Wednesday, September 12, 2012

                                                                                                                                                                          ജരാനര ബാധിച്ച മനസിന്‍റെ തേങ്ങല്‍ 
വിറപൂണ്ടു നിന്ന പ്രകൃതിയും തേങ്ങി 
ഇനിയുമേറെ ചെയ്യാനുണ്ടെന്നറിയാം 
ഇനി , ചെയ്തതോ വെറും നാമ മാത്രം !
നൈരാശ്യത്തില്‍ നീറുന്ന മനസുമായി 
ഇനിയെന്തു ചെയ്യണമെന്നറിയാതെ , വൃഥാ
പാഴായ ജീവിത യാത്രയുടെ പാതി വഴിയില്‍ 
നിന്നു:ഞാനും എന്‍ നിഴലും മാത്രം !
ഹൃദയ ബന്ധത്തിന്‍ - നൈര്‍മല്യമുള്ള ചങ്ങാതികളും 
രക്ത ബന്ധത്തിന്‍ - ചങ്ങല കണ്ണികളും ഒന്നും 
മതിയാവില്ലെനിക്ക് ജീവിത യാത്രയുടെ 
മറുപകുതി തുഴഞ്ഞെത്തുവാന്‍
വ്യഥിത ചിന്തകളാല്‍ മനം പിടയവെ
ഓര്‍മപ്പെടുതലായി വീണ്ടും .....
ഇനിയുമേറെ ചെയ്യാനുണ്ടെന്നറിയാം 
ഇനി , ചെയ്തതോ വെറും നാമ മാത്രം .!

Sunday, June 10, 2012

                                                  അപ്പൂപ്പന്‍ താടി 
           
പുറത്ത്  നല്ല മഴ പെയ്തുകൊണ്ടിരിക്കുന്നു. മണ്ണിന്റെ  പുതുമണം ആസ്വദിച്ച് കൊണ്ട്  കൃഷ്ണനുണ്ണി  ചാരു കസേരയില്‍  കിടക്കുകയാണ്. ഇതിനു മുന്‍പെങ്ങുമില്ലാത്ത വിധം ഇന്നത്തെ മഴയ്ക്ക്‌  വല്ലാത്ത ഒരു  വശ്യ സൌന്ദര്യം . ഭൂമിയെ കുളിപ്പിച്ച് കൊണ്ട് , അവളെ പുളകിതയാക്കിക്കൊണ്ട് മഴ അങ്ങനെ പെയ്യുകയാണ്. അവന്റെ മനസും കുളിരണിഞ്ഞു .അവന്റെ മനസ് അവന്‍ പോലും അറിയാതെ ഒന്‍പതാം ക്ലാസില്‍ എത്തി. അനിരുദ്ധന്‍ സാറിന്റെ ക്ലാസ് ആണ്. സിംഹം എന്ന വിളിപ്പെരോടെ അറിയപ്പെടുന്ന അനിരുദ്ധന്‍ സര്‍. ക്ലാസ്സ്‌ തുടങ്ങി കഴിഞ്ഞിരിക്കുന്നു. ഇത് വരെ ആയിട്ടും ജംസീലയും കൂട്ടുകാരികളും എത്തിയിട്ടില്ല. എന്റെ കണ്ണും മനസും ഒന്നും ക്ലാസില്‍ ആയിരുന്നില്ല.. ഞാന്‍ പുറത്തേയ്ക്ക് തന്നെ നോകിയിരിക്കുകയാണ് . അതാ അവളും അവളുടെ കൂട്ടുകാരികളും നനഞ്ഞു  കുളിച്ചു വരുന്നു. അവളുടെ ശരീരത്തോട് പറ്റിച്ചേര്‍ന്നു കിടക്കുന്ന വസ്ത്രം അവവളുടെ ശരീര വടിവ്  കൂടുതല്‍ എനിക്ക് വ്യക്തമാക്കി തന്നു . അവളില്‍ ഞാന്‍ കൂടുതല്‍ കൂടുതല്‍ തല്പരനാകുകയായിരുന്നു ..ഞാന്‍ അവളുടെ ആരാധകന്‍ ആകുകയായിരുന്നു...ഇത് വായിക്കുമ്പോള്‍ ഒരു പക്ഷെ ചിന്തിച്ചേക്കാം ഒരു പതിനാലു വയസുകാരന്‍ പയ്യന്റെ മനസ്സില്‍ ഇങ്ങനെയൊക്കെ പ്രണയാതുരമായ ചിന്തകള്‍ ഉണ്ടാകുമോ എന്ന് !!!! നിങ്ങള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും അപ്പോഴത്തെ എന്റെ മനസ് അത്രയും പ്രണയാതുരം ആയിരുന്നു . അവളുടെ ശരീരത്തില്‍ പതിച്ച ഒരു മഴതുള്ളി ആകാന്‍ ഞാന്‍ കൊതിച്ചു...
                                     അവളുടെ ആ ഒരു ചിത്രം എന്റെ മനസ്സില്‍ നിന്ന് മായുന്നില്ല . മഴ ഇപ്പോഴും എന്നെ ഈ ഒരു ഓര്‍മയിലേക്ക് എപ്പോഴും കൊണ്ടുചെന്നെത്തിക്കും. ഓരോ ദിവസങ്ങള്‍ കഴിയുംതോറും എനിക്ക് ജംസീലയോടുള്ള അനുരാഗം കൂടിക്കൊണ്ടിരുന്നു . തനിക്ക്  ഒരിക്കലും കിട്ടാത്ത ഒരു പൈന്‍ ആപ്പിള്‍ ആണ് ഈ മൊഞ്ചത്തി എന്നറിയാമായിരുന്നിട്ടും എന്തോ എനിക്ക് അവളോടുള്ള അനുരാഗത്തിന് ഒരു കുറവും സംഭവിച്ചില്ല എന്നുമാത്രമല്ല അത് കൂടിക്കൊണ്ടേയിരുന്നു . ഈ ഒരു ഓര്‍മ്മ ഇപ്പോള്‍ പങ്കുവെയ്ക്കാന്‍ കാരണം ഉണ്ട്. ഇന്ന്‍  ഒരു ബസ്‌ യാത്രയില്‍ ഞാന്‍ വീണ്ടും എന്റെ മൊഞ്ചത്തിയെ വീണ്ടും കണ്ടു. അവള്‍ എന്നെ നോക്കി ഒന്ന് പുഞ്ചിരിക്കുകയും ചെയ്തു. പഠിക്കുന്ന കാലത്ത് ഒരിക്കല്‍ പോലും അവള്‍ എന്നെ നോക്കി ചിരിച്ചിട്ടില്ല ..ഇന്ന അവളുടെ മുഖത്തെ ചിരി വീണ്ടും എന്നെ ഏതോ ലോകത്തേയ്ക്ക് വീണ്ടും കൊണ്ടുപോയി.....
                                       എന്റെ അച്ഛന്റെയും അമ്മയുടെയും നാലു മക്കളില്‍ മൂന്നാമന്‍ ആണ് ഞാന്‍. പലപ്പോഴും അവഗണനയുടെ നാളുകള്‍ ആയിരുന്നു എന്റെ ബാല്യം. എനിക്ക് ആവശ്യത്തിനു സ്നേഹം കിട്ടുന്നില്ല എന്ന പരാതി എപ്പൊഴും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ എനിക്ക് എന്റെ അച്ഛനോടും അമ്മയോടും ദേഷ്യമായിരുന്നു എപ്പൊഴും . പക്ഷെ ഇന്ന ഞാന്‍ തിരിച്ചറിയുന്നു അതെല്ലാം എന്റെ അപക്വമായ മനസിന്റെ വെറും തോന്നലുകള്‍ മാത്രമായിരുന്നു എന്ന്. ... ഇന്ന്‍  എനിക്ക്  അവരോട് ബഹുമാനവും ആരാധനയുമൊക്കെ തോന്നുന്നു. എത്ര മാതൃകാപരമായിട്ടാണ്  അവര്‍ തങ്ങളെ വളര്‍ത്തിയത്.
                                     സ്വതന്ത്രമായി ചിന്തിക്കാന്‍ കഴിവുള്ള , ആര്‍ദ്രമായ ഒരു മനസും കയ്യില്‍ ഒരു പ്രൊഫഷണല്‍ ഡിഗ്രി സര്‍ടി ഫിക്കറ്റ്  ഇത്രയും ആണ് ഇപ്പോള്‍ എന്റെ കയ്യില്‍ ഉള്ളത്.. ഇനി എന്ത് എന്ന ചിന്തയുമായി കൃഷ്ണനുണ്ണി വിജനതയിലെക്ക് നോക്കി അങ്ങനെ കിടന്നു .........................

Saturday, March 31, 2012

                                                     ഭ്രാന്ത്         

      മനസ് ശൂന്യമാണ്... ഓളങ്ങള്‍ നിലച്ച ജലാശയം പോലെ.. തിരകള്‍ പുണര്‍ന്ന തീരം പോലെ... പെയ്തൊഴിഞ്ഞ  ആകാശം പോലെ...പെട്ടെന്ന്‍  ആ മനസിലേക്ക് ചിന്തയുടെ ഒരു സ്ഫുലിംഗം മിന്നി മറഞ്ഞു.. അപ്പോഴാണ്‌ അമീര്‍ മനസിലാക്കിയത് താന്‍ ആള്‍ക്കൂട്ടത്തിന്റെ ഭാഗം ആണെന്ന്.. പല വികാരങ്ങള്‍.. പല ചിന്തകള്‍.. പല ഭാവങ്ങള്‍... അതില്‍ ഒരു ഭാവമായി.. ഒരു ചിന്തയായി ..ഒരു വികാരമായി താനും... ആരാലും തിരിച്ചറിയാതെ ഞാന്‍ മുന്നോട്ട് നടക്കുകയാണ് ,,അല്ല ഒഴുകുകയാണ്.. അതാണ്‌ ശരി . എങ്ങോട്ടെന്നില്ലാതെ ലെക്ഷ്യബോധമില്ലാതെ മുന്നോട്ട് നടന്നു കൊണ്ടിരിക്കുന്നു. ആ നടത്തം കുറച് കഴിഞ് ഓട്ടമായി..
ഇത്രയും എഴുതി കഴിഞ്ഞപ്പോള്‍ സുഹാസിന്റെ തൂലിക വറ്റി വരളാന്‍ തുടങ്ങിയിരുന്നു.. ഭാഷ എന്നില്‍ നിന്നും അകലുകയാണോ?? ഇത്രയും കാലം മനോഹരമായ കഥകള്‍ എഴുതി വായനക്കാരെ ത്രസിപ്പിച്ച എന്റെ തൂലിക ഇന്ന്‍ ആദ്യമായി ....അയ്യോ എനിക്ക് ഓര്‍ക്കാന്‍ കൂടി സാധിക്കുന്നില്ല. തന്റെ മനസ് , ഭാവന എല്ലാം ഇതാ തന്നില്‍ നിന്ന്‍ വിട പറയാന്‍ വെമ്പല്‍ കൊള്ളുന്നത്‌ പോലെ അവനു തോന്നി. ഇന്നലെ വരെ തനിക്കു ചുറ്റും ഉണ്ടായിരുന്ന കഥാപാത്രങ്ങള്‍ എല്ലാം ഇപ്പോള്‍ വളരെ അവ്യക്തമായി മാത്രമേ തനിക് കാണാന്‍ സാധിക്കുന്നുള്ളൂ , മൂടല്‍ മഞ്ഞില്‍ അകപ്പെട്ടതുപോലെ ..എനിക്ക് എന്റെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ പോലും കഴിയാത്ത വിധം ഭാഷ  അന്യമായിരിക്കുന്നു. ഭ്രാന്തമായി അങ്ങോട്ടും ഇങ്ങോട്ടും ഓടി നടന്ന സുഹാസിന് നേരെ അമീര്‍ ഓടി അടുക്കുന്നു. അമീറിനെ കണ്ട സുഹാസിന് അല്പ നേരതെയ്കെങ്കിലും ആശ്വാസമായി.. മൂടല്‍ മഞ്ഞില്‍ അകപ്പെട്ടു നിന്നവരില്‍ നിന്ന്‍ ഒരാളുടെ മുഖം എങ്കിലും തനിക് കാണാന്‍ സാധിച്ചല്ലോ !! അങ്ങനെ നോക്കി നില്‍ക്കെ അമീറും പെട്ടെന്ന്‍ എവിടെയോ മറഞ്ഞു.. പതുക്കെ പതുക്കെ സുഹാസിന്റെ ഓര്‍മ മറഞ്ഞു കൊണ്ടിരുന്നു . അവന്‍ വേറെ ഏതോ ഒരു ലോകത്തിലേക്ക് എടുത്തെറിയപ്പെട്ടു .

Friday, March 2, 2012

                                                                മതി ഭ്രമം                                                                                                                                            കുറെ നാളുകള്‍ക്ക് ശേഷം അരവിന്ദ് തന്റെ പേനയുമായി എഴുത്ത് മുറിയിലേക്ക് പ്രവേശിച്ചു. എന്താണ് എഴുതേണ്ടത് ??? എന്തിനാണ് എഴുതേണ്ടത് ?? എന്നിങ്ങനെ ഉള്ള ചോദ്യങ്ങള്‍ അരവിന്ദന്‍റെ മനസിലൂടെ കടന്നു പോയ്ക്കൊണ്ടിരിന്നു . വല്ലാത്ത വീര്‍പ്പു മുട്ടല്‍ തന്നെ. മുറിയില്‍ കിടന്ന കസേരയിലേക്ക് അവന്‍ ചാരി കിടന്നു. പേന എന്തെക്കെയോ പറയാന്‍ വെമ്പുന്നത് പോലെ .
            ആ ചാരു കസേരയിലെ കിടപ്പ് അവനെ പല വന്യമായ ചിന്തകളിലേക്ക് കൂട്ടി കൊണ്ട് പോയി . തനിക് ജന്‍മം നല്‍കിയ തന്‍റെ അമ്മയുടെയും അച്ഛന്‍റെയും ദുര്‍ഗതിയോര്‍ത് അവന്‍ അവനെ തന്നെ പഴിച്ചു. " അവരുടെ മുന്‍ജന്മ പാപം " എന്നല്ലാതെ എന്ത് പറയാന്‍.. മുന്‍ജന്മ പാപമോ ??? എന്റെ ചിന്തയില്‍ നിന്ന് തന്നെ ആണോ ഇങ്ങനെ ഒരു വാക്ക് വന്നത് ?? അരവിന്ദ് പെട്ടെന്ന് ചിന്തയില്‍ നിന്ന് ഉണര്‍ന്നു.. ചിന്തയുടെ ആലസ്യത്തില്‍ നിന്ന്  വര്‍ത്തമാന  ലോകത്തേയ്ക്ക് വരുവാന്‍ അവന്റെ മസ്തിഷ്കം അനുവദിക്കുന്നില്ലായിരുന്നു... വീണ്ടും അവന്‍ ഏതോ ലോകത്തേയ്ക്ക് പൊയ്ക്കൊണ്ടിരുന്നു..
തന്‍റെ ശവ ശരീരത്തിനരികില്‍ ഒരു നിഗൂഡമായ മുഖഭാവത്തോടെ ഇരിക്കുന്ന തന്നെ തന്നെ അവന്‍ കാണുന്നു.. ചുറ്റും വേറെ ആരുമില്ല... പെട്ടെന്ന് അവന്‍ ഞെട്ടി എഴുനേല്‍ക്കുന്നു. അപോഴാണ് അവന്‍ ഓര്‍ക്കുന്നത് .... എത്ര നാളായി താന്‍ ഒരു സ്വപ്നം കണ്ടിട്ട് ?? സ്വപ്‌നങ്ങള്‍ പോലും തനിക് അന്യമായിരുന്നു എന്ന തോന്നല്‍ അവനെ കൂടുതല്‍ സംഘര്‍ഷത്തില്‍ ആക്കി...കാര്‍മേഘങ്ങള്‍ നിറഞ്ഞ ആകാശം പോലെ ആയി അവന്‍റെ മനസ്.
           നിലാവിന്‍റെ വെള്ളി വെളിച്ചം ഇലകള്‍കിടയിലൂടെ അരിച്ചിറങ്ങുന്നുണ്ടായിരുന്നു ..വളരെ വേഗത്തില്‍ രാജീവ്‌ മുന്നോട്ട് നടന്നു പോകുന്നത് കാണാം. അവന്‍ നടന്നു നടന്നു ചെന്ന് നിന്നത് ഒരു സെമിത്തേരിയുടെ മുന്നില്‍ ആണ്. അതിന്‍റെ വാതില്‍ക്കല്‍ അനിയും സജീറും ആഷിയും നില്പുണ്ടായിരുന്നു. അവരെ കണ്ടതും അവന്‍റെ ഉള്ളൊന്നു കാളി. സുതാര്യമായ ശരീരത്തോട് കൂടി അവര്‍ നില്‍ക്കുന്നു. എന്നെ കണ്ടതും  അവര്‍ സംസാരം നിര്‍ത്തി. അവരുടെ സമീപത്തായി പരിചയമില്ലാത്ത ഒരു പുരോഹിതനെയും കാണാമായിരുന്നു. അദ്ദേഹത്തിന് പക്ഷെ  തല മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷെ അദ്ദേഹം പൌരോഹിത്യ വേഷത്തില്‍ തന്നെ ആണ് താനും. അവരുടെ അടുത്ത് ചെന്ന് ഞാന്‍ നോക്കിയപ്പോള്‍ വീണ്ടും ഞെട്ടി.. എന്‍റെ ശരീരം ക്രിസ്ത്യന്‍ മതാചാര പ്രകാരം അലങ്കരിച് കല്ലറയില്‍ അടക്കാന്‍ പോകുന്നു.. അവനു നൂറായിരം സംശയങ്ങള്‍ ഉണ്ടായി മനസ്സില്‍.. തന്‍റെ കൂടുകാരോഡ് അവന്‍ ഇതിനെ പറ്റി ചോദിച്ചു.. പക്ഷെ അവര്‍ പറഞ്ഞ ഭാഷ മനസിലാക്കാന്‍ എനിക്ക് സാധിച്ചില്ല. ഏതോ പ്രാകൃതമായ ഭാഷ... ശവ ശരീരം കല്ലറയില്‍ ഇറക്കി വെച്ച് മൂന്ന് പിടി മണ്ണും വാരി ഇട്ടു അവന്‍. കല്ലറ മൂടി.. ഇപ്പോള്‍ അവിടെ കേള്‍ക്കുന്ന ഭാഷ അവനു തിരിച്ചറിയാന്‍ സാധിക്കുന്നുണ്ട്. പുരോഹിതന്‍ എന്തോ ഒരു ചോദ്യം ചോദിച്ചു. ..അപോഴെക്കും രാജീവ്‌ ഒരു ഞെട്ടലോടെ എഴുന്നേറ്റു ... താന്‍ കണ്ടത് സ്വപ്നമോ യാഥാര്‍ത്യമോ എന്ന് തിരിച്ചറിയാന്‍ കുറച്ചു സമയം വേണ്ടി വന്നു ..
                  ഒരു പുതിയ നോവലിന്‍റെ സൃഷ്ടിക്കായി വന്നിരുന്ന തനിക് ഇതെന്തു പറ്റി?? തന്‍റെ ചിന്തകള്‍ എങ്ങോട്ടാണ് തന്നെ കൂട്ടികൊണ്ട് പോകുന്നത് ?? മനസിനെ വീര്‍പ്പു മുട്ടിക്കുന്ന ചിന്തകള്‍ ഉണ്ടാകുമ്പോഴാണ് സാധാരണ ഞാന്‍ എഴുതാനിരിക്കുന്നത്. ഇന്ന് തനിക് എന്ത് പറ്റി ??  അറിയില്ല ഒന്നും അറിയില്ല... 42 വര്‍ഷത്തെ ഏകാന്ത വാസം.. അതൊരിക്കലും തനിക്ക് വിരസത സമ്മാനിച്ചിട്ടില്ല. സമൂഹത്തിന്‍റെ  പല തരത്തില്‍ ഉള്ള ചോദ്യങ്ങള്‍ക്ക് മുന്നിലും പതറാതെ മുന്നോട്ട് പോയിട്ടേ ഉള്ളു ഇത് വരെ.
             സ്വപ്നങ്ങളെ മനപൂര്‍വം മസ്തിഷ്കം എന്നില്‍ നിന്ന് മറച്ചു വെയ്ക്കുകയായിരുന്നോ അതോ സ്വപ്‌നങ്ങള്‍ എന്നില്‍ നിന്ന് അകന്നു നില്കുകയായിരുന്നോ ഇത് വരെ ...അറിയില്ല.. തനിക്ക് ഒന്നും അറിയില്ല.. വീണ്ടും വര്‍ത്തമാന ലോകത്ത് നിന്നും മനസ് രക്ഷപെടാന്‍ വെമ്പല്‍ കൊള്ളുന്നത് കാണാമായിരുന്നു ... അതിനെ തടയാന്‍ അവന്‍റെ ബോധ മനസിന്‌ സാധിച്ചില്ല..
            ഒരു പഴയ കൊട്ടാര സദൃശ്യമായ വീട്.. ചക്രവാള സീമയില്‍ സൂര്യന്‍ കണ്ണാരം പൊത്തി കളിയ്ക്കാന്‍ തുടങ്ങിയ സമയം ആയിരുന്നു എങ്കിലും സാമാന്യം നല്ല ഇരുട്ട് ആ പ്രദേശമാകെ പടര്‍ന്നിരുന്നു.. അവിടെയ്ക്ക് എത്താന്‍ വളരെ അധികം വൈകി പോയി എന്ന് രാജീവിന്‍റെ വരവ് കണ്ടാല്‍ അറിയാം. ശേഖരേട്ടാ.. പൊയ്ക്കൊള്..ഞാന്‍ കുറച്ചു വൈകി പോയി... ഏണി ചാരി വെച്ച് അവന്‍ മുകളിലേക്ക് കയറി  ലൈറ്റ് ഓണ്‍ ചെയ്തു.. മിന്നാമിനുങ്ങിന്റെ വെട്ടം പോലെ ബള്‍ബ്‌ തെളിഞ്ഞു.. അതിലൂടെ ഒരു വലിയ പാമ്പ്‌ ഇഴഞ്ഞു നീങ്ങി.. അവന്‍ കുറച്ചു നേരം അവിടെയാകെ എന്തോ തിരയുന്നതുപോലെ നടന്നു.. സമയം അതിവേഗം മുന്നോട്ട് പോയ്ക്കൊണ്ടെയിരുന്നു.. അവന്‍ അവിടെ കിടന്ന ഒരു കട്ടിലിലേക്ക് കിടന്നു.. വളരെ വിചിത്രമായ കട്ടില്‍.. അതിനു കാലുകള്‍ ഇല്ലായിരുന്നു ..നിദ്രയുടെ ഏതോ തലത്തില്‍ അവന്‍ ഒരു പെണ്ണുമായി സല്ലപിക്കുന്നത് കാണാമായിരുന്നു ... വിചിത്രം എന്ന് പറയട്ടെ ..അവള്‍ക് മുഖം ഇല്ലായിരുന്നു.. നല്ല ഇടതൂര്‍ന്നു  നില്‍ക്കുന്ന , നിതമ്പം മറയ്ക്കുന്ന തലമുടി അവളുടെ അഴക് കൂട്ടി.. ഒരു നേര്‍ത്ത മുണ്ട് മാത്രമേ അവള്‍ ധരിച്ചിട്ടുള്ളൂ.. അതുകൊണ്ട് തന്നെ അവളുടെ അംഗ ലാവണ്യം അവനു ശെരിക്കും നുകരമായിരുന്നു.. മാറിടം നിറഞ്ഞു നില്‍ക്കുന്ന അവളുടെ കൊങ്കകള്‍ അവളുടെ സൌന്ദര്യത്തെ അനുപമാമാക്കി .അവളുടെ ഒതുങ്ങിയ അരക്കെട്ടും എല്ലാം കൂടി ഒരു വെണ്ണക്കല്‍ ശില്‍പം പോലെ.. രാജീവിന് അതുവരെ അവന്‍ കാത്തു സൂക്ഷിച്ച ബ്രഹ്മ ചര്യം കൈ വിട്ടു ... തന്‍റെ ലിംഗ്തില്‍ നിന്ന് ചോര സ്ഖലിക്കാന്‍ തുടങ്ങിയത് കണ്ടു ഞെട്ടി എഴുന്നേറ്റു .. രാജീവിന് കുറച്ചു സമയം വേണ്ടി വന്നു യാഥാര്‍ത്ഥ്യ ലോകത്തേയ്ക്ക് തിരിച്ചെത്താന്‍. .. ഞാന്‍ എന്താണ് കണ്ടത്.. ?? ഞാന്‍ തന്നെ ആണോ ഇത്തരം ഒരു സ്വപ്നം കണ്ടത്?? വളരെ പൈങ്കിളി ആയിട്ടുള്ള ഇത്തരം ഒരു സ്വപ്നം !!!!!! എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുന്നു.. എന്റെ മനസിന്റെ ഏതോ കോണില്‍ ഉറങ്ങി കിടന്ന വികാരം തന്നെ ആണോ ഇത് ?? അവനു അവനെ തന്നെ മനസിലാകുന്നില്ല.. അന്ന് ജീവിതത്തില്‍ ആദ്യമായിട്ട് വിവാഹം കഴിക്കണം എന്ന തോന്നല്‍ അവന്‍റെ മനസ്സില്‍ ഉണ്ടായിരിക്കുന്നു...തന്നെ തനിക് നഷ്ടപ്പെടുന്നു ...രാജീവ്‌ മരിക്കാന്‍ തുടങ്ങിയിരിക്കുന്നു.. ഈ 42 വര്‍ഷക്കാലം ജീവിതത്തില്‍ എല്ലാവരും ഉണ്ടായിരുന്നു.. ബാകിയുള്ള ജീവിതം എനിക്ക് വേണ്ടി മാത്രം എന്റേതായ രീതിയില്‍ ജീവിക്കാന്‍ ആഗ്രഹിച്ചിട്ട് ....കെട്ടുപാടുകകള്‍ ഇല്ലാത്ത ഏകാന്തമായ ജീവിതം ആഗ്രഹിച്ചിട്ട് ....എനിക്ക് എന്നെ നഷ്ടപ്പെടുകയാണല്ലോ എന്നോര്‍ത് വീണ്ടും രാജിവ് ആ ചാര് കസേരയിലേക്ക് നിര്‍വികാരനായി കിടന്നു....

Saturday, January 21, 2012

                                                      തേന്‍ കിനിയും യാത്ര 
വളരെ ശാന്തമായ ഒരു കടല്‍ തീരം. തിരമാലകളുടെ സംഗീതത്തിനൊപ്പം ഇളം കാറ്റിന്‍റെ മധുര സംഗീതവും ഇഴ ചേര്‍ന്നുള്ള ആരെയും ഒരു കവി ആകാന്‍ കൊതിപ്പിക്കുന്ന അന്തരീക്ഷം. കടല്‍ തീരത്ത് ഒരു വശത്തായി ക്രമീകരിച്ചിരിക്കുന്ന ഒരു ചാരു ബെഞ്ചില്‍ രാജിവ് കടലിനു അഭിമുഖമായി അലസമായ ശരീര ഭാഷയില്‍ ഇരിക്കുന്നു. വിഷാദമായ മുഖഭാവം ,നിഗൂഡ ഭാവം ആ കണ്ണുകളില്‍ കാണാം. കാറ്റിന്‍റെ സംഗീതത്തില്‍ അവന്റെ തലമുടികള്‍ നൃത്തം വെച്ചുകൊണ്ടെയിരുന്നു. ചക്രവാള സീമയില്‍ സൂര്യന്‍ കടലിനെ ചുംബിക്കാന്‍ വെമ്പുന്നത് കാണാം. 
പൊടുന്നനെ കടലിനെ നിരാശപ്പെടുത്തി കൊണ്ട് കാര്‍മേഘ  പടലങ്ങള്‍ സൂര്യനെ വിഴുങ്ങി.. മഴയുടെ നേര്‍ത്ത നൂലിഴകള്‍ ഭൂമിയില്‍ ചിത്രങ്ങള്‍ വരയ്ക്കാന്‍ തുടങ്ങി. രാജീവിന്റെ ശരീരത്തെ മഴ പല തവണ തഴുകിയിട്ടും അവന്‍റെ ദുഃഖത്തിന്‍റെ വേലിയേറ്റത്തിനു കുറവൊന്നും സംഭവിച്ചില്ല . മഴയുടെ വഴക്ക് പറച്ചലില്‍ അവനു അവിടെ നിന്നും എഴുനേല്‍ക്കാതെ തരമില്ലായിരുന്നു . മഴത്തുള്ളികള്‍ അവന്‍റെ ചുണ്ടുകളില്‍ നൃത്ത ചുവടുകള്‍ വെച്ച് തുടങ്ങിയപ്പോള്‍ അവനറിയാതെ തന്നെ ഓര്‍മയുടെ മണിച്ചെപ്പ്‌ തുറന്നു ......
ഇളം മഞ്ഞ നിറത്തില്‍ ഉള്ള സാരിയും ചുവപ്പ് ബ്ലൌസും ധരിച്ച ഒരു യുവതി. അവളുടെ അഴിഞ്ഞ തലമുടി അവളുടെ നിതംബത്തെ മറയ്ക്കുന്നുണ്ട് . അവളുടെ മുഖം കാണാന്‍ വയ്യ . കാരണം രാജിവിന്‍റെ മാറിടത്തില്‍ തല ചായ്ച് അവള്‍  നില്‍ക്കുകയാണ്. പ്രീതയുടെ മുഖത്തിന്‌ വല്ലാത്തൊരു വശ്യത ഉണ്ടായിരുന്നു. തങ്ങളുടെ ആദ്യ സമാഗമത്തില്‍ തന്നെ ഒരേ തൂവല്‍ പക്ഷികളെ പോലെ അനുഭൂതിയുടെ ഏതോ ലോകത്ത് ഭാരമില്ലാത്ത പഞ്ഞിക്കെട്ടുകള്‍ പോലെ ഒഴുകി നടന്നു.. അത് എത്ര നേരം എന്ന് അവര്‍ക്കറിയില്ല....
ഫേസ് ബൂകിലൂടെ വളര്‍ന്ന സൗഹൃദം ഇപ്പോള്‍  പ്രണയത്തിന്‍റെ അനുഭൂതിയിലൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നു. പ്രണയത്തിന്‍റെ കിളി വാതില്‍ അവര്‍ പോലുമറിയാതെ അവര്‍ക്ക് മുന്നില്‍ തുറക്കപ്പെട്ടപ്പോള്‍ പിണക്കങ്ങളും പരിഭവങ്ങളും അവര്‍ക്കിടയില്‍ കൂടി കൊണ്ടിരുന്നു.. അവര്‍ക്കിടയിലെ ദൂരം ഇല്ലതായിക്കൊണ്ടിരിന്നു.. അവരുടെ ഫോണ്‍ സംഭാഷണങ്ങള്‍ മിക്കവാറും പരിഭവം പറച്ചിലുകളും അതില്‍ നിന്നുണ്ടാകുന്ന ദേഷ്യവും വഴക്കുമൊക്കെ നിറഞ്ഞതായിരുന്നു.. വളരെ അപൂര്‍വ്വം ആയിട്ട് മാത്രമേ മധുരമായി സംസാരിച്ചിരുന്നുള്ളൂ.. എങ്കിലും അവര്‍ക്ക് ഒരിക്കലും വേര്‍പിരിയാനാവില്ല എന്ന് അനുനിമിഷം മനസിലായിക്കൊണ്ടിരുന്നു.. ഇത്തരം ചെറിയ പിണക്കങ്ങളും പരിഭവങ്ങളും അതിനു ശേഷമുള്ള ഇണക്കങ്ങളും അവരുടെ ബന്ധത്തിന് ശക്തമായ ഊടും പാവുമായി. 
ആദ്യ സമാഗമത്തിന് ശേഷം അവര്‍ വീണ്ടും പല തവണ കണ്ടുമുട്ടുകയുണ്ടായി. നേരില്‍ കാണുമ്പോള്‍ അവരുടെ പരിഭവങ്ങള്‍ സൂര്യ താപം ഏറ്റ മഞ്ഞു പോലെ അലിഞ്ഞില്ലതവുമായിരുന്നു . അവര്‍ തമ്മില്‍ കാണുന്ന സന്ദര്‍ഭങ്ങളില്‍ വാക്കുകള്‍ പലപ്പോഴും പുറത്തേയ്ക്ക് വരാന്‍ മടിച്ചിരുന്നു. വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന മഞ്ഞു കണങ്ങള്‍ പോലെ അവര്‍ പ്രണയത്തിന്‍റെ നദിയില്‍ ഒഴുകി നടന്നിരുന്നു...
വളരെ പോസ്സെസ്സിവ് ആയ മനസിന്റെ ഉടമയാണ് രാജീവ്‌.. അത് തന്നെ ആണ് അവരുടെ പിണക്കങ്ങള്‍ക്ക് പ്രധാന കാരണവും.. പ്രീത രാജീവിന്റെ ഹൃദയ താളവും ശ്വാസവും ആണ്. അത്രയ്ക്കും അവന്‍ പ്രീതയെ ഭ്രാന്തമായി പ്രണയിക്കുന്നു. ഇത് പ്രീതയ്ക്കും നന്നായി അറിയാം. പക്ഷെ പലപ്പോഴും പ്രീത മനസ്സില്‍ പോലും കരുതാത്ത കാര്യങ്ങള്‍ അവന്‍ സ്വയം ചിന്തിച്ചു കൂട്ടുകയും പ്രീതയെ വേദനിപ്പിക്കുകയും ചെയ്തു കൊണ്ടിരുന്നു. എന്നിട്ടും ഒരിക്കല്‍ പോലും അവനോട വെറുപ്പോ സ്ഥായി ആയ ദേഷ്യമോ തോന്നിയിടില്ല.. അവള്‍ക്കറിയാം രാജീവന് തന്നെ ജീവന്‍ ആണെന്ന്.. ദിവസങ്ങള്‍ കഴിയും തോറും അവന്‍റെ പോസ്സെസ്സിവ്നെസ് 
കൂടുന്നതല്ലാതെ കുറയുന്നില്ല. . അവനു എപ്പോഴും പേടിയും സംശയവുമാണ്  തനിക് അവളെ നഷ്ടപ്പെടുമോ ?? അവള്‍ എന്നെക്കാളും കൂടുതലായി വേറെ ആരെയെങ്കിലും ആണോ പ്രണയിക്കുന്നത് ?? ഇത്തരത്തില്‍ ഉള്ള ചോദ്യങ്ങള്‍ അവനെ ഇപ്പോഴും അലോസരപ്പെടുത്തി കൊണ്ടിരുന്നു. അവനു തന്‍റെ മനസ് തന്നില്‍ നിന്ന് നഷ്ടപ്പെടുന്നത് ചിലപ്പോഴെങ്കിലും തിരിച്ചരിയുന്നുണ്ടെങ്കിലും പ്രണയാതുരമായ അവന്‍റെ മനസിന്‍റെ ഭാഗം അവനെ കീഴ്പ്പെടുതിക്കൊണ്ടിരുന്നു. പ്രീതയ്ക്ക് എന്ത് ചെയ്യണമെന്നോ എങ്ങനെ അവനെ ബോധ്യപ്പെടുത്തണമെന്നോ അറിയില്ല. അവളുടെ മനസ് നീറി ക്കൊണ്ടിരിക്കുമ്പോഴും അവള്‍ അവളെ തന്നെ പഴി പറഞ്ഞു കൊണ്ടിരുന്നു . രാജീവിനെ തൃപ്തി പ്പെടുത്താന്‍ തനിക് ആവുന്നില്ലലോ എന്നോര്‍ത് അവളുടെ സംഘര്‍ഷ ഭരിതമായ മനസ് വീണ്ടും ബാഹ്യ കവചതിനുള്ളിലേക്ക് പൊയ്ക്കൊണ്ടിരുന്നു.....