Saturday, August 31, 2013

കല്ലും മണ്ണും കൊണ്ടു നിര്‍മ്മിച്ച വീടിനു ജീവനുണ്ടാകുന്നതും സ്വഭാവം ഉണ്ടാകുന്നതും അതിനുള്ളില്‍ മനുഷ്യന്‍ അവന്റെ ജീവിതം ജീവിക്കുമ്പോഴാണ്. താന്‍ ജനിച്ചു വളര്‍ന്ന വീടിനോടും നാടിനോടും മണ്ണിനോടും പെണ്ണിനോടും അത്തരമൊരു വൈകരികപരമായ അടുപ്പം കാത്തു സൂക്ഷിക്കുന്നവരാണ് മലയാളികളില്‍ അധികം പേരും . തന്‍റെ അച്ഛന്‍ നടത്തിയ പല ചരക്കു കടയോട് കുഞ്ഞനന്തന് അത്തരമൊരു വൈകാരിക അടുപ്പം ഉണ്ട്. ബാല്യം മുതല്‍ തന്‍റെ ജീവിതവുമായി ബന്ധപ്പെട്ട കട . ആ കട ചിലപ്പോഴൊക്കെ അച്ഛന്റെ ബിംബം തന്നെ ആയി മാറുന്നു കുഞ്ഞനന്തന് . വളരെ തന്മയീ ഭാവം കലര്‍ത്തി ലളിത സുന്ദരമായി, അതിഭാവുകത്വം കൂടാതെയുള്ള ജീവിതക്കാഴ്ചയായി മാറുന്നു ഈ സിനിമ .

അവര്‍ണ്ണനീയമായ പ്രണയത്തിന്‍റെ താമര നൂലിഴകളാല്‍ ബന്ധിപ്പിക്കപ്പെട്ട കുഞ്ഞനന്തനും ചിത്തിരയ്ക്കും ഒരു ആണ്‍കുഞ്ഞിനെയും ഒരു പെണ്‍കുഞ്ഞിനെയും കാലം സമ്മാനിച്ചു. കാലവും ജീവിതവും അവരെ രണ്ടു ശരീരവും രണ്ടു മനസ്സുമാക്കി അകറ്റി, കെട്ടിയാടാന്‍ നിര്‍ബന്ധിക്കപ്പെട്ട അച്ഛന്‍റെയും അമ്മയുടെയും വേഷങ്ങള്‍ ആടിത്തീര്‍ക്കുന്നു . ഏതൊരു ബന്ധവും താങ്ങും തണലും ആകണം , സംഘര്‍ഷങ്ങള്‍ നിറയ്ക്കുന്നതാകരുത് . പരസ്പരം ആശ്വാസവും ആശ്രയവും ആകേണ്ട അവരുടെ പവിത്ര ബന്ധത്തെ കളങ്കത്തിന്റെ കാര്‍മേഘം വിഴുങ്ങിയിട്ട് നാളുകളേറെയായി . ജീവിതത്തിന്റെ അത്തരം നിസ്സഹായാവസ്ഥയില്‍ കുഞ്ഞനന്തന് ആശ്വാസമാകുന്നത് തന്‍റെ കടയാണ് . ബന്ധങ്ങള്‍ക്ക് മേല്‍ വിവേചനത്തിന്റെ വേലിക്കെട്ടുകള്‍ തീര്‍ത്തുകൊണ്ട് ഇടുങ്ങിയ ജീവിതത്തിലേയ്ക്ക് ഒതുങ്ങുന്നവരാണ് മനുഷ്യന്‍ . അത്തരം എല്ലാ ബലഹീനതകളും ഉള്ള ഒരു സാധാരണ മനുഷ്യ ജീവിതം ആണ് അവരുടേത് . അതിന്റെ പശ്ചാത്തലത്തില്‍ ഗൗരവമായ വിഷയം ആണ് സിനിമ കൈകാര്യം ചെയ്യുന്നത് . പരസ്പരം മനസ്സിലാക്കാന്‍ ശ്രമിക്കലും വിട്ടു വീഴ്ച്ചാ മനോഭാവവും ഒക്കെ നിറഞ്ഞ വിശ്വാസത്തിന്റെ യാത്രയാണ് രണ്ടു പേരൊന്നിച്ചുള്ള ജീവിതം . ആ വിശ്വാസത്തിന്റെ ജീവതാളം രേഖകളില്‍ ആകുമ്പോള്‍ അത് അവിശ്വാസത്തിന്റെ അവതാളം ആയി മാറുന്നു . പ്രണയ വിവാഹങ്ങള്‍ പലപ്പോഴും ജീവിതയാത്രയുടെ തുടക്കത്തില്‍ തന്നെ അപശ്രുതി മീട്ടാന്‍ തുടങ്ങുന്നത് എന്തുകൊണ്ടാണ് ? പകലന്തിയോളം അന്നന്നത്തെ അപ്പത്തിനു വേണ്ടി അദ്ധ്വാനിക്കുന്ന സാധാരണക്കാരന്റെ ആശ്വാസ കേന്ദ്രം ആകണം അവന്‍റെ വീട്. അല്ലെങ്കില്‍ അത് വെറുമൊരു നിര്‍ജ്ജീവ വസ്തുവായി നിലകൊള്ളും .

മലയാളികളുടെ ജീവിതത്തിന്‍റെ ഭാഗമായി മാറിക്കൊണ്ടിരിക്കുന്നു സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകള്‍ . ജൈവിക ബന്ധത്തിനപ്പുറത്തേയ്ക്ക് ഇത്തരം അയഥാര്‍ത്ഥ യാന്ത്രിക ബന്ധങ്ങളില്‍ അഭിരമിക്കുന്ന യുവ തലമുറയും ഇതില്‍ ആശ്രയം കണ്ടെത്തുന്ന വിഭാഗവും ചെറുതല്ല . ചിന്തയെ മരവിപ്പിക്കുന്ന ഇത്തരം യാന്ത്രിക ബന്ധങ്ങളുടെ പൊള്ളത്തരങ്ങള്‍ മനസിലാക്കാതെ , ഭൂമിയിലെ സവിശേഷ ബുദ്ധിക്കുടമയായ മനുഷ്യന്‍ അവന്‍റെ സര്‍ഗ്ഗശേഷിയും ഉത്പാദനക്ഷമതയും അടിയറവു വെക്കുന്ന കാഴ്ച തികച്ചും വിരോധാഭാസം തന്നെ . ഒരു വികല്പ്പിത ലോകത്ത് അടിമയാകുന്ന ഇത്തരം ആളുകളുടെ ചെറുതല്ലാത്ത സമൂഹം ഇവിടെ വളര്‍ന്നു വരുന്നു . ജീവിതത്തിലെ ഓരോ പ്രശ്നങ്ങളും മറ്റുള്ളവരുടെ കണ്ണില്‍ നിസ്സാരം ആണെന്ന് തോന്നിയേക്കാം , ചിലപ്പോള്‍ അത്തരം പ്രശ്നങ്ങള്‍ അതിനേക്കാള്‍ വലിയ പ്രശ്നങ്ങള്‍ വരുമ്പോള്‍ അവനവന്‍ തന്നെ അതിനെ ലഘൂകരിക്കുകയും ചെയ്തേക്കാം . ഈ പ്രശ്നങ്ങള്‍ ഒക്കെ തന്നെ സമചിത്തതയോടെ കൈകാര്യം ചെയ്യാന്‍ പറ്റുന്നത് ജൈവിക ബന്ധങ്ങളിലൂടെയാണ് എന്ന സത്യം മറക്കുകയും അത്തരം കൈത്താങ്ങ്‌ തന്‍റെ പങ്കാളിയില്‍ നിന്നും കിട്ടാതെ വരുമ്പോള്‍ , വ്യര്‍ത്ഥമെന്നറിഞ്ഞിട്ടും യാന്ത്രിക ബന്ധങ്ങളുടെ മേച്ചില്‍പ്പുറങ്ങള്‍ തേടുന്നവരും വിരളമല്ല .

ഈ ആധുനിക കാലഘട്ടത്തില്‍ ഹര്‍ത്താലുകള്‍ പോലുള്ള കാലഹരണപ്പെട്ട സമരമുറകള്‍ വേണോ എന്ന് ഇവുടത്തെ പ്രബുദ്ധരായ രാഷ്ട്രീയ നേതൃത്വം പുനര്‍ വിചിന്തിനം നടത്തേണ്ട കാലം അതിക്രമിച്ചു . ഹര്‍ത്താല്‍ ആഹ്വാനത്തിലൂടെ രാജ്യത്തിന്‍റെ സമ്പത്ത് വ്യവസ്ഥയ്ക്ക് നഷ്ടം വരുന്നു എന്ന് മാത്രമല്ല സ്ഥിര വരുമാനം ഇല്ലാത്ത ഇവിടുത്തെ അസംഘടിത മേഖലയിലെ പാവപ്പെട്ട തൊഴിലാളികളുടെ കഞ്ഞികുടി മുട്ടിക്കുന്ന ജനദ്രോഹമായി മാറുന്നു എന്നുള്ള സത്യം ഇനിയെങ്കിലും ഇവിടുത്തെ രാഷ്ട്രീയ നേതൃത്വം മനസ്സിലാക്കേണ്ടതാണ് . ഇത്തരം പ്രഹസന സമര രീതികള്‍ കൊണ്ട് ഇന്നത്തെ കാലത്ത് പ്രയോജനം കിട്ടുന്നില്ല എന്ന യാഥാര്‍ത്ഥ്യം എന്തുകൊണ്ട് ഇവര്‍ കാണാതെ പോകുന്നു ? രാഷ്ട്രീയ കക്ഷികളുടെ ജാഥകളും മറ്റു സര്‍വീസ് സംഘടനകളുടെ സമര ജാഥ കളും വഴി തടയലും ഗതാഗതം സ്തംഭിപ്പിക്കലുമൊക്കെ സാധാരണ ജനത്തിനെ ഏതു തരത്തില്‍ ബുദ്ധിമുട്ടിക്കും എന്നത് അവനവന്റെ ജീവിതത്തില്‍ അനുഭവിക്കുമ്പോഴെ അറിയൂ .

വികസനത്തിനു വേണ്ടിയുള്ള വികസനമോ നിക്ഷിപ്ത താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള വികസനമോ അല്ല നമുക്ക് വേണ്ടത് . നമുക്കാവശ്യം സുസ്ഥിര വികസനം ആണ് . വികസനത്തിന്‍റെ പേരില്‍ ഇവിടുത്തെ ഒരു സാമാന്യ പ്രജ പോലും പാര്‍ശ്വവത്കരിക്കാന്‍ പാടില്ല . ഇവിടുത്തെ എല്ലാ പ്രജകള്‍ക്കും അതിന്‍റെ ഗുണ ഫലം ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ലഭിക്കുകയും ചെയ്യണം . അത്തരം ദീര്‍ഘ വീക്ഷണത്തോടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിവുള്ള നേതൃത്വം ഉണ്ടാകണം . ഒരു പ്രദേശത്തിന്‍റെ വികസനവുമായി ബന്ധപ്പെട്ട ഒന്നാണ് അവിടുത്തെ ഗതാഗത സൗകര്യം എന്നത്. ഗുണ നിലവാരമുള്ളതും ഈടു നില്‍ക്കുന്നതുമായ ഗതാഗത സൗകര്യം ഉണ്ടാവേണ്ടത് അത്യാവശ്യം തന്നെ . വിശ്വാസക്കച്ചവടവും വര്‍ഗ്ഗീയതയും ചൂടപ്പം പോലെ വിറ്റുപോകുന്ന നല്ലൊരു വിപണിയായി സാക്ഷര കേരളം മാറിക്കൊണ്ടിരിക്കുന്നു എന്നത് തീര്‍ത്തും ലജ്ജാവഹം തന്നെ. ഇതിന്‍റെ ഉത്തരവാദിത്വത്തില്‍ നിന്നും ഇവിടുത്തെ മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ക്ക് മാറി നില്‍ക്കാനാവില്ല . വികസനത്തിന്‍റെ പേരില്‍ ഒരു ജനസമൂഹത്തെ നശിപ്പിക്കുകയല്ല വേണ്ടത് മറിച്ച് വീണ്ടും വളരാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കുകയാണ് വേണ്ടത് . സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പില്‍ വരുത്തേണ്ട ഉദ്യോഗസ്ഥ വൃന്ദം പലപ്പോഴും ജനങ്ങളെ സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന തരത്തില്‍ മാറ്റിയെടുക്കുന്നു. അവര്‍ വെറും യന്ത്രങ്ങളെ പോലെ ആകുന്നു. ജനങ്ങള്‍ക്ക്‌ വേണ്ടി നിലകൊള്ളേണ്ട സര്‍ക്കാര്‍ ജീവനക്കാര്‍ ജനങ്ങള്‍ക്കെതിരെ ആകുന്നു .

മനുഷ്യന്‍ പ്രകൃതിയുടെ ഭാഗം ആണ് . എന്തിന്‍റെ പേരിലായാലും അവനു തന്‍റെ മാളം നഷ്ടപ്പെടുമ്പോള്‍ അടുത്ത സുരക്ഷിത മാളം കണ്ടെത്താനും ജീവിതം തുടങ്ങാനും സാധിക്കണം . അപ്പോഴാണ്‌ അവന്‍ പ്രകൃതിയുടെ ഭാഗമായി മാറുന്നത് .

പ്രതികരണ ശേഷി നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു വലിയ ജനസമൂഹം ഇവിടെ ഉണ്ട്. തങ്ങളുടേതാകുന്ന രീതിയില്‍ ഏതൊരുവനും പ്രതിഷേധം അറിയിക്കേണ്ടതാണ് .പ്രതികരണ ശേഷിയില്ലാത്ത ജനസമൂഹത്തെ കഴുത്തു ഞെരിച്ചു കൊല്ലാന്‍ നിരവധി ബാഹ്യ ശക്തികള്‍ ഉണ്ടാകും . അതിനിട വരുത്താതെ പ്രതികരണ ശേഷിയുള്ള ജന സമൂഹമായി മാറുക .

നിരവധി ഗൗരവമുള്ള വിഷയങ്ങളെ ലളിതമായി , സുന്ദരമായി ദൃശ്യഭാഷ ചമയ്ക്കാന്‍ സലിം അഹമ്മദ് എന്ന സംവിധായകന് സാധിച്ചു എന്നുള്ളതാണ് ഈ സിനിമയെ മഹത്തരമാക്കുന്നത്. ആദ്യ സിനിമ ഏല്‍പ്പിച്ച ഭാരം ഒന്നും തന്നെ നിഴലിക്കാതെ അതിനേക്കാള്‍ മികച്ച കലാസൃഷ്ടി നല്‍കാന്‍ അദ്ദേഹത്തിന് സാധിച്ചു . പ്രോത്സാഹിപ്പിക്കുക ഈ ലളിത സുന്ദര ഗംഭീര സിനിമയെ........

No comments:

Post a Comment