അനുഭവം


ഞാനും എന്‍റെ പ്രണയവും 




                       എന്താണെന്നും എങ്ങനെ ആണെന്നും തിരിച്ചറിവ് ഇല്ലാതിരുന്ന ബാല്യ കാലത്ത്   വര്‍ദ്ധിച്ച കൌതുകത്തോടു കൂടിയാണ് ഞാന്‍ അവളെ കണ്ടിരുന്നത് . ഋതുഭേദങ്ങള്‍ ഭൂമിയില്‍ വരുത്തുന്ന മാറ്റങ്ങള്‍ പോലെ ഞാനും അവളും തമ്മിലുള്ള ബന്ധവും മാറിക്കൊണ്ടിരുന്നു . കൗതുകം ക്രമേണ പ്രണയത്തിനു വഴിമാറി . ആദ്യ കാഴ്ച എന്നാണെന്നോ എപ്പോഴാണെന്നോ കൃത്യമായി ഓര്‍ത്തെടുക്കാന്‍ കഴിയാത്ത വിധം ഓര്‍മ്മകള്‍ എന്നില്‍ മരിച്ചു കൊണ്ടിരിക്കുന്നു . അവാച്യമായ അനുഭൂതികളുടെ തിരമാലകള്‍ തീര്‍ത്തുകൊണ്ടായിരുന്നു അവളുമായുള്ള ഓരോ വേഴ്ചയും അവസാനിച്ചിരുന്നത് . അവളെ കാണാനുള്ള , അറിയാനുള്ള ഒരു അവസരവും ഞാന്‍ പാഴാക്കിയിരുന്നില്ല . വീട്ടുകാര്‍ക്കും അതില്‍ വലിയ എതിര്‍പ്പുകള്‍ ഉള്ളതായി എനിക്ക് തോന്നിയിട്ടും ഇല്ല . വീട്ടുകാര്‍ അറിഞ്ഞുള്ള കാഴ്ചയേക്കാള്‍ നിര്‍ബ്ബാധമായ സൌഖ്യം പകര്‍ന്നു തന്നത് അറിയാതെയുള്ള കാഴ്ചയായിരുന്നു . എന്‍റെ ജീവിതത്തില്‍ ബഹുമുഖ ഭാവങ്ങളില്‍ പരിലസിതയായി നിറഞ്ഞാടുകയായിരുന്നു അവള്‍  - ബാല്യകാല സഖി , കാമുകി , ഭാര്യ , സുഹൃത്ത് അങ്ങനെ. ചിലപ്പോഴൊക്കെ അവളുടെ മുന്നില്‍ ഞാന്‍ അഭിസാരനായ് മാറി .
                        രക്ഷിതാക്കളുടെ സ്നിഗ്ദ്ധതയില്ലാത്ത പെരുമാറ്റം അപക്വമായ മനസ്സില്‍ ഭയത്തിന്റെ വേലിയേറ്റങ്ങള്‍ പലപ്പോഴും സൃഷ്ടിച്ചിരുന്നു . അങ്ങനെ ആണെങ്കിലും അവളുമായി കണ്ടുമുട്ടുന്നതിനുള്ള സാഹചര്യം എതിര്‍ക്കപ്പെട്ടിരുന്നില്ല . തേഞ്ഞുതീര്‍ന്നുകൊണ്ടിരിക്കുന്ന ഓര്‍മകളില്‍ മിന്നാമിനുങ്ങിന്‍റെ നുറുങ്ങു വെട്ടമായി നില്‍ക്കുന്ന അവളുടെ ഓര്‍മ്മകളാണ് ഉത്സവപ്പിറ്റേന്ന് , മഹായാനം , മഹാനഗരം ,   .......പിന്നെയും കുറെ സിനിമകള്‍
                         ബാല്യകാലത്തിന്റെ നിഷ്കളങ്ക ആസ്വാദനത്തില്‍ നിന്നും അന്തര്‍മുഖത്വം പിടികൂടിയ കൗമാരകാലം . എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ മലയാളം ടീച്ചര്‍ നിര്‍ബന്ധിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്കൂള്‍ യുവജനോത്സവത്തില്‍ എനിക്ക് പ്രസംഗ മത്സരത്തിനു പേരു കൊടുക്കേണ്ടി വരികയും സ്റ്റേജില്‍ കയറേണ്ടി വരുകയും ചെയ്തു . യുവജനോത്സവ വേദികളില്‍ ഒരു സജീവ സാന്നിദ്ധ്യം ആയിരുന്നില്ല ഞാന്‍ . അതിനു മുന്‍പ് സ്റ്റേജില്‍ കയറിയ അനുഭവം രണ്ടാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു . അന്നത്തെ ഹെഡ്മിസ്ട്രസ് നിര്‍ബന്ധപൂര്‍വ്വം എന്നെ ഏകാംഗ മൂകാഭിനയത്തിനു തെരഞ്ഞെടുത്തു -ബസ് കാത്തു നിന്നിട്ട് ഒരു ബസ് പോലും നിര്‍ത്താതെ പോകുമ്പോഴുണ്ടാകുന്ന  ഒരു യാത്രക്കാരന്റെ മനോവ്യാപാരം ,ഇതായിരുന്നു വിഷയം. ഓര്‍മ്മകള്‍ നിറം മങ്ങിയെങ്കിലും തെളിഞ്ഞു നില്‍ക്കുന്ന സുഖകരമായ അനുഭവം ആയി ഇന്നും ആ സ്റ്റേജ് അനുഭവം അലയടിച്ചുകൊണ്ടിരിക്കുന്നു   , അന്ന് കിട്ടിയ നിറഞ്ഞ കരഘോഷവും . വീണ്ടും സ്റ്റേജില്‍ കയറാന്‍ മറ്റൊരു ടീച്ചര്‍ നിമിത്തം ആയി എന്നത് തികച്ചും യാദൃശ്ചികം . തുടര്‍ന്നുള്ള മൂന്നു വര്‍ഷവും പ്രസംഗ മത്സരത്തിനു ഒന്നാം സ്ഥാനം എനിക്കു തന്നെ ആയിരുന്നു . ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ നടന്ന യുവജനോത്സവത്തിനു മറ്റു വര്‍ഷങ്ങളില്‍ നിന്നും വ്യത്യാസമുണ്ടായിരുന്നു . ബഹുജന പങ്കാളിത്തത്തോടുകൂടി നടത്തിയ ഗംഭീര ഉത്സവം ആയിരുന്നു അത് . പതിവില്‍ നിന്നും വ്യത്യസ്തമായി പ്രസംഗ മത്സരം കൂടാതെ കഥാ രചനയ്ക്കും മത്സരിച്ചു സമ്മാനങ്ങള്‍ നേടി . അതിഥി എന്ന ആദ്യ കഥയ്ക്ക് സമ്മാനം ലഭിച്ചത് എനിക്ക് ചെറുതല്ലാത്ത ആത്മ വിശ്വാസം നല്‍കി . "വരാല്‍ ഇല്ലാത്ത കുളത്തില്‍ വട്ടാന്‍ രാജാവ് " അതല്ലാതെ എന്തു പറയണം ഇതിനെക്കുറിച്ച് . ആദ്യമായി അങ്ങനെ ഉപജില്ലാ കലോത്സവത്തിന് പങ്കെടുക്കാനായി അവസരം ലഭിച്ചു . അതിഥിയില്‍ നിന്നും ഏകാന്ത പഥികന്‍ ആയി അവിടെയും സമ്മാനം ലഭിച്ചു . അങ്ങനെ വീട്ടില്‍ നിന്നും ഒറ്റയ്ക്ക് , സഹപാഠികളോടൊപ്പം പട്ടണത്തില്‍ അരണ്ട വെളിച്ചത്തില്‍ അവളെ കാണാനുള്ള ഭാഗ്യം ഉണ്ടായി . സുരേഷ് ഗോപി അഭിനയിച്ച മഹാന്‍ അതായിരുന്നു ആ കാഴ്ച .
                                 ദൂര ദര്‍ശന്‍ ചാനലില്‍ വരുന്ന സിനിമകളും മറ്റും ആയി കാഴ്ച മുന്നോട്ട് പോയി . പത്താം ക്ലാസിന്റെ ചങ്ങലകള്‍ പൊട്ടിച്ചു കൊണ്ടുള്ള പുതിയ സ്വാതന്ത്ര്യ പ്രഖ്യാപനം ആയിരുന്നു ആലപ്പുഴ എസ് . ഡി കോളേജിലെ പ്രി ഡിഗ്രി പഠനം . യഥേഷ്ടം സിനിമകള്‍ കാണാനുള്ള അവസരം ആയിരുന്നു അത് . കോളേജില്‍ മിക്കവാറും സമരങ്ങള്‍ ആയിരുന്നതിനാല്‍ എന്റെ സിനിമാക്കാഴ്ചകള്‍ കൊഴുത്തു വളര്‍ന്നു . പൊട്ടന്‍ ആട്ടം കാണുന്ന പോലെ സിനിമ കാണാന്‍ താല്പര്യമില്ലാത്തത് കൊണ്ട് തന്നെ എന്റെ കാഴ്ചകള്‍ മലയാളം വിട്ടു പുറത്തേയ്ക്ക് സഞ്ചരിച്ചില്ല . എങ്കിലും സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി ഗത്യന്തരമില്ലാതെ ചില  അന്യഭാഷാ സിനിമകള്‍ ആ കാലത്ത് കണ്ടിട്ടുണ്ട് . അത്തരം നിര്‍ബന്ധത്തിനു വഴങ്ങി കണ്ട സിനിമ ആയിരുന്നു ടൈറ്റാനിക്ക് .  'അവാര്‍ഡ് പടങ്ങള്‍ ' എന്ന് മുദ്ര കുത്തപ്പെട്ട സിനിമകളും എനിക്ക് പ്രിയപ്പെട്ടവ ആയിരുന്നു . പുരാവൃത്തം , ഉപ്പ് , കഥാപുരുഷന്‍ , നിര്‍മ്മാല്യം , സ്വയംവരം , പൊന്തന്‍മാട അങ്ങനെ പോകുന്നു അത്തരം സിനിമകളുടെ ടി.വി ക്കാഴ്ച .
                               സിനിമയ്ക്ക് ഒരു ഭാഷയെ ഉള്ളു , അത് ദൃശ്യഭാഷ ആണെന്നും മറ്റും മനസിലാക്കാന്‍ കാലങ്ങള്‍ വേണ്ടി വന്നു . അത്തരം ലോക കാഴ്ചകളിലേക്ക് മിഴി തുറക്കാന്‍ വൈകി അവസരം ലഭിച്ച അപക്വ ചിന്തയുടെ ഉടമ ആയി ഞാന്‍ മാറി .
                                വിസ്തൃതമായ സിനിമ ലോകത്ത് , ഭാഷ , ദേശം , വര്‍ണ്ണം , വര്‍ഗം എന്നിവയ്ക്കതീതമായി  സിനിമയുടെ ഏക ഭാഷ മനസിലാക്കാനും അഭിരമിക്കാനും ഉള്ള അവസരം ഔത്സുക്യത്തോടെ ആസ്വദിച്ചുകൊണ്ടിരിക്കുന്നു ഞാന്‍ .....

No comments:

Post a Comment