Sunday, September 1, 2013

                          മൈക്കേല്‍ എന്ന ചിത്രകാരന്‍റെ ഉത്തരവാദിത്ത്വ രഹിത സുന്ദര ജീവിതത്തിലൂടെ ചില അടയാളപ്പെടുത്തലുകള്‍ നടത്താന്‍ ശ്യാമപ്രസാദ് എന്ന കലാകാരന്‍ നടത്തിയ മനോഹര ശ്രമം അതാണ്‌ ആര്‍ടിസ്റ്റ് .

                          ഒരു കലാകാരന്‍ എപ്പോഴാണ് മികച്ചതാകുന്നത് ? ആരാണ് അവനെ മികച്ചതാക്കുന്നത് ? അവന്റെ കലാസൃഷ്ടിയുടെ വിധികര്‍ത്താക്കള്‍ ആരാണ് ? ചില മുന്നറിവുകളുടെ അടിസ്ഥാനത്തില്‍ നാം രൂപപ്പെടുത്തുന്ന ഒന്നാണോ കലയെ അളക്കുന്ന അളവുകോലായി നാം ഉപയോഗിക്കേണ്ടത് ? അത്തരം അളവുകോല്‍ ഒരു കലാകാരന്‍റെ ആത്മാവിഷ്കാരത്തിന്റെ നേര്‍ചിത്രത്തെ എങ്ങനെയാണ് അളക്കാന്‍ പര്യാപ്തമാകുന്നത് ? തന്‍റെ ഭാവനയുടെ , അവന്‍ ആര്‍ജ്ജിച്ച ജീവിതാനുഭവങ്ങളുടെ, നേര്‍ സാക്ഷ്യം അതാകും പലപ്പോഴും അവന്‍റെ സൃഷ്ടികള്‍ .അത് ചിലപ്പോള്‍ വന്യമാകും;ചിലപ്പോള്‍ നൈര്‍മ്മല്യമുള്ളതാകും; ചിലപ്പോള്‍ സങ്കീര്‍ണ്ണമാകും .  ഒരു കലാകാരന്‍ അവന്‍റെ ആത്മാവിഷ്ക്കാരത്തിന്റെ പകര്‍ത്തിവെക്കല്‍ ആത്മാര്‍ഥതയോടെ ചെയ്യുമ്പോഴാണ്  അത് മഹത്തരം ആകുന്നതും കലാകാരന്‍ കല്‍പ്പിക്കുന്ന അര്‍ത്ഥതലങ്ങള്‍ക്ക് അപ്പുറത്തേയ്ക്ക് അത് വളരുകയും ചെയ്യുന്നത് .

                          പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും  സ്നേഹത്തിന്റെയും ചൂഷണത്തിന്റെയും വഞ്ചനയുടെയും നിസ്സഹായതയുടെയും ചെറുത്തുനില്‍പ്പിന്റെയും ഒക്കെ കഥകള്‍ കുറഞ്ഞ കഥാപാത്രങ്ങളിലൂടെ സുന്ദരമായി ദൃശ്യഭാഷ ചമയ്ക്കാന്‍ ശ്യാമപ്രസാദിനു സാധിച്ചിരിക്കുന്നു .

                          സ്ത്രീ ഒരു ഭോഗ വസ്തു ആണെന്നും തനിക്കൊരു പരിമിതി ഉണ്ടാകുമ്പോള്‍ അവള്‍ തന്നെ ഉപേക്ഷിച്ചു പുതിയ മേച്ചില്‍പ്പുറം തേടിപ്പോകുകയും ചെയ്യുമെന്ന പുരുഷന്‍റെ അപകര്‍ഷതാബോധം ഇടയ്ക്ക് തലപൊക്കുന്നു. സ്നേഹത്തിന്റെ പേരില്‍ അവള്‍ പറ്റുന്ന ആനുകൂല്യങ്ങള്‍ക്ക് പകരമായി തന്‍റെ ശരീരം പങ്കു വെക്കാന്‍ നിര്‍ബന്ധിതയാകുന്നതിന്റെ ദുര്യോഗം ഇതില്‍ വരച്ചുകാട്ടുന്നു. പരസ്ത്രീ ബന്ധത്തിന് വേണ്ടി കെഞ്ചുന്ന കാമ ദാഹിയായ പുരുഷന്‍റെ അധമ മനസ്സ് മനോഹരമായി ദൃശ്യവത്ക്കരിച്ചിരിക്കുന്നു . തന്‍റെ ജീവിതം തകര്‍ന്നു പോകുമെന്നവസ്ഥ വരുമ്പോള്‍ മുന്‍ സൗഹൃദത്തിന്റെ പേരില്‍ എല്ലാം അടിയറവു വെയ്ക്കാന്‍ ഒരു നിമിഷനേരത്തേയ്ക്കെങ്കിലും അവള്‍ തയ്യാറാകുന്നു  . തന്‍റെ നിസ്സഹായാവസ്ഥ ബോധ്യപ്പെടാതെ അകക്കണ്ണിന്റെ കാഴ്ചയില്ലാതെ നിഷ്ക്കരുണം സ്ത്രീയെ വലിച്ചെറിയുന്നു .പലപ്പോഴും കാഴ്ച അങ്ങനെയാണ് കാണാത്ത യാഥാര്‍ത്യത്തെ തിരിച്ചറിയാന്‍ പലപ്പോഴും മനുഷ്യന് സാധിക്കാതെ വരുന്നു .
 അപ്പോഴും ജീവിത യാഥാര്‍ത്ഥ്യം തിരിച്ചറിയുകയും മുറിവേറ്റ ഹൃദയവുമായി അവള്‍ ജീവിതത്തെ ഉള്‍ക്കൊള്ളുകയും സഹനത്തിന്റെയും ക്ഷമയുടെയും ആള്‍രൂപമായി ഒരിക്കല്‍ കൂടി അവള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്യുന്നു .
                         ഉപരിപ്ലവമായ കഴിഞ്ഞ സിനിമയെ അപേക്ഷിച്ച് നല്ലൊരു സിനിമ നല്‍കിയിരിക്കുന്നു എന്ന് പറയാം . മൈക്കേല്‍ , ഗായത്രി , അഭി , തുടങ്ങി എല്ലാവരും അവരുടെ കഥാപാത്രങ്ങള്‍ അതിഭാവുകത്വം ഇല്ലാതെ അഭിനയിച്ചിരിക്കുന്നു എന്നത് പ്രശംസ അര്‍ഹിക്കുന്ന കാര്യം തന്നെ .