ഇതാ വീണ്ടും ഒരു മലയാള സിനിമ
എം. മോഹനന്‍ മലയാളികള്‍ക്കായി സമ്മാനിച്ച മാണിക്യക്കല്ല്....... കഥപറയുമ്പോള്‍ എന്ന സൂപ്പെര്‍ ഹിറ്റ് ചിത്രത്തിന് ശേഷം എം. മോഹനന്‍റെ തൂലികയില്‍ നിന്ന് മലയാളി പ്രേക്ഷകന് ലെഭിച്ച മാണിക്യം. തന്റെ ആദ്യത്തെ സിനിമയുടെ വിജയം എപ്പോഴും ഒരു സംവിധായകന് മുള്‍കിരീടം ആണ്. ആദ്യതതിനെക്കാള്‍ മനോഹരമായ സിനിമ ഒരുക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരിക്കുന്നു. ആദ്യ സിനിമ മറ്റൊരാളുടെ തിരക്കഥയില്‍ ആയിരുന്നെങ്കില്‍ തന്റെ രണ്ടാമത്തെ സിനിമ സ്വന്തം തിരക്കഥയില്‍ ഒരുക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരിക്കുന്നു.
മാടമ്പിമാരും പ്രമാണിമാരും വാഴുന്ന മലയാള സിനിമയില്‍ മലയാള ഗന്ധമുള്ള , ജീവനുള്ള , നൈര്‍മല്യമുള്ള സിനിമ. സാമൂഹ്യ പ്രതിബദ്ധതയുള്ള സിനിമ. സര്‍ക്കാര്‍ സ്കൂളുകളുടെ ശോച്യാവസ്ഥയും അധ്യാപകരുടെ നിഷ്ക്രിയത്വവും പ്രേമെയമാകുന്ന മനോഹരമായ സിനിമ. അധ്യാപകരുടെ "മിടുക്ക്" കാരണം പൊതു പരീക്ഷയില്‍ പൂജ്യം റിസള്‍ട്ട് നേടിയ വണ്ണാന്‍ മല സ്കൂളിലേക്ക് ആദ്യ നിയമനം കിട്ടി എത്തിയതാണ് വിനയചന്ദ്രന്‍ എന്ന ചെറുപ്പക്കാരന്‍ ആയ മാഷ് . ഒരു കാലത്ത് വളരെ പ്രതാപത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു സര്‍ക്കാര്‍ സ്കൂളിന്‍റെ ദുരവസ്ഥ നല്ല രീതിയില്‍ വരച്ചു കാട്ടുന്നുണ്ട് സിനിമയില്‍. സര്‍ക്കാര്‍ സര്‍വീസില്‍ കയറിയാല്‍ പിന്നെ പ്രവര്‍ത്തിക്കാത്ത , പഠിക്കാത്ത വിഭാഗം ആണ് അധ്യാപകര്‍. കഴിവുണ്ടെങ്കിലും അത് കുട്ടികളുടെ വളര്‍ച്ചയ്ക്കുപയോഗിക്കാതെ യൂണിയന്‍ പ്രവര്‍ത്തനവും മറ്റു ബിസിനസ്സുകളും നടത്തി ഒരു സമൂഹത്തെ തന്നെ നശിപ്പിക്കുന്ന അധ്യാപകരുടെ ഒരു നേര്‍ചിത്രം ഈ സിനിമയിലുണ്ട്.
വിനയചന്ദ്രന്‍ മാഷേ പോലെയുള്ള ചെറുപ്പക്കാരുടെ ഒരു കടന്നു വരവ് ഈ മേഖലയില്‍ ആവശ്യമാണെന്ന് കൂടി ഈ സിനിമ പറയുന്നുണ്ട്. സ്റ്റാഫ് റൂമില്‍ മറ്റു കാര്യങ്ങളുമായി ഒതുങ്ങി കൂടി ഇരിക്കുന്ന, തന്റെ കടമയെ കുറിച്ച് ബോധ്യം ഇല്ലാത്തവരെ പോലെ നടിക്കുന്ന അല്ലെങ്കില്‍ താന്‍ തന്റെ കടമ നിര്‍വഹിച്ചാല്‍ ഇവിടെ ഒന്നും സംഭവിക്കില്ല എന്ന ന്യായം കണ്ടെത്തി അലസതയുടെ ബിംബങ്ങളായി ഇരിക്കുന്ന ഒരു പറ്റം അധ്യാപകരുടെ ഇടയിലേക്കാണ് വിനയന്‍ മാഷിന്റെ വരവ്. തങ്ങളുടെ മക്കളെ മറ്റു സ്വകാര്യ വിദ്യാഭാസ സ്ഥാപനങ്ങളില്‍ ചേര്‍ത്ത് പഠിപ്പിക്കുകയും തങ്ങളുടെ മുന്നിലെത്തുന്ന സാധാരണക്കാരുടെ മക്കളെ പടിപ്പിക്കതിരിക്കുകയും ചെയ്യുന്ന അധ്യാപകരെയും നമുക്ക് ഈ ചിത്രത്തില്‍ കാണാന്‍ കഴിയും. പൊതു വിദ്യഭാസത്തെ തകര്‍ക്കുന്ന ഇത്തരക്കാരെ തിരിച്ചറിയണം എന്ന് കൂടി ഈ സിനിമ പറഞ്ഞു തരുന്നു. സാമൂഹ്യ പ്രെതിബധതയില്ലാത്ത അധ്യാപകരുടെ കടന്നു വരവ് മൂലം ഈ സംവിധാനം അനുദിനം നശിച്ചുകൊണ്ടിരിക്കുകയാനെന്ന തിരിച്ചറിവ് ഇനിയെങ്കിലും ഉണ്ടാവണം. എന്തുകൊണ്ട് സര്‍ക്കാര്‍ സ്കൂളുകളില്‍ നിന്ന് കുട്ടികള്‍ അകന്നു പോകുന്നു എന്ന ചോദ്യത്തിന്‍റെ ഉത്തരങ്ങളില്‍ പ്രധാനപെട്ട ഉത്തരത്തിലേക്കു ചിത്രം വെളിച്ചം വീശുന്നുണ്ട്.
ഒരു ഒറ്റയാള്‍ പോരാട്ടം ആണ് വിനയന്‍ മാഷ് ആദ്യം നടത്തുന്നത്. ജോലി ചെയ്യാന്‍ താല്പര്യം ഇല്ലാത്ത സഹപ്രവര്‍ത്തകരുടെ നിസ്സഹകരണവും സമൂഹത്തിന്‍റെ എതിര്‍പ്പുമൊക്കെ വിനയന്‍ മാഷിനെ തളര്‍ത്തുന്നില്ല . പതിയെ പതിയെ തന്‍റെ കൂടെ ഒത്തൊരുമിച്ചു നിന്ന് പ്രവര്‍ത്തിക്കാന്‍ കുട്ടികളും സഹപ്രവര്‍ത്തകരും എല്ലാവരും ശ്രേമിച്ചപ്പോള്‍ അവിടെ വിജയം സംഭവിച്ചു. ഇത്തരത്തിലുള്ള ഒരു സമൂഹത്തില്‍ വിനയന്‍ മാഷിനെ പോലെ ഉള്ളവര്‍ക്ക് കടുത്ത വെല്ലുവിളികള്‍ നേരിടേണ്ടി വരും. കുട്ടികളും അധ്യാപകരും തമ്മില്‍ എങ്ങനെ ആയിരിക്കണം എന്ന ഒരു ചിന്ത കൂടി ഈ സിനിമയില്‍ പങ്കു വെയ്ക്കുന്നുണ്ട്.
ഇത്തരം പശ്ചാത്തലം ഉള്ള ഒരു തിരക്കഥ ഒരുക്കുമ്പോള്‍ തീര്‍ച്ചയായും പ്രേക്ഷകരുടെ മനസിലേക്ക് മറ്റു ചില സിനിമകള്‍ കടന്നു വന്നേയ്ക്കാം. ആ വിജയ ചിത്രങ്ങളുടെ ഒരു ഓര്‍മപ്പെടുതലും ഈ തിരക്കഥയില്‍ ഇല്ല എന്നിടത്താണ് എം. മോഹനന്‍ എന്ന തിരക്കധാകൃതിന്റെ വിജയം.ഇങ്ങനെയൊക്കെ ആണെങ്കിലും ചില അസ്വാഭാവിക രംഗങ്ങള്‍ സിനിമയിലുണ്ട്. വിനയചന്ദ്രന്‍ മാഷിന്‍റെ ശരീര ഭാഷ പൂര്‍ണമായും പ്രിത്വി രാജ് എന്ന നടന് ഉള്‍കൊള്ളാന്‍ പറ്റുന്നില്ല എന്ന് പറയേണ്ടി വരും. ചില സന്ദര്‍ഭങ്ങളിലെങ്കിലും തന്‍റെ ശരീരം രാജു എന്ന നടന് വെല്ലുവിളി ആകുന്നുണ്ട്. എല്ലാ കഥാപാത്രങ്ങള്‍ക്കും യോജിക്കില്ല ഇപോഴത്തെ രാജുവിന്‍റെ ശരീരം. അനായാസത ഇല്ലാത്ത ഒരു ശരീര ഭാഷ ആ നടന്‍റെ കഴിവിനെ പിന്നോട്ടടിക്കുമോ എന്ന് സംശയിക്കേണ്ടി വരുന്നു. ആ ഒരു തിരിച്ചറിവ് രാജുവിന് ഉണ്ടായാല്‍ നന്ന്. ഗ്രാമീണത തുളുമ്പുന്ന ഈ ചിത്രത്തിലെ സംഗീതത്തിനു ആ ഗ്രാമീണത ഇല്ലെന്നു പറയേണ്ടി വരും. പത്താം ക്ലാസ്സ് കുട്ടികളുടെ രാത്രികാല ക്ലാസ്സിന്‍റെ സമാപന ദിവസം കുട്ടികളും അധ്യാപകരും രെക്ഷകര്‍ത്താക്കളും ചേര്‍ന്ന് പാടുന്ന ഒരു ഗാനം ചിത്രത്തിലുണ്ട്. തന്‍റെ ആദ്യ സിനിമയിലെ ഒരു ഗാന രംഗത്തോട് അതിനു കുറച്ചു സാമ്യത ഉണ്ടെന്നൊഴിച്ചാല്‍ വളരെ നല്ല ഒരു സിനിമ.
ഗൃഹാതുരത്വം ഉണര്‍ത്തുന്ന മനസിനെ കുളിരണിയിക്കുന്ന ചിന്തിപ്പിക്കുന്ന ലളിതമായി പറഞ്ഞിരിക്കുന്ന വളരെ ഗൌരവമുള്ള ഒരു നല്ല സിനിമ തന്നെയാണ് മാണിക്യക്കല്ല്.