Tuesday, May 14, 2013
നിഴല്‍ വീണ മുഖങ്ങള്‍
സമയം ഏകദേശം അഞ്ചുമണി കഴിഞ്ഞിരിക്കുന്നു . ഞാനും ദീപുവും സംസാരിക്കാന്‍ തുടങ്ങിയിട്ട് ഒരു മണിക്കൂറിലേറെയായി . നമുക്കോരോ ചായ കുടിക്കാം എന്നും പറഞ്ഞ് ഞങ്ങള്‍ ചന്തയുടെ സമീപത്തുകൂടി സിയാദിക്കയുടെ കട ലക്ഷ്യമാക്കി നടന്നു. കടയില്‍ എത്തണം എങ്കില്‍ റോഡ് മുറിച്ചു കടക്കണം . അത് അത്ര എളുപ്പം അല്ലാത്തതുകൊണ്ടു തന്നെ ചായ കുടി പലപ്പോഴും ഒഴിവാക്കുകയാണ് പതിവ് . ഞങ്ങളെ നോക്കുകുത്തികളാക്കിക്കൊണ്ട് ഇടതടവില്ലാതെ വാഹനങ്ങള്‍ പാഞ്ഞുകൊണ്ടിരുന്നു . ഏകദേശം പത്തുമിനിറ്റിലധികം ഞങ്ങള്‍ക്ക് അങ്ങനെ നില്‍ക്കേണ്ടി വന്നു .
റോഡ് മുറിച്ചു കടക്കാന്‍ പറ്റാത്ത അസ്വസ്ഥതയില്‍ നില്‍ക്കുമ്പോഴാണ് ദീപു ഒരു ചെറുപ്പക്കാരനെ ചൂണ്ടിക്കാണിച്ചിട്ട് ശ്രദ്ധിക്കാന്‍ പറഞ്ഞത്. കാവി മുണ്ടുടുത്ത ഇരുനിറം ഉള്ള ഒരു യുവാവ് . അവന്‍ എന്‍റെ ഒരു ബന്ധു ആണ്. പക്ഷെ ഒരു ടൈപ്പ് കഥാപാത്രം ആണ്. ഒന്നുകില്‍ അവന്‍ എന്നെ നോക്കി ഇലക്ഷന് രാഷ്ട്രീയക്കാര്‍ ചിരിക്കുന്നതുപോലെ ഒരു ചിരി ചിരിക്കും അല്ലെങ്കില്‍ കാണാത്ത മട്ടില്‍ പോകും . ഇത് കേട്ട് ഞാന്‍ ചോദിച്ചു - അതെന്താ അങ്ങനെ ? ദീപു പറഞ്ഞു - ങ്ങ്ഹാ..അത് അങ്ങനെയാണ് . എന്തോ എന്നില്‍ അത് ആകാംക്ഷ ജനിപ്പിച്ചു . ദീപു പറഞ്ഞതുപോലെ തന്നെ സംഭവിച്ചു . ഞങ്ങളെ കാണാത്തപോലെ അവന്‍ നടന്നു പോയി. പച്ചക്കറികള്‍ വില്‍ക്കാനിരുന്ന സ്ത്രീയുടെ കൈയില്‍ നിന്നും ഒരു കെട്ടു ചീരയും വാങ്ങിക്കൊണ്ടാണ് അവന്‍ പോയത് . വാഹനങ്ങളുടെ മത്സരയോട്ടം മൂലം മറുവശം എത്താന്‍ വൈകിയതിലുള്ള നീരസം ആ സംഭവം മൂലം ഇല്ലാതായി . ഒരു പുതിയ കഥയും കഥാപാത്രവും എന്‍റെ മനസ്സില്‍ രൂപമെടുക്കുന്നതിന്റെ സുഖം ഞാന്‍ വീണ്ടും അറിഞ്ഞു. "എന്നാലും എന്താ അവന്‍ അങ്ങനെ നിന്നെ മൈന്‍ഡ് ചെയ്യാതെ പോയത് ?" ദീപു വെറുതെ ഒന്ന് ചിരിക്കുക മാത്രം ചെയ്തു . എന്നിട്ട് പറഞ്ഞു - ഇപ്പൊ കൃഷി ചെയ്യണം എന്നും പറഞ്ഞാണ് നടപ്പ്. ഓരോ സമയത്തും ഓരോന്ന്. ഇപ്പൊ തന്നെ ഈ വാങ്ങിക്കൊണ്ടുപോയ ചീര വീട്ടിലെത്തിയാല്‍ ഭാഗ്യം .
പിന്നെന്തു ചെയ്യാനാ ചീര ? ആകാംക്ഷയോടെ ഞാന്‍ ചോദിച്ചു .
ദീപു :- ഒന്നുകില്‍ പോകുന്ന വഴിയില്‍ അവന്‍റെ സുഹൃത്തുക്കളെ കണ്ടാല്‍ അവര്‍ക്കു കൊടുത്തിട്ടു പോകും . അല്ലെങ്കില്‍ വീട്ടില്‍ കൊണ്ടുപോയി കുഴിച്ചു വെയ്ക്കും . കൃഷിയാണല്ലോ ഇപ്പോഴത്തെ ജ്വരം .!! അവന്‍റെ സ്വഭാവം വെച്ച് ഇനി എന്താ ചെയ്ക എന്ന് പറയാന്‍ പറ്റില്ല . ഇതു കൂടി കേട്ടു കഴിഞ്ഞപ്പോള്‍ ആ കഥാപാത്രത്തോടുള്ള കൗതുകം കൂടി .
മനസ്സില്‍ ഭാവനയുടെ ചിറകുകള്‍ മുളച്ചു തുടങ്ങിയപ്പോള്‍ ബോധമനസ് അതിനെ അരിഞ്ഞു വീഴ്ത്തി. ജിതേഷിനെക്കുറിച്ച് ദീപുവിനു പറയാനുള്ളതെല്ലാം കേട്ടിട്ട് മതി ഭാവനയുടെ ചിറകിലേറിയുള്ള പറക്കല്‍ എന്ന് ഞാന്‍ തീരുമാനിച്ചു . പിറ്റേ ദിവസം ഞങ്ങള്‍ തമ്മില്‍ കണ്ടെങ്കിലും സംസാരത്തില്‍ മറ്റു പല വിഷയങ്ങളുമാണ് കടന്നു വന്നത് . ജിതേഷിന്റെ വരവ് എന്തോ കാരണങ്ങള്‍ കൊണ്ടു തടയപ്പെട്ടു. എങ്കിലും അതിനടുത്ത ദിവസം അവന്‍ സ്വാഭാവികമായി കടന്നു വന്നു . അതിനു കാരണവും ഒരു കെട്ടു ചീര തന്നെ . അപ്പോള്‍ ദീപുവിന്റെ കൈയില്‍ ഒരു കെട്ടു ചീര ഉണ്ടായിരുന്നു . ചീര കണ്ടതും ശ്വാസം മുട്ടി നിന്ന ചോദ്യം ധൃതിയില്‍ പുറത്തു ചാടി. " അന്ന് ചീര കൊണ്ടു പോയിട്ട് അവന്‍ എന്തു ചെയ്തു ? "
ദീപു (ചിരിച്ചു കൊണ്ട്) :- അതിതുവരെ വിട്ടില്ലേ ? കറി വെക്കുന്നതിലും കഴിക്കുന്നതിലും മറ്റുള്ളവരെ അവന്‍ ബുദ്ധിമുട്ടിച്ചില്ല . എല്ലാം അവന്‍ തന്നെ ചെയ്തു .
ആവേശികനായി വന്ന പുതിയ കഥാപാത്രത്തെ യഥാവിധം സത്കരിച്ചു കൂടെക്കൂട്ടാന്‍ തന്നെ തീരുമാനിച്ചു. ഇത്രയും ആവേശം കാണിച്ചതുകൊണ്ട് അവന്‍റെ ഒരു വിചിത്ര സ്വഭാവം പറയാം എന്ന് ദീപു പറഞ്ഞു .
ജിതേഷിന്റെ വീട്ടില്‍ ആരു വന്നാലും ഉടന്‍ തന്നെ അവന്‍ ഇറങ്ങിപ്പോകും , അത് സ്വന്തം പെങ്ങളും അളിയനും ആണെങ്കില്‍ പോലും . വീട്ടില്‍ വന്നവരൊക്കെ എപ്പോ മടങ്ങിപ്പോകുന്നുവോ അപ്പൊ മാത്രമേ അവന്‍ വീട്ടില്‍ തിരിച്ചെത്തു . ഇത് കേട്ടപ്പോള്‍ ഞാന്‍ ചോദിച്ചു - അവന്‍ വരുമ്പോള്‍ വന്നവരോന്നും പോയിട്ടില്ലെങ്കിലോ ?
വന്നതുപോലെ അവന്‍ വീണ്ടും ഇറങ്ങിപ്പോകും - ദീപു പറഞ്ഞു .
എന്തുകൊണ്ടാണ് അവനിങ്ങനെ പെരുമാറുന്നത് ? ആളുകളെ അഭിമുഖീകരിക്കാന്‍ എന്താ ഇത്ര പ്രശ്നം ? ഏതു തരത്തില്‍പ്പെടുന്ന സുഹൃത്തുക്കളാണ് അവനുള്ളത് ? ഇപ്പോഴത്തെ യുവാക്കള്‍ക്കുള്ളതുപോലെ മദ്യപാനവും മറ്റും ഉണ്ടോ ? ഇടതടവില്ലാതെ എന്നില്‍ നിന്നും വന്ന ഈ ചോദ്യങ്ങള്‍ ഉത്തരങ്ങള്‍ക്കായി ദീപുവിന്റെ മുന്നില്‍ ഊഴം കാത്തു നിന്നു .
എന്തുകൊണ്ടാണ് അവനിങ്ങനെ പെരുമാറുന്നതെന്ന് എനിക്കറിയില്ല . അവനെപ്പോലെ തന്നെ ഉള്ള ഒരു മൂന്നാലു പേരുണ്ട് അവനു സുഹൃത്തുക്കളായിട്ട്. സമൂഹത്തിന്‍റെ കണ്ണില്‍ കൂളന്മാരായ നാല് പേര്‍. . മദ്യ സേവ ഇല്ലാത്തവര്‍ ഇപ്പോള്‍ സിംഹവാലന്‍ കുരങ്ങുകളെപ്പോലെ അല്ലെ ? . മറ്റുള്ളവര്‍ക്കു ശല്യം ഉണ്ടാക്കാത്ത രീതിയില്‍ വല്ലപ്പോഴുമൊക്കെ രഹസ്യമായി ഇവരും മദ്യം കഴിക്കും . ഇവര്‍ മിക്കവാറും എല്ലാ ദിവസങ്ങളിലും തമ്പടിച്ചിരിക്കുന്ന സ്ഥലം കൂടി ഞാന്‍ കാണിച്ചു തരാം എന്നും പറഞ്ഞു ദീപു എന്നെ അങ്ങോട്ട് കൂട്ടിക്കൊണ്ടുപോയി .
വളരെ വിജനമായി കിടക്കുന്ന കുറെ തരിശു നിലങ്ങള്‍ . ആ തരിശു നിലങ്ങള്‍ പ്രസവിക്കാത്ത സ്ത്രീയെ പോലെ ജീവിതം കഴിച്ചു കൂട്ടാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി എന്ന് കാണുമ്പോള്‍ തന്നെ മനസിലാകും . അതിനടുത്തായി ഭൂതകാല പ്രതാപത്തിന്‍റെ തിരുശേഷിപ്പ് പോലെ ഒരു കെട്ടിടം കാണാം . വിദൂര ദൃശ്യത്തില്‍ വല്ലാത്തൊരു നിഗൂഡത അതിനുണ്ടായിരുന്നു . ആ മടക്ക യാത്രയില്‍ എന്നെ അലോസരപ്പെടുത്തിയ ചോദ്യം - എങ്ങനെ ഈ നാല്‍വര്‍ സംഘത്തിലേക്ക് നുഴഞ്ഞു കയറാന്‍ സാധിക്കും ? പെട്ടെന്നുള്ള ബ്രേക്കിടല്‍ ആ ചോദ്യത്തിന്‍റെ പിടിയില്‍ നിന്നും എന്നെ താത്കാലികമായി രക്ഷപെടുത്തി . എന്തുണ്ട് വിനയാ ? എങ്ങോട്ടാണ് ? എന്ന് ദീപു ചോദിച്ചു .
വിനയന്‍ :- പതിവ് സങ്കേതത്തിലേക്ക് .
ഇത് ജിതേഷിന്റെ കൂട്ടുകാരന്‍ വിനയന്‍ എന്ന് പറഞ്ഞു ദീപു പരിചയപ്പെടുത്തി . നാല്‍വര്‍ സംഘത്തിലേക്കുള്ള താക്കോല്‍ തന്‍റെ മുന്നില്‍ ചിരിച്ചുകൊണ്ട് കൈയും നീട്ടി നില്‍ക്കുന്നു. നിഗൂഡമായ ഒരു ചിരിയോടെ അവനു ഞാന്‍ ഹസ്തദാനം നല്‍കി . ഹസ്തദാനത്തോടൊപ്പം സൗഹൃദത്തിന്റെ വിത്തു കൂടി ഞാന്‍ പാകി . പിന്നെയും പല തവണകള്‍ അവിടെയും ഇവിടെയുമൊക്കെ വെച്ചുള്ള കാഴ്ചകള്‍ ആ വിത്ത് വളരാനുള്ള വെള്ളവും വളവുമായി .
തൊഴിലാളി ദിനമായതുകൊണ്ട് അന്ന് പ്രത്യേകിച്ച് പണിയൊന്നുമില്ലായിരുന്നു . വിനയനെ കാണാനായ് വൈകുന്നേരം മൂന്നുമണി കഴിഞ്ഞപ്പോള്‍ വീട്ടില്‍ നിന്നിറങ്ങി . അവധിയുടെ ആലസ്യം റോഡിലും ഉണ്ടായിരുന്നു . കുറച്ചു ദൂരം ബൈക്കിലൂടെ മുന്നോട്ട് ചെന്നപ്പോള്‍ ഒരു പൊലിസ് ജീപ്പ് കിടക്കുന്നത് കണ്ടു . കാക്കി വേഷം കണ്ടതും സ്വാഭാവികമായി ഉണ്ടാകുന്ന ഭയം തല പൊക്കിയെങ്കിലും വണ്ടി നിര്‍ത്തിയില്ല . കാരണം മാസാരംഭവും മാസാന്ത്യവും ഉള്ള പതിവ് ഹെല്‍മെറ്റ് വേട്ട എന്നെ കരുതിയുള്ളു . റോഡിനു കുറുകെ കറുപ്പ് വയര്‍ വലിച്ചു കെട്ടിയിരുന്നത് അടുത്തെത്തിയപ്പോഴാണ് കണ്ടത് . ബൈക്ക് സൈഡിലേക്ക് ഒതുക്കി നിര്‍ത്തിയിട്ട് , അവിടെ നിന്ന ഒരു മധ്യവയസ്കനോട് കാര്യം തിരക്കി . നിസ്സംഗവും നിര്‍വികാരവുമായി അദ്ദേഹം പറഞ്ഞ മറുപടി ഇപ്രകാരമായിരുന്നു - " വി . ആര്‍ . എസ് എടുത്ത വവ്വാല് സതീശനെ അവന്‍റെ പഴയ സഹപ്രവര്‍ത്തകര്‍ സ്നേഹം പ്രകടിപ്പിച്ചത് പോലീസിനു തലവേദനയായി . അത്രേ ഉള്ളു . "
അതാരാ വവ്വാല് സതീശന്‍ ? അറിയാതെ വളരെ പൊടുന്നനെ അങ്ങനെ ഒരു ചോദ്യം എന്‍റെ വായില്‍ നിന്ന് വന്നു പോയി . വളരെ സൂക്ഷിച്ചു നോക്കിയിട്ട് ആ മനുഷ്യന്‍ പറഞ്ഞു -"അതൊരു പഴയ ഗുണ്ടാ നേതാവാണ് ." ഈ സംസാരം കേട്ടുകൊണ്ട് നോക്കിയപ്പോഴാണ് റോഡിനു മറു വശം തളം കെട്ടിനില്‍ക്കുന്ന ചോര കണ്ടത്. ആ കാഴ്ച കണ്ടു തരിച്ചു നില്‍ക്കുമ്പോള്‍ ആ മനുഷ്യന്‍റെ അടുത്ത മറുപടി .-" കണ്ടില്ലേ ? മണ്ണിനു പോലും വേണ്ട ആ പൊലയാടി മോന്‍റെ ചോര ." പിന്നെ ഒരു നിമിഷം പോലും എനിക്കവിടെ നില്‍ക്കാന്‍ കഴിഞ്ഞില്ല. ആ ചോരയുടെ ദൃശ്യം എന്നെ വിടാതെ പിന്തുടര്‍ന്നു . വീട്ടിലെത്തി തണുത്ത വെള്ളത്തില്‍ കുളിച്ചതിനു ശേഷം വിനയനെ വിളിച്ചു ഞാന്‍ ഈ കാര്യം പറഞ്ഞു .
പ്രതീക്ഷയോടെയാണ് അടുത്ത ദിവസം ഞാന്‍ അവരുടെ സങ്കേതത്തിലെത്തിയത് . കാര്‍മേഘത്തിന്റെ ചെറിയ ചെറിയ കഷണങ്ങള്‍ അതുവരെ പ്രകാശിച്ചു നിന്ന സൂര്യനെ മറച്ചു പിടിച്ചു . പേടിപ്പിക്കുന്ന നിശബ്ദത അവിടമാകെ നിറഞ്ഞു നിന്നു . ആകാശം മേല്‍ക്കൂരയായി നില്‍ക്കുന്ന ആ കെട്ടിടത്തിന്‍റെ വരാന്തയില്‍ ഞാനിരുന്നു . ഭയാനകമായ നിശബ്ദതയെ കളങ്കപ്പെടുത്തിക്കൊണ്ട് വന്ന ശബ്ദം എന്‍റെ ഹൃദയതാളത്തെ ഉച്ചസ്ഥായിയിലെത്തിച്ചു . ക്രമേണ ശ്രുതി തെറ്റിയ സംഗീതം പോലെയായി ഹൃദയ സ്പന്ദനം . അവിടെ ഞാന്‍ മാത്രമല്ല ഉള്ളതെന്ന് മനസിലായി . ധൈര്യം വീണ്ടെടുത്ത്, ഒരു പൂച്ചയെ പോലെ , ഞാന്‍ ആ കെട്ടിടത്തിന്‍റെ ചുറ്റും നോക്കി . പക്ഷെ ആരെയും കാണാന്‍ കഴിഞ്ഞില്ല . പതിയെ കെട്ടിടത്തിനുള്ളിലേക്ക് കയറി നോക്കി . ഭയം എന്ന വികാരത്തെ ഓടിച്ചു കൊണ്ട് മറ്റേതോ വികാരത്തെ പ്രതിഷ്ഠിച്ച കാഴ്ച ആയിരുന്നു ഞാന്‍ അവിടെ കണ്ടത് . ഞങ്ങള്‍ പരസ്പരം കണ്ടു . ചില സമയങ്ങളില്‍ ഉണ്ടാകുന്ന വികാര വിചാരങ്ങളുടെ ഭാവ തീവ്രത അനുവാചകരിലെത്തിക്കാന്‍ കഴിയാതെ നിസ്സഹായയായി നിന്നു പോകുന്ന സന്ദര്‍ഭങ്ങളിലൊന്നായ് അത് മാറി . യാതൊന്നും പറയാനാകാതെ, ഭാഷ മറന്നു പോയവരെപ്പോലെ , ഞങ്ങള്‍ എവിടെയോ ദൃഷ്ടി പതിപ്പിച്ചു നിന്നു .
"വിനയാ .. നാളെ കാണാം " എന്ന് എങ്ങനെയോ പറഞ്ഞ് ഒപ്പിച്ചിട്ട് ഞാന്‍ നടന്നു . എന്‍റെ ശബ്ദം ആ നിശബ്ദതയെ കീറി മുറിച്ചു . അരക്കില്ലത്തിനു തീയിട്ട ശേഷം നടന്നു നീങ്ങുന്ന ഭീമനെപ്പോലെ ആകണം എന്ന ചിന്തയായിരുന്നു അപ്പോള്‍ മനസിലെങ്കിലും ഞാന്‍ തിരിഞ്ഞു നോക്കിപ്പോയി . ചെമപ്പും കറുപ്പും നിറഞ്ഞ മേഘപാളികള്‍ക്കിടയിലൂടെ എത്തി നോക്കുന്ന സൂര്യന്‍റെ പശ്ചാത്തലത്തില്‍ കെട്ടിടത്തിന്‍റെ മുന്നില്‍ പിടിക്കപ്പെട്ട കുറ്റവാളികളെ പോലെ അവര്‍ നിന്നു .
അരയാലിന്റെ ഇലകളില്‍ നിന്നും പളുങ്കുമണികള്‍ പോലെ കൊഴിഞ്ഞു വീഴുന്ന മഴത്തുള്ളികള്‍ മാത്രമായിരുന്നു ആര്‍ത്തലച്ചു പെയ്തതിന്റെ ഏക സൂചന . അരയാലിന്റെ ശിഫം ഇണചേരുന്ന പാമ്പിന്‍ കൂട്ടങ്ങളെ ദ്യോതിപ്പിച്ചു . അതിനു മുകളില്‍ ഇരിക്കുന്ന വിനയനെ കണ്ടപ്പോള്‍ , മുപ്പത്തിമുക്കോടി ദേവ ഗണങ്ങളെ ആട്ടിയോടിച്ച ആള്‍ ദൈവത്തെപ്പോലെ തോന്നിപ്പിച്ചു . അടുത്തു വരുംതോറും അവന്‍റെ മുഖത്തെ ജാള്യത എനിക്ക് കാണാമായിരുന്നു . ഒന്നും സംഭവിക്കാത്ത മട്ടില്‍ തന്നെ ഞാന്‍ ചോദിച്ചു - വിനയന്‍സ് എന്തുണ്ട് ? ഏ ? പറയാന്‍ വിമ്മിട്ടപ്പെട്ടുകൊണ്ട് വിനയന്‍ - ഇ.......ന്ന........ലെ........ അ.........ങ്ങ...........നെ...............
ഏയ് അത് കുഴപ്പമില്ലെട... ...അതൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ കാര്യങ്ങളും ഇഷ്ടങ്ങളും അല്ലെ ? നമ്മള്‍ മനസിനിഷ്ടപ്പെട്ടു ചെയ്യുന്നതാണേല്‍ പിന്നെന്തു പ്രശ്നം ? വളരെ വിശാലമായ കാഴ്ചപ്പാടോടുകൂടി ഇതിനെ കാണാന്‍ എനിക്ക് സാധിക്കും . പക്ഷെ നമ്മുടെ സമൂഹം മാത്രം അത്ര കണ്ടു വികസിച്ചിട്ടില്ല . അതൊക്കെ മാറും . എന്‍റെ സംസാരം അവനില്‍ ആശ്വാസത്തിന്റെ ചെറു തെന്നലായ് മാറി . എപ്പോള്‍ വേണമെങ്കിലും പൊട്ടാവുന്ന സജീവ അഗ്നിപര്‍വ്വതം പോലെ തോന്നിച്ചു അവന്‍റെ മുഖഭാവം . 'നമുക്ക് നടന്നു പോയാലോ ? ബൈക്ക് ഇവിടെ ഇരിക്കട്ടെ .' എന്ന് വിനയന്‍ പറഞ്ഞപ്പോള്‍ ഞാന്‍ ഓക്കേ പറഞ്ഞു . ആ നടത്തത്തില്‍ അഗ്നിപര്‍വ്വതം പൊട്ടി തീക്ഷ്ണമായ ലാവാ പ്രവാഹം ഉണ്ടായി .
വല്യങ്കര കോളനി . അവിടെയാണ് എന്‍റെ ബാല്യവും കൌമാരവുമൊക്കെ . കയ്പ്പേറിയ ഒട്ടനവധി അനുഭവങ്ങളിലൂടെ കടന്നു വന്നവനാണു ഞാന്‍ . കോളനിയിലെ ജീര്‍ണ്ണിച്ച ജീവിത രീതികള്‍ ഒരുവനെ ഏതു തരത്തിലാണ് മാറ്റിമറിക്കുക എന്നത് പ്രവചനാതീതം . " പീഡനം " എന്ന വാക്കിന്‍റെ അര്‍ത്ഥം പോലും മനസിലാക്കാന്‍ പറ്റാത്ത പ്രായത്തില്‍ അതിനിരയാകേണ്ടി വന്നവനാണു ഞാന്‍ . നല്ലപോലെ പഠിച്ചു, നല്ലൊരു ജോലി സമ്പാദിച്ചു , നല്ലൊരു ജീവിതം ആഗ്രഹിച്ച എനിക്ക് കിട്ടിയത് എല്ലാം അതിനു വിപരീതമായ കാര്യങ്ങളാണ് .
ആദ്യമായി ലലാക സുഖത്തിന്റെ അനുഭവം പകര്‍ന്നു തന്നത് തൊട്ടടുത്ത വീട്ടിലെ ചേട്ടനായിരുന്നു . കോളനിയിലെ ലൈംഗിക ജീവിതം പാശ്ചാത്യ സംസ്കാരത്തെ അനുസ്മരിപ്പിക്കും വിധം ആയിരുന്നു . ആദ്യമായി ഹിരണ പ്രവാഹത്തിന്റെ നിര്‍വൃതി അറിഞ്ഞത് സഹപാഠിയും സുഹൃത്തുമായ പ്ര.......ഇല്ല പേര് പറയുന്നില്ല ...അവനില്‍ നിന്നുമായിരുന്നു . പിന്നെ കോളനിയിലെ തന്നെ ചില ചേച്ചിമാരുടെ ഇംഗിതത്തിനു ആജ്ഞാധീനമാകേണ്ടിയും വന്നിട്ടുണ്ട് . ഇതൊക്കെ ആ പ്രായത്തില്‍ . ഒരു പക്ഷെ , ഞാനും ആസ്വദിച്ചിട്ടുണ്ടാകണം . ആ ജീര്‍ണ്ണതയില്‍ നിന്നുള്ള ഏക ആശ്വാസം ഈ സുഹൃത്തുക്കളാണ് . ഈ അനുഭവത്തിന്‍റെ ലാവാപ്രവാഹം എന്നിലേക്കിട്ട ഇംഗണത്തിന്‍റെ ചൂടില്‍ എന്തു പറയണം എന്നറിയാതെ ഞാന്‍ നീറി . ആ നീറ്റലില്‍ നിന്നും രക്ഷപെടുത്തിയത് വെളുത്ത കന്നാസുകളുടെ നീണ്ട നിര ആയിരുന്നു . " കണ്ടില്ലേ ? കന്നാസുകളുടെ നീണ്ട നിര .." സന്ദര്‍ഭത്തിനു ചേരാത്ത എന്‍റെ ഈ ചോദ്യത്തിന് വിനയന്‍റെ മറുപടി വളരെ പെട്ടെന്നായിരുന്നു .
" അതെങ്ങനാ...ഇപ്പോള്‍ തൂറി കഴുകാന്‍ പോലും ആര്‍ . ഒ . വാട്ടര്‍ അല്ലെ ഉപയോഗിക്കു. " വീട്ടില്‍ കിണറുകളൊക്കെ ഉപയോഗ ശൂന്യമാക്കിയിരിക്കുന്നു . കുളങ്ങളൊക്കെ നികത്തിയിരിക്കുന്നു . ശേഷിക്കുന്നവ മാലിന്യ സംഭരണികളായി വര്‍ത്തിക്കുന്നു . നമ്മള്‍ അനുഭവിക്കാന്‍ കിടക്കുന്നത്തെ ഉള്ളു . കരാളന്‍മാരായ ബഹുരാഷ്ട്രകുത്തകക്കമ്പനികള്‍ ആധിപത്യം സ്ഥാപിക്കും . അവരുടെ മുന്നില്‍ കുടി വെള്ളത്തിനു വേണ്ടി യാചിക്കുന്ന കാലം വിദൂരമല്ല . ഇതൊക്കെ ഈ ജനങ്ങള്‍ ഇനി എന്നാണ് മനസിലാക്കുക ? വിനയന്‍റെ ഈ മറുപടി എന്നെ അത്ബുധപ്പെടുത്തി . സമൂഹത്തിന്‍റെ കണ്ണില്‍ ഒന്നിനും കൊള്ളരുതാത്തവന്‍ എന്ന് മുദ്രകുത്തപ്പെട്ട അവന്‍റെ കാഴ്ചപ്പാടുകള്‍ , അറിവുകള്‍ ഒന്നും അങ്ങനെ ആയിരുന്നില്ല . അല്ലേലും സമൂഹത്തിന്‍റെ അളവുകോല്‍ എപ്പോഴും അങ്ങനെയാണല്ലോ !!! പെയ്തൊഴിഞ്ഞ ആകാശം പോലെ ആയി വിനയന്‍ ..
ദിവസങ്ങള്‍ കടന്നു പോയി . അങ്ങനെ ഒരു ദിവസം ആലിന്‍ ചുവട്ടില്‍ വെച്ച് വിനയനെ കണ്ടു . ഞങ്ങള്‍ പല വിഷയങ്ങളും ചര്‍ച്ച ചെയ്യുമായിരുന്നു . അന്നത്തെ വിഷയം സാഹിത്യം ആയിരുന്നു . ആ സംസാരത്തില്‍ വിനയന്‍ പറഞ്ഞ ഒരു കഥ ഞാന്‍ നിങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുന്നു .
ആകാശവും ഭൂമിയും രമിക്കുന്നത് സഹിക്ക വയ്യാഞ്ഞിട്ട് , വളരെ തിടുക്കത്തില്‍ സൂര്യന്‍ അങ്ങോട്ട് എത്തി നോക്കാന്‍ തുടങ്ങിയ സമയം . ഏകദേശം 50 വയസ് പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ കൂസലില്ലാതെ പാടവരമ്പത്തൂടെ നടന്നു വരുന്നു . അവരുടെ ഇടതു കൈയില്‍ ഒരു ചോരക്കുഞ്ഞിനെ തൂക്കിപ്പിടിച്ചിരിക്കുന്നു . മഴക്കാലമാണെങ്കിലും പണ്ടത്തെപ്പോലെ മഴയില്ലാത്തതിനാല്‍ പാടത്ത് വെള്ളവും ചെളിയും വളരെ കുറവായിരുന്നു . അഴുക്കു പിടിച്ച ഒരു പാവാടയും ബ്ലൌസും ആയിരുന്നു അവരുടെ വേഷം . ആ പാവാട മുകളിലേക്ക് വലിച്ചു കുത്തിയിട്ട് അവര്‍ ആ പാടത്തേയ്ക്കിറങ്ങി. ഞാറു നടന്ന ലാഘവത്തോടെ ആ ചോരക്കുഞ്ഞിനെ അവര്‍ ചേറില്‍ താഴ്ത്തി . അതിനു ശേഷം ചുറ്റും ഒന്നു നോക്കിയിട്ട് അടുത്തുള്ള കുളത്തില്‍ ഇറങ്ങി കൈയും കാലും മുഖവും കഴുകി . എന്നിട്ട് ഒന്നും സംഭവിക്കാത്ത പോലെ തിരികെ നടന്നു . കുടിലതയുടെയും ദുഷ്ടതയുടെയും ആള്‍രൂപമായിരുന്നു ആ സ്ത്രീ. അവിശ്വസനീയതയോടെ ഞാന്‍ ഇടയ്ക്ക് കയറി ചോദിച്ചു - ചോരക്കുഞ്ഞിനെ ചേറില്‍ പൂഴ്ത്തിയെന്നോ ? നീ ഇടയ്ക്ക് കയറാതെ . മുഴുവനും പറയാന്‍ എന്നെ അനുവദിക്കു എന്ന് വിനയന്‍ പറഞ്ഞു . ഭൂമിക്കു പോലും ഈ നിഷ്ടുര കൃത്യം സഹിച്ചില്ല . അതിന്‍റെ ഭയാനകതയില്‍ ഭൂമി പോലും ഖരീഭവിച്ചു. ച്ഛര്‍ദ്ദിത ശരീരത്തിന്‍റെ ദുര്‍ഗന്ധം വര്‍ദ്ധിച്ച ആവേശത്തോടെ കാറ്റ് അവിടമാകെ എത്തിച്ചു. നിഷ്ഫലമായ ഒരു പ്രവര്‍ത്തനമായി അത് മാറി . കാരണം അതിനു ചുറ്റും അവരുടെ തന്നെ ബന്ധുക്കള്‍ ആയിരുന്നു .
മരുമകള്‍ക്ക് പരപുരുഷ ബന്ധം ആരോപിച്ചു മക്കളില്‍ വിഷം കുത്തിവെയ്ക്കുന്ന വെറും മൂശേട്ടയായിരുന്നു ആ തള്ള . പക്ഷെ തള്ളയുടെ തനിപ്പകര്‍പ്പായ അവരുടെ മകള്‍ തുളസി , ബന്ധുവുമായി യഥേഷ്ടം രമിച്ചുകൊണ്ടിരുന്നു . അതിനു വേണ്ട എല്ലാ ഒത്താശകളും ആ തള്ള വീട്ടില്‍ ഒരുക്കിക്കൊടുത്തു . അങ്ങനെ രഹസ്യ വേഴ്ചയുടെ തെളിവ് പരസ്യമാകാന്‍ പരുവത്തില്‍ അവളില്‍ രൂപം കൊണ്ടു . എന്നിട്ടും ഒരു കൂസലും ഇല്ലാതെ അവര്‍ മുന്നോട്ട് പോയി . തുളസി പലപ്പോഴും മുറിയ്കുള്ളില്‍ തന്നെ ആയിരുന്നു . മാസങ്ങള്‍ കൊഴിഞ്ഞു വീണു . പക്ഷെ അതിനനുസരിച്ചുള്ള സൂചകം അത്ര എളുപ്പത്തില്‍ തുളസിയില്‍ കണ്ടു പിടിക്കുക സാധിക്കുമായിരുന്നില്ല . ഒരു ദിവസം തള്ളയുടെ അലര്‍ച്ച കേട്ടു ......ഡാ ..നിന്‍റെ പെങ്ങള്‍ക്ക് വയറു വേദന സഹിക്കാന്‍ പറ്റണില്ല...ചോരയും പോകുന്നെണ്ടെടാ....നീ വേഗം ഒരു വണ്ടി വിളിച്ചോണ്ടു വാ.... ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും ഇളയ ആങ്ങളയും എത്തി . ഈ സമയം ഡോക്ടര്‍ ആങ്ങളമാരോട് കയര്‍ക്കുന്നു . " ഇത്രയും ആകാമെങ്കില്‍ പിന്നെന്തിനു ഇങ്ങോട്ട് കൊണ്ടു വരണം ? ബാക്കി കൂടി വീട്ടില്‍ ചെയ്‌താല്‍ പോരെ ? അനവസരത്തിലെ കയര്‍ത്തു സംസാരിക്കല്‍ അവരില്‍ ആശയക്കുഴപ്പം ഉണ്ടാക്കി . പ്രസവം വീട്ടില്‍ എടുക്കാമെങ്കില്‍ എന്തിനാ ഇങ്ങോട്ട് കൊണ്ടു വന്നത് എന്നാണ് ഞാന്‍ ചോദിച്ചേ ? ഈ വാചകം അവരുടെ ഹൃദയത്തില്‍ കൂരമ്പുപോലെ തുളഞ്ഞു കയറി .
മറവിയുടെ മാറാല അവരെയും പിടികൂടി . എങ്കിലും അമ്മയുമായ് ഒരു തരത്തിലും ഒരുമിച്ചു പോകാന്‍ മക്കള്‍ തയ്യാറല്ലായിരുന്നു . എങ്കിലും തുളസിയുടെ കല്യാണം നടത്താന്‍ തീരുമാനിച്ചു . ഇതെല്ലാം അറിയാവുന്ന രാധാകൃഷ്ണന്‍ തുളസിയെ വിവാഹം കഴിക്കാന്‍ തയാറായി . തുളസി ഭര്‍ത്താവും രാധാകൃഷ്ണന്‍ ഭാര്യയുമായി ജീവിതം മുന്നോട്ട് പോയി . രഹസ്യ ഗര്‍ഭം സമ്മാനിച്ച ബന്ധുവും വേറെ വിവാഹം ചെയ്ത് ഇവരുടെ അടുത്ത് തന്നെ താമസിക്കുന്നു . തുളസിക്കുണ്ടായ ആണ്‍കുട്ടി അഞ്ചു വയസു തികയുന്നതിനു മുന്പ് വെള്ളത്തില്‍ വീണു ചാകും എന്ന് ജ്യോതിഷ പണ്ഡിതന്മാര്‍ ....ചോരക്കുഞ്ഞിന്റെ ശാപം ...
ഇത്രയും പറഞ്ഞപ്പോള്‍ ജിതേഷ് ഞങ്ങളുടെ അടുത്തേയ്ക്ക് വരുന്നത് കണ്ടു . ഈ പറഞ്ഞ കഥയിലെ കഥാ പാത്രങ്ങള്‍ ജിതേഷിന്റെ അമ്മൂമ്മയും അപ്പച്ചിയും ആണെന്ന വാചകം എന്നെ ഞെട്ടിച്ചു . വിനയന്‍ പറഞ്ഞത് കഥയോ യാഥാര്‍ത്യമോ എന്നറിയാതെ കുഴങ്ങിയ എന്‍റെ മനസിലൂടെ ആ തള്ള പാടവരമ്പിലൂടെ നടന്നു നീങ്ങുന്നതിന്‍റെ ദൃശ്യം ഒരിക്കല്‍ കൂടി കടന്നു പോയി
Subscribe to:
Post Comments (Atom)
No comments:
Post a Comment