്‍ വല്ലാത്ത മൂളക്കം മനസ്സില്‍ സൃഷ്ടിക്കുന്നു.
                                            ഞങ്ങളുടെ ഓരോ കണ്ടുമുട്ടലും രതി ദേവിയ്ക്കുള്ള അഹസായിരുന്നു. കുഞ്ഞൂസിന്റെ ജീവിതത്തിലെ ആദ്യ കാമദേവന്‍ ഒന്നുമല്ല ഞാന്‍ ; എന്നാല്‍ എന്റെ ജീവിതത്തിലെ ആദ്യ രതീ ദേവി ആയിരുന്നു കുഞ്ഞൂസ്. ആ എന്നെ ആണ് അവള്‍ ഇപ്പോള്‍ അയിത്തം കല്‍പ്പിച്ചു മാറ്റി നിര്‍ത്തിയിരിക്കുന്നത്. ആരും കേള്‍ക്കാതിരുന്ന, കാണാതിരുന്ന , മനസിലാക്കാതിരുന്ന , എന്നിലെ എന്നെ തിരിച്ചറിഞ്ഞവള്‍ ആണ് എന്റെ കുഞ്ഞൂസ്. അവള്‍ ആണ് എന്റെ ജീവന്‍; അവള്‍ ഇല്ലെങ്കില്‍ എന്റെ ചേതനയറ്റുപോകും. അവള്‍ക്കിപ്പോള്‍ ഇത് നിരസ്സിക്കാനാണിഷ്ടമെങ്കില്‍ , അത് നടക്കട്ടെ....ഞാനത് വേദനയോടെ ഏറ്റു വാങ്ങും. കാരണം അവളുടെ ഇഷ്ടമാണ് എനിക്ക് വലുത്.
                                         രഘു രാമന്റെ സംഘര്‍ഷഭരിതമായ മനസിലെ വികാരങ്ങളുടെ തിരയിളക്കം അവനെ ഏതോ അത്ഭുത ദ്വീപിലെത്തിച്ചു. രതീ ദേവിയ്ക്കുള്ള അഹസിനായി ബീജങ്ങളുടെ തിരക്ക് അവനില്‍ അനുഭവപ്പെട്ടു. ആ ബീജങ്ങളുടെ പാനപാത്രം അവനില്‍ നിന്ന് ബഹു ദൂരം ആണെന്ന തിരിച്ചറിവില്ലാതെ.......